
സമാദരണീയനായ ചരിത്ര പണ്ഡിതനും സാംസ്കാരിക നായകനുമായിരുന്ന ഡോ. കെ എൻ പണിക്കരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എ വിജയരാഘവൻ. കാവിവൽക്കരണത്തിനും തീവ്ര ഹിന്ദുത്വത്തിനും എതിരായ നാടിന്റെ പോരാട്ടത്തിൽ ഏറ്റവും കരുത്തുറ്റ ശബ്ദങ്ങളിൽ ഒന്നായിരുന്നു ഡോ. കെ എൻ പണിക്കരുടേത്. ഹിന്ദുത്വശക്തികൾ നാട് പിടിച്ചെടുക്കാൻ നടത്തിയ തീവ്രവർഗീയവൽക്കരണത്തിന്റെ ആസുരതയെ അദ്ദേഹം സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടി. പുസ്തകങ്ങളും പ്രസംഗങ്ങളും ഔദ്യോഗിക ഇടപെടലുകളും എല്ലാം തന്റെ പ്രത്യയശാസ്ത്രമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ളവയായിരുന്നു. അതുകൊണ്ടുതന്നെ തീവ്രഹിന്ദുത്വത്തിന്റെ വക്താക്കൾ അവരുടെ മുഖ്യപ്രതിയോഗികളിൽ ഒരാളായാണ് അദ്ദേഹത്തെ കണ്ടത്. അത് അദ്ദേഹത്തിന്റെ ബൗദ്ധിക ഔന്നത്യത്തിന്റെ അടയാളമായി.
ചരിത്രകാരനും ഗവേഷകനും ആയിരിക്കെത്തന്നെ അദ്ദേഹം സാംസ്കാരിക വിഷയങ്ങളെയും തികഞ്ഞ മൗലികതയോടെ സമീപിച്ചു. ദീർഘകാലം ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായിരുന്നു. കേരള ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷൻ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് അധ്യക്ഷൻ, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കേരള ചരിത്ര കോൺഗ്രസിന്റെ സ്ഥാപക അധ്യക്ഷനുമായിരുന്നു.
ജനസംസ്‌കൃതിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. ദശാബ്ദങ്ങളോളം കേരളത്തിന് പുറത്ത് താമസിച്ചിട്ടും ഈ നാടിന്റെ വേഗതയുള്ള മാറ്റങ്ങളെ അദ്ദേഹം സൂക്ഷ്മതലത്തിൽ പഠിക്കുകയുണ്ടായി. വലതുപക്ഷ പ്രതിലോമതയുടെ ആപത്തിനോട് പൊരുതാൻ കൃത്യമായ ഉൽക്കാഴ്ച നൽകിയ ഒരു മഹാപണ്ഡിതന്റെ വിയോഗം നമുക്ക് വലിയ നഷ്ടമാണ്. അദ്ദേഹം തുറന്നുവച്ച അപഗ്രഥനവഴികൾ സാമൂഹ്യമാറ്റത്തിനായുള്ള പ്രായോഗിക രാഷ്ട്രീയ പ്രവർത്തനത്തിന് കരുത്തുപകരും. പണിക്കർ മാഷിന്റെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

