
ഫാസിസം
നമ്മുടെ അയൽക്കാരനാണ്.
തൊട്ടടുത്തുള്ള
ഒരു തീപ്പൊരിയിലാണ്
നാമുള്ളത്.
പെട്ടെന്ന്
കത്തിത്തീരുന്ന
ദുരനുഭവം
അതിൻ്റെ തുടക്കമേയല്ല;
വളരെ പതുക്കെ
ചുട്ടുപൊള്ളലൊന്നുമില്ലാത്ത
മധുരം;
മധുരിച്ച് മധുരിച്ച്
അയൽക്കാരനു ചുറ്റും
അംഗബലം കൂടും.
എല്ലാം പച്ചയ്ക്കു വേവുന്ന ഇടം
തേൻ ഒരു തുള്ളിപോലും എങ്ങുമുണ്ടാകില്ല.
ചുടുരക്തവും മാസവും മാത്രം.
അംഗബലം കൂടി
അടിമകളുടെ വിയർപ്പും പട്ടിണിയും ഉത്സവം-
പേടിയുടെ മിടിപ്പ് താളം.
ശവങ്ങൾക്കുമേൽ കൊടിയേറ്റം.
വായ നാവിന് തടവറ-
പാൽപ്പുഞ്ചിരിയോടെ
പല്ലിൻ്റെ അഴികൾ.
ഒരെഴുത്തെങ്കിലും
ഒരുവരിക്കവിതയെങ്കിലും
നിൽക്കക്കള്ളിയില്ലാതെ ഒഴുകിയെത്തില്ല.
സഹികെട്ട്
അക്ഷരങ്ങൾ
ആത്മഹത്യ ചെയ്യുന്നതു കാണാം.
ജന്മമെടുത്തതിനെ
സ്വയം ചോദ്യംചെയ്യുന്ന
ഓരോ അക്ഷരവും
ആയുധമാക്കാത്തവരെ നോക്കി
കണ്ണു തുറിച്ചുകൊണ്ടുള്ള തൂങ്ങിനിൽപ്പ്.
രക്തം പാട്ടു നിർത്തും-
പുഴ
പറയുന്നതു മാത്രം കേട്ട്
വഴി ചോദിച്ചുകൊണ്ടിരിക്കും;
ഒഴുകാൻ ധൈര്യമില്ലാതെ
നിറഞ്ഞു വീർക്കും.
ഭൂമിയിൽനിന്ന്
ഒരു പക്ഷിയും മുകളിലേക്ക് പറക്കില്ല;
ചോദിക്കാതെ
തൊടില്ല- ഒരു ധാന്യമണിയും.
ആകാശത്തിൻ്റെ
വാടക കൊടുക്കാൻ
പക്ഷികൾ
പല ദേശത്തിലേക്കും
നാടുകടക്കുന്നു-
സ്തുതിയും സ്തോത്രവും ചൊല്ലി
പല വിത്തുകൾ കൊക്കിലാക്കി
തിരിച്ചെത്തുന്നു.
ഫാസിസം
പുതുധാന്യങ്ങൾ
വിളയിച്ച്
പുതുകാറ്റുകൾ സ്വദിച്ച്
വന്മരങ്ങളാകുന്നു.
പക്ഷികൾ ചേക്കേറുന്നു – പാടുന്നു.
നിസ്സംഗരായ
കൂലി എഴുത്തുകാരുടെ
കുട്ടികളാണ്
ഇന്ന് അക്ഷരങ്ങൾ;
പട്ടും വളയും കിട്ടുന്ന
രാജപാതയിലേക്ക്
ഗായകരും നർത്തകികളും
അവയെ കൈപിടിച്ചു കൊണ്ടുപോകുന്നു.
സ്വാതന്ത്ര്യത്തിൻ്റെ
മുഴക്കങ്ങൾക്കു വേണ്ടി
ആകാശത്തിലേക്കും
ഭൂമിയിലേക്കും
ഓടിത്തളർന്ന കുഞ്ഞുങ്ങൾ-
ആർക്കും പിടികൊടുക്കാതെ
അധികാരത്തെ
ഉറക്കം കെടുത്തിയ
വലിയ ചരിത്രങ്ങൾ
വീണ്ടും വീണ്ടും വായിക്കുന്ന
ഇടത്തേയ്ക്ക്
സായുധരായ സൈന്യങ്ങൾ
ഓടിപ്പോകുന്നതു കാണൂ-
ചരിത്രം ഇനി എങ്ങുമുണ്ടാകില്ല.
-ജയചന്ദ്രൻ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

