
അന്ത്യോദയ അന്നയോജന (എ എ വൈ) പദ്ധതിയിലെ ഭക്ഷ്യധാന്യ വിതരണം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെ കൊല്ലം ജില്ലയിലെ മഞ്ഞക്കാർഡ് ഉടമകളും റേഷൻ കടകളും കടുത്ത പ്രതിസന്ധിയിലേക്ക്. സൗജന്യ റേഷൻ കുറയുന്നതോടെ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ ഗുണഭോക്താക്കളുടെ ഭക്ഷ്യസുരക്ഷയും റേഷൻ വ്യാപാരികളുടെ വരുമാനവും ഒരുപോലെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. ജില്ലയിലെ അന്ത്യോദയ അന്നയോജന പദ്ധതിക്ക് കീഴിലുള്ള മഞ്ഞക്കാർഡുകാർക്കുള്ള ഭക്ഷ്യധാന്യ വിഹിതത്തിൽ കേന്ദ്രസർക്കാർ 6,707 ക്വിന്റൽ വെട്ടിക്കുറച്ചു.
നിലവിൽ പ്രതിമാസം വിതരണം ചെയ്യുന്ന 16,553 ക്വിന്റൽ ധാന്യം 9,846 ക്വിന്റലായി കുറയും. ഇതോടെ ജില്ലയിലെ 1,377 റേഷൻ വ്യാപാരികളുടെ കമ്മീഷൻ വരുമാനത്തിൽ പ്രതിമാസം ഏകദേശം 20 ലക്ഷം രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്ക്. നിലവിൽ ജില്ലയിൽ വ്യാപാരികൾക്ക് പ്രതിമാസം കമ്മീഷൻ ഏകദേശം മൂന്ന് കോടി രൂപ ലഭിക്കും.ജില്ലയിൽ 47,294 എ.എ.വൈ. കാർഡുകളിലായി 1,40,658 അംഗങ്ങളുണ്ട്. ഇതുവരെ ഓരോ കാർഡിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ 35 കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് ലഭിച്ചിരുന്നത്.
പുതിയ തീരുമാനപ്രകാരം ആളൊന്നിന് ഏഴ് കിലോയായി വിതരണം മാറും. ഇതോടെ രണ്ടംഗ കുടുംബത്തിന് ലഭിച്ചിരുന്ന 35 കിലോ സൗജന്യ റേഷൻ 14 കിലോയായി ചുരുങ്ങും. സൗജന്യ റേഷൻ കുറഞ്ഞാൽ ആവശ്യമായ അരിയും ഗോതമ്പും കൂടുതൽ വില നൽകി തുറന്ന വിപണിയിൽ നിന്ന് വാങ്ങാൻ ഗുണഭോക്താക്കൾ നിർബന്ധിതരാകും. അതെ സമയം കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ഈ തീരുമാനം ഏറെ ബാധിക്കുക മത്സ്യ മേഖലയെ ആയിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

