
കൊച്ചിയിൽ മദ്യലഹരിയിൽ പോലീസുകാർക്കു നേരെ യുവാക്കളുടെ ആക്രമണം. ഇന്നലെ രാത്രി തൃക്കാക്കര മരോട്ടിച്ചുവടിലാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ ട്രാഫിക് സി ഐ യുടെ കൈക്ക് പൊട്ടലുണ്ട്. പ്രതികളായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തൃക്കാക്കര മരോട്ടിച്ചുവട് ഉണ്ണിച്ചിറയിൽ അർധരാത്രി കഴിഞ്ഞാണ് സംഭവം ഉണ്ടായത്. കൊച്ചി നഗരത്തിലെ പ്രമുഖ മാളിലെ സെക്യൂരിറ്റി ജീവനക്കാരായ യുവാക്കളാണ് അക്രമം നടത്തിയത്. മരോട്ടിചുവടിലുള്ള ബിസ്മി ഗാർഡൻ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന അഞ്ചുപേർ മദ്യലഹരിയിൽ തർക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നതായി പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചു. തൃക്കാക്കരയിൽ നിന്നും രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. സംഘം പൊലീസിന് നേരെ തിരിഞ്ഞതോടെ പിന്നീട് ട്രാഫിക് ഈസ്റ്റ് Cl ഉദയകുമാർ ഉൾപ്പെടെ സ്ഥലത്ത് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചു. യുവാക്കൾ നടത്തിയ പിടിവലിയിൽ CI ഉദയകുമാറിൻ്റെ കൈ വിരലിന് പൊട്ടലുണ്ടായി.
സംഭവത്തിൽ സ്മാർട്ട് സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശി അക്ഷയ്, കൊല്ലം സ്വദേശി ജിനീഷ്, തിരുവനന്തപുരം സ്വദേശികളായ അജ്മൽ, അൽത്താഫ്, പാലക്കാട നെന്മാറ സ്വദേശി ഷംസുദ്ധീൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസിന് നേരെ യുവാക്കൾ നടത്തിയ പരാക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

