കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ മർദ്ദിച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ

ബ്രഹ്മപുരം വിഷയത്തില്‍ ഉപരോധ സമരത്തിനിടെ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെയും ജീവനക്കാരെയും മർദ്ദിച്ച സംഭവത്തിൽ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, എറണാകുളം നിയോജക മണ്ഡലം പ്രസിഡന്‍റ് സിജോ ജോസഫ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, എറണാകുളം നിയോജക മണ്ഡലം പ്രസിഡന്‍റ് സിജോ ജോസഫ് എന്നിവരെയാണ് സെൻട്രൽ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. നേരത്തേ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജെറി ജെസ്സി, ലാൽ വർഗീസ്, റോഷൻ എന്നിവരെ പിടികൂടിയിരുന്നു. ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ യുഡിഎഫ് നടത്തിയ അക്രമസംഭവങ്ങളില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങളുടെ സഹായത്തോടെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിവിലാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും പ്രകോപന പ്രസംഗം നടത്തിയതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ടത്. കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൽ കബീറിനും പത്തോളം ജീവനക്കാര്‍ക്കുമാണ് അന്ന് മര്‍ദ്ദനമേറ്റത്. മുഹമ്മദ് ഷിയാസ് അടക്കം 500ലധികം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here