
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദിനെ കോൺഗ്രസ് പ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി. ജില്ലാ പ്രസിഡന്റിന്റെ കുടുംബത്തിന് പോലും സംരക്ഷണം ഒരുക്കാൻ തയ്യാറാകാത്ത ബിജെപിയിൽ തുടരുന്നത് ആത്മഹത്യാപരമാണ്. രാജി പ്രസാദിന്റെ മകനെ ആക്രമിച്ച ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് ആർഎസ്എസ് ബിജെപി നേതൃത്വത്തിനുള്ളത്, ബിജെപിയിൽ നിലനിൽക്കുന്ന ജാതിവെറിയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രാജി പ്രസാദിന്റെ മകനെ ആർ.എസ്.എസ് പ്രവർത്തകർ സംഘം ചേർന്ന് മൃഗീയമായി മർദിച്ച സംഭവം അത്യന്തം ഗൗരവമുള്ളതാണ്. എന്നാൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ആർ.എസ്.എസ്–ബിജെപി പൊലീസുമായി ചേർന്ന് നേതൃത്വം കൈക്കൊണ്ടത് എന്നത് കൂടുതൽ ഗുരുതരമായ വിഷയമാണെന്നും എം.പി. ആരോപിച്ചു. സ്വന്തം ജില്ലാ അധ്യക്ഷയുടെ കുടുംബത്തെ പോലും സംരക്ഷിക്കാൻ തയാറാകാത്ത നേതൃത്വം, പൊതുസമൂഹത്തിന്റെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത് വെറും നാടകമാണെന്നും അദ്ദേഹം വിമർശിച്ചു.
Also read:‘അമ്മേ എന്നെ ഇന്ന് അയാൾ കൊല്ലും എനിക്കിനി സമയമില്ല’;ഹരിയാനയിൽ നിന്ന് മകൾ കരഞ്ഞ് പറഞ്ഞതോർത്ത് അമ്മ
പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളിൽ കർശന നിയമങ്ങൾ നിലവിലുണ്ടായിരിക്കെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ കാണുന്ന അനാവശ്യമായ മന്ദഗതിയും സംരക്ഷണപരമായ സമീപനവും ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയത്തെ വെളിവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദികളിൽ പട്ടികജാതി സംരക്ഷണത്തെക്കുറിച്ച് മാത്രം പ്രയോഗിക്കുന്ന ബിജെപി, സ്വന്തം പാർട്ടിക്കുള്ളിൽ പോലും പട്ടികജാതിക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമല്ല, സാമൂഹികനീതിയോടുള്ള അവഗണനയുടെ പ്രതിഫലനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also read: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കിഷ്ത്വാറിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ഭീഷണിയും അക്രമവും അടിസ്ഥാനമാക്കിയ രാഷ്ട്രീയ സംസ്കാരമാണ് ബിജെപി–ആർ.എസ്.എസ് മുന്നോട്ടുവയ്ക്കുന്നതെന്നും, അതിന് വിപരീതമായി സമത്വവും സഹിഷ്ണുതയും ഭരണഘടനാപരമായ അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്നതെന്നും എം.പി. പറഞ്ഞു.
അക്രമരാഷ്ട്രീയത്തേയും അധികാര ദുരുപയോഗത്തേയും എതിർക്കുന്നവർക്ക് കോൺഗ്രസ് ഒരു വിശ്വസനീയമായ പകരമെന്ന നിലയിൽ നിലകൊള്ളുന്നു. ജനാധിപത്യത്തേയും സാമൂഹ്യനീതിയേയും മാനിക്കുന്ന നിലപാട് സ്വീകരിക്കാൻ തയ്യാറുള്ള രാജി പ്രസാദിനെ കോൺഗ്രസിലേയ്ക്ക് ക്ഷണിക്കുന്നുവെന്നും, നീതിക്കും സമത്വത്തിനും വേണ്ടി നടക്കുന്ന പോരാട്ടത്തിൽ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

