
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്‍റെ വാദങ്ങൾക്ക് നിയമസഭയിൽ അക്കമിട്ട് മറുപടി നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. വിഴിഞ്ഞം പദ്ധതി ആരംഭിച്ചത് വിഎസ് സർക്കാരിന്റെ കാലത്താണ്. ഇച്ഛാശക്തിയുള്ള ഇടതുസർക്കാരാണ് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഏട്ടിലെ പശു പുല്ല് തിന്നില്ലെന്നതാണ് ഇവിടുത്തെ യുഡിഎഫിന്‍റെ സ്ഥിതിയെന്ന് മന്ത്രി ബാലഗോപാൽ പരിഹസിച്ചു. പശു പുല്ല് തിന്നണമെങ്കിൽ അതിനായി കൊണ്ടുപോകണം. അതിന് തന്‍റേടം വേണം. തന്‍റേടമുള്ള ഒരു സർക്കാർ ഇവിടെയുള്ളതുകൊണ്ടാണ് വിഴിഞ്ഞം പദ്ധതി നടപ്പായത്.
വിഴിഞ്ഞം ഞങ്ങടെ കുഞ്ഞാണെന്നാ പ്രതിപക്ഷം പറഞ്ഞത്. ഈ പദ്ധതിക്കുവേണ്ടി ആദ്യം രംഗത്തെത്തിയത് വിഎസ് അച്യുതാനന്ദൻ സർക്കാരായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. അന്ന് താൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. അന്നത്തെ യുപിഎ സർക്കാരിലെ പ്രധാനമന്ത്രിയെ കണ്ട് വിഴിഞ്ഞം പദ്ധതിക്കുവേണ്ടി നിരവധി തവണ ആവശ്യം ഉന്നയിച്ചതും ധനമന്ത്രി എടുത്തു പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെ എതിർത്ത് യൂത്ത് കോൺഗ്രസുകാർ സമരം നടത്തിയ കാര്യവും മന്ത്രി സഭയിൽ ഓർമിപ്പിച്ചു. ആ ചരിത്രമൊന്നും മറക്കരുതെന്നും മന്ത്രി പറഞ്ഞു. ടെൻഡർ ചെയ്തിട്ടും ആ പദ്ധതി തുടങ്ങാൻ സാധിച്ചില്ല. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തിനുള്ള 5500 കോടി രൂപ ചെലവഴിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഗവൺമെന്‍റ് തരണ്ട 850 കോടി തരാത്തതിൽ നിങ്ങൾക്ക് വല്ല വേദനയുമുണ്ടോ? കോവളം എംഎൽഎയ്ക്ക് വല്ല വേദനയും തോന്നിയോയെന്നും ധനമന്ത്രി ചോദിച്ചു. ഇതോടെ ഉത്തരംമുട്ടിയ പ്രതിപക്ഷം ധനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച് രംഗത്തെത്തുകയായിരുന്നു. ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പിലായാൽ യുഡിഎഫിന്റെ സ്ഥിതി നരകതുല്യമായിരിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള ബജറ്റിനെ വിമര്‍ശിച്ച പ്രതിപക്ഷം കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ ? കേന്ദ്രം കേരളത്തിന് അർഹമായ വിഹിതം തരുന്നില്ല.ഇത് പറയാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറാകേണ്ടേയെന്നും മന്ത്രി ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here