കേരള വികസനത്തിന് തുരങ്കം വെച്ച് കൊടിക്കുന്നിലും ടിഎൻ പ്രതാപനും

സംസ്ഥാന വികസനത്തിന് ഇടംകോലിട്ട് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ. എൻ എച്ച് 66 ദേശീയ പാതയുടെ വീതി കൂട്ടുന്നതിനെതിരെ ടി എൻ പ്രതാപൻ എംപിയും തിരുവനന്തപുരം അങ്കമാലി എംസി റോഡിന് സമാന്തരമായി നാലുവരി ഗ്രീൻഫീൽഡ് പാത നിർമ്മിക്കുന്നതിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപിയും കേന്ദ്രത്തിന് കത്ത് നൽകി. അനാവശ്യമായ വികസനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കത്ത് നൽകിയത്.

സംസ്ഥാന റോഡ് ഗതാഗതത്തിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കൈകൊണ്ട് വികസനപാതയിലൂടെ കേരളം മുന്നേറുമ്പോഴാണ് ഇതിന് തടസം സൃഷ്ടിക്കാൻ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ശ്രമിക്കുന്നത്. എൻ എച്ച് 66 ദേശീയ പാതയുടെ വികസനത്തിന്റെ ഭാഗമായി വീതി കൂട്ടുന്നത് ശരിയായ നടപടിയല്ല. 45 മീറ്റർ വീതിക്ക് പകരം 30 മീറ്ററിന്റെ ആവശ്യമേയുള്ളൂ എന്നും പദ്ധതി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി കേന്ദ്രത്തിന് കത്ത് നൽകി.സമാനമായ രീതിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും കേന്ദ്രത്തെ സമീപിച്ചു.

തിരുവനന്തപുരം മുതൽ അങ്കമാലി വരെ എംസി റോഡിനു സാമാന്തരമായി നാലുവരി ഗ്രീൻഫീൽഡ് പാത നിർമ്മിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ കേന്ദ്രം ഇടപെടണമെന്നും നിലവിലെ എംസി റോഡിന് സമാന്തരമായി മറ്റൊരു നാലുവരി പാത നിർമ്മിക്കുന്നത് അശാസ്ത്രീയവും സാമ്പത്തിക ധൂർത്തുമാണെന്നും ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ സമീപിച്ചു. സംസ്ഥാനത്തെ ഗതാഗത കുരുക്കിനും സുഗമമായ യാത്രയ്ക്കും ഏറെ സഹായകമാക്കുന്ന രണ്ടു പദ്ധതികൾക്കെതിരെയാണ് കോൺഗ്രസ് എംപിമാർ കേന്ദ്രത്തെ സമീപിച്ചത്.കേരളത്തിലെ വികസനത്തിന് എതിര് നിൽക്കുന്ന കേന്ദ്ര സമീപനത്തിന് ചുക്കാൻ പിടിക്കുക കൂടിയാണ് കോൺഗ്രസ് എംപിമാർ ചെയ്യുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News