
തീവണ്ടിയില്‍ യാത്ര ചെയ്യാത്തവര്‍ വളരെ ചുരുക്കമായിരിക്കും. സുഖസൗകര്യമായി യാത്ര ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഏവരുടെയും പ്രിയപ്പെട്ട യാത്രാമാര്‍ഗം കൂടിയാണ് തീവണ്ടി. റോഡ് മാര്‍ഗമുള്ള യാത്രയെ അപേക്ഷിച്ച് വളരെ സുഖമായി തീവണ്ടിയില്‍ യാത്ര ചെയ്യാനാകും. സാധാരണ തീവണ്ടികളില്‍നിന്ന് വ്യത്യസ്തമായി യാത്രികരുടെ മനം കവരുന്നതും കൗതുകമുണര്‍ത്തുന്നതുമാണ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയിരിക്കുന്ന ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍. മികച്ച യാത്രാനുഭവമാണ് ഇവ സമ്മാനിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് ഒന്നിലധികം റൂട്ടുകളില്‍ ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ട്. അവ ഏതൊക്കെയെന്ന് അറിയാം.
- മുംബൈ-അഹമ്മദാബാദ് ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
ഡബിള്‍ ഡക്കര്‍ തീവണ്ടികളില്‍ ഏറെ ജനപ്രിയ സര്‍വീസാണ് മുംബൈ-അഹമ്മദാബാദ് ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ സര്‍വീസില്‍ പ്രധാനമായി ബിസിനസുകാരാണ് യാത്രക്കാര്‍. ശീതികരിച്ച ചെയര്‍ കാര്‍ സീറ്റിങ്ങും വലിയ ജനലുകളുമുള്ള ഈ തീവണ്ടി മികച്ച യാത്രാനുഭവമാണ് നല്‍കുന്നത്. മുംബൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന ഈ തീവണ്ടി തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് സര്‍വീസ് നടത്തുന്നത്. ഏഴു മണിക്കൂര്‍ 10 മിനിട്ട് ദൈര്‍ഘ്യമുള്ള യാത്രയില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭൂപ്രകൃതിയുടെ മനോഹരമായ കാഴ്ചയാണ് യാത്രക്കാര്‍ക്ക് സമ്മാനിക്കുക.
- ഡല്‍ഹി-ജയ്പൂര്‍ ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
രാജ്യതലസ്ഥാനത്തെയും രാജസ്ഥാന്റെ തലസ്ഥാനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസാണ് ഡല്‍ഹി-ജയ്പൂര്‍ എ.സി ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്. ഏറെ ജനപ്രിയമായ ഈ റൂട്ടില്‍ വിനോദസഞ്ചാരികളാണ് കൂടുതലും. താരതമ്യേനെ കുറഞ്ഞ യാത്രാദൈര്‍ഘ്യമാണെങ്കിലും ഉത്തരേന്ത്യന്‍ കാഴ്ചകള്‍ ആസ്വദിക്കാം. ആഴ്ചയവസാനങ്ങളിലും അവധിക്കാലത്തും വന്‍ തിരക്കാണ് ഈ തീവണ്ടിയില്‍ അനുഭവപ്പെടുക. ഡല്‍ഹിയിലെ സരായി രോഹില സ്റ്റേഷനില്‍നിന്ന് ആഴ്ചയിലെ എല്ലാ ദിവസവും ഈ തീവണ്ടി സര്‍വീസ് നടത്തും. നാലു മണിക്കൂര്‍ 30 മിനിട്ടാണ് യാത്രാദൈര്‍ഖ്യം.
- ചെന്നൈ-ബെംഗളൂരു ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഡബിള്‍ ഡക്കര്‍ തീവണ്ടിയാണ് ചെന്നൈ-ബെംഗളൂരു ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്. പ്രൊഫഷണലുകളും വിദ്യാര്‍ഥികളുമാണ് ഈ തീവണ്ടിയെ കൂടുതലായി ആശ്രയിക്കുന്നത്. തിരക്ക് കൂടുതലായതിനാല്‍ ടിക്കറ്റുകള്‍ പലപ്പോഴും നേരത്തെ തീരും. ദക്ഷിണേന്ത്യയിലെ പ്രധാന മെട്രോ സിറ്റികളായ ബെംഗളൂരുവിലും ചെന്നൈയ്ക്കും ഇടയില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് വ്യത്യസ്തമായ യാത്രാനുഭവമാണ് ഈ ഡബിള്‍ ഡക്കര്‍ തീവണ്ടി സമ്മാനിക്കുക. ബെംഗളൂരു സിറ്റി ജംങ്ഷനില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് ഈ തീവണ്ടിക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസുണ്ട്.
- വിശാഖപട്ടണം-വിജയവാഡ ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
ഇന്ത്യയുടെ കിഴക്കന്‍ തീരദേശ മേഖലയുടെ കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാന്‍ പറ്റിയ തീവണ്ടിയാണ് വിശാഖപട്ടണം-വിജയവാഡ എ.സി. ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്. ആന്ധ്രാപ്രദേശിലെ രണ്ടു പ്രധാന നഗരങ്ങളായ വിശാഖപട്ടണം-വിജയവാഡ എന്നിവിടങ്ങളെയാണ് ഈ സര്‍വീസ് ബന്ധിപ്പിക്കുന്നത്. അഞ്ചു മണിക്കൂര്‍ 30 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ സര്‍വീസ് ആഴ്ചയില്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ്.
- ഹൗറ-ധന്‍ബാദ് ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
രാജ്യത്തെ ആദ്യ എല്‍.എച്ച്.ബി എ.സി ഡബിള്‍ ഡക്കര്‍ തീവണ്ടിയാണ് ഹൗറ-ധന്‍ബാദ് എക്‌സ്പ്രസ്. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയെയും ജാര്‍ഖണ്ഡിലെ പ്രധാന നഗരമായ ധന്‍ബാദിനെയുമാണ് ഈ സര്‍വീസ് ബന്ധിപ്പിക്കുന്നത്. പ്രധാനമായി ബിസിനസുകാര്‍ ആശ്രയിച്ചിരുന്ന ഈ തീവണ്ടി യാത്രക്കാരുടെ ഗണ്യമായ കുറവ് കാരണം 2015ന്റെ തുടക്കത്തില്‍ ഔദ്യോഗികമായി സര്‍വീസ് അവസാനിപ്പിച്ചു. നിലവില്‍ പ്രത്യേക സര്‍വീസ് ആയാണ് ഈ തീവണ്ടി ഓടുന്നത്.
Also read: സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന കുഞ്ഞൻ ഇവിയുമായി വിൻഫാസ്റ്റ്
വരുമോ കൂടുതല്‍ ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍
അനുയോജ്യമായ ഉയരമുള്ള പ്ലാറ്റ്‌ഫോമുകള്‍, റെയില്‍പാളങ്ങള്‍ തുടങ്ങിയവ അടക്കം പ്രത്യേക അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമുള്ളവയാണ് ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍. സാധാരണ തീവണ്ടികള്‍ സര്‍വീസ് നടത്തുന്ന എല്ലാ പാതകളിലും ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ക്ക് ഓടാന്‍ സാധിക്കില്ല. നിലവില്‍ എല്ലാ പാതകളിലും ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ല. അതിനാല്‍ പ്രത്യേകം തിരഞ്ഞെടുത്ത റൂട്ടുകളിലാണ് ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

