കൊല്ലങ്കോട് കാണാൻ ഇത്രയും സ്ഥലങ്ങളോ? വേഗം പൊയ്‌ക്കോളൂ , ഗ്രാമം ഒരുങ്ങി കഴിഞ്ഞു

മഴക്കാലം ഇങ്ങെത്തി. മലയോര കാഴ്ചകൾ കാണാൻ നല്ല ഭംഗിയാണ്. ഇപ്പോൾ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ തുറക്കുമ്പോൾ നമ്മുടെ മുന്നിലേക്ക് ഓടിയെത്തുന്ന അതിമനോരാഹരമായ കാഴ്ചകളിൽ ഒന്നാണ് കൊല്ലങ്കോട്ടെ മഴക്കാലം. ഒരുപാട് സിനിമ ലൊക്കേഷനായ പ്രകൃതി ഭംഗി ഒട്ടും ചോരാതെ ഇപ്പോഴും നിലനിൽക്കുന്ന ഹരിതാഭമായ ഗ്രാമം.

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്തുള്ള ഒരു കൊച്ചു ഗ്രാമം. പ്രധാനമായും അവിടുത്തെ ആളുകളുടെ ഉപജീവന മാർഗം കൃഷിയാണ്. കണ്ണെത്താ ദൂരത്തെ നെൽപ്പാടങ്ങളും, അതിന്റെ ഇടയിൽ തലയുയർത്തി നിൽക്കുന്ന തെങ്ങും, പാലക്കാടിന്റെ മാത്രം അഹങ്കാരമായ പനയുമൊക്കെ എത്ര കണ്ടാലും മതിവരാത്ത ഇവിടുത്തെ കാഴ്ചയാണ്. ഈ വയലുകൾക്ക് കൂടുതൽ ഭംഗി നൽകുന്നത് അതിനെ കാക്കുന്നത് പോലെ അതിരുകളിൽ ചുറ്റപ്പെട്ട് കിടക്കുന്ന നെല്ലിയാമ്പതി മലനിരകളാണ്.

മഴക്കാലം ആയാൽ ഈ മലകളിൽ ഒക്കെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ കാണാം. പച്ചപ്പ് നിറഞ്ഞ മലകൾക്കിടയിലൂടെ പാൽ പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ ശരിക്കും എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. ജൂൺ, ജൂലൈ മാസമാണ് കൊല്ലങ്കോട് പോകേണ്ട സമയം. പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങളും, പാൽ ഒഴുക്കുന്നത് പോലെ മലയിൽ നിന്നും പൊട്ടിയൊഴുക്കുന്ന വെള്ളച്ചാട്ടങ്ങളും ഒക്കെ കൊല്ലങ്കോടിനെ അതിമനോഹരിയാക്കും. ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട, ഒരു സ്ഥലം തന്നെയാണ് കൊല്ലങ്കോട്.

അവിടെ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ:

കുടിലിടം
നെല്ലിയാമ്പതി മലനിരകൾ അതിരിടുന്ന മനോഹരമായ പാടശേഖരത്തിന്റെ ഒത്ത നടുക്കായി ഏതാനും ചില ഓല മേഞ്ഞ കുടിലുകൾ. കോടമഞ്ഞു പുതച്ചുകിടക്കുന്ന മലനിരകളും പച്ചപ്പ് നിറഞ്ഞ വയലുകളും കുടിലുകളും എല്ലാം ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയും. ഈ കാഴ്ച ശരിക്കും അതിമനോഹരമാണ്.

താമരപ്പാടം
വിശാലമായൊരു പ്രദേശത്ത് താമര കൃഷി ചെയ്യുന്ന സ്ഥലമാണ് താമരപ്പാടം. വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കളും വിരിയാറായ മൊട്ടുകളുമെല്ലാം കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു.

പെരിങ്ങോട്ടുശ്ശേരി കളം
പാലക്കാടിന്റെ മാത്രം പ്രത്യേകതയാണ് കളങ്ങൾ. നെൽ കൃഷിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് ഈയിടം. പണ്ടുകാലങ്ങളിൽ കൊയ്ത്തും കറ്റമെതിക്കലുമെല്ലാം കഴിഞ്ഞാൽ നെല്ല് ഉണക്കി സൂക്ഷിക്കുന്ന ഇടങ്ങളെയാണ് കളങ്ങൾ എന്ന് പറയപ്പെടുന്നത്. അത്തരത്തിൽ 150-ലധികം വർഷം പഴക്കമുള്ള ഒരു കളമാണ് പെരിങ്ങോട്ടുശ്ശേരി കളം. ചുറ്റും പാടങ്ങളും, പാടങ്ങൾക്ക് അതിരായി നെല്ലിയാമ്പതി മലനിരകളും, മലയിൽ നിന്നും ഒലിച്ചിറങ്ങുന്ന പാലരുവികളും, ഇളം കാറ്റും, കോടമഞ്ഞും കണ്ണിന് കുളിർമ നൽകും.

സീതാർകുണ്ട് വാട്ടർ ഫാൾസ്/ വ്യൂപോയിന്റ്
കൊല്ലങ്കോട്ടെ മറ്റൊരു ആകർഷക കാഴ്ചയാണ് സീതാർക്കുണ്ട് വെള്ളച്ചാട്ടം, വ്യൂ പോയിന്റ്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഉൾക്കാട്ടിൽ നിന്നും ഒഴുകിയിറങ്ങുന്ന തണുത്ത വെള്ളത്തിൽ വേണമെങ്കിൽ നമുക്കൊരു കുളി പാസ്സാക്കാം.

ചെല്ലൻ ചേട്ടന്റെ ചായക്കട
വൈറൽ ചായക്കടയാണ് ചെല്ലൻ ചേട്ടന്റെ ചായക്കട. രണ്ട് റോഡുകൾക്കിടയിൽ പൂർണ്ണമായും പനയോല മേഞ്ഞ ചെറിയൊരു ചായക്കട. തേക്കിൻചിറ എന്ന പ്രദേശത്തെ ഈ കവല ഇന്നും 1980കളെ ഓർമ്മിപ്പിക്കുന്ന ഒരു കാഴ്ചയാണ്.

ചിങ്ങൻചിറ ശ്രീ കുറുപ്പുസ്വാമി ക്ഷേത്രം
ഇവിടം ഒരു പ്രകൃതി ക്ഷേത്രമാണ്. ആൽ മരങ്ങളും ചുറ്റുപാടും വല്ലാത്തൊരു ഭംഗി തരുന്നു. കളിയാട്ടം, ഒടിയൻ, കുഞ്ഞിരാമായണം, ദീപസ്തംഭം മഹാശ്ചര്യം, കൂമൻ, പട്ടണത്തിൽ ഭൂതം, മാണിക്യക്കല്ല് തുടങ്ങി നിരവധി ചിത്രങ്ങൾ ഷൂട്ട് ചെയ്ത ഒരു സ്ഥലം കൂടിയാണ് ഈ ചിങ്ങൻചിറ.

വാമല പല്ലാവൂർ ശ്രീ മുരുകൻ ക്ഷേത്രം
മനോഹരമായ നെൽപ്പാടത്തിന് നടുവിലായി കുന്നിൻമുകളിലുള്ള മുരുകൻ ക്ഷേത്രവും ക്ഷേത്രത്തിണ് മുന്നിലായി ചെറിയ ഒരു കുങ്കുമപ്പൂമരവും. ഹൃദയം സിനിമയിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ. നെൽവയലുകളും മലനിരകളും കോടമഞ്ഞും ഒക്കെ കാണാൻ കഴിയുന്ന അതിമനോഹരമായ കാഴ്ച.

മുതലമട റെയിൽവേ സ്റ്റേഷൻ
നെല്ലിയാമ്പതി മലനിരകൾക്ക് താഴ്‌വാരത്തായി ഉയർന്നു നിൽക്കുന്ന ആൽമരങ്ങളും അതിന്റെ വേരുകളും അവക്കിടയിൽ യാത്രക്കാർക്കുള്ള നീളൻ ബെഞ്ചുകളും പ്ലാറ്റ്ഫോമിന് ഇരുവശങ്ങളിലായി പാലക്കാടൻ ഗ്രാമങ്ങളുടെ പ്രതീകമായ കരിമ്പനകളും ട്രാക്കിലൂടെ വല്ലപ്പോഴും മാത്രം കടന്നുപോകുന്ന ട്രെയിനുകളും, അതാണ് മുതലമട റയിൽവേ സ്റ്റേഷൻ. 1898 ലാണ് മുതലമടയിൽ റയിൽവേ സ്റ്റേഷൻ ആരംഭിക്കുന്നത്. മുപ്പതോളം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. വെട്ടം, മേഘം, ഒരു യാത്രാമൊഴി, പാണ്ടിപ്പട, കമൽ ഹാസന്റെ അൻപേശിവം അങ്ങനെ നിരവധി സിനിമകൾ.

കൊല്ലങ്ങോട്ടേക്ക് എങ്ങനെ എത്താം:

ബസ്
തൃശൂരിൽ നിന്ന് ഗോവിന്ദാപുരം ബസ് കയറിയാൽ ഒന്നര മണിക്കൂറിൽ കൊല്ലങ്കോട് എത്താവുന്നതാണ്. പാലക്കാട് നിന്നാണെങ്കിൽ പത്ത് മിനിറ്റ് കൂടുമ്പോൾ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നിന്ന് കൊല്ലങ്കോട് ബസ് ലഭിക്കും.

ട്രെയിൻ
കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ തന്നെ ഇറങ്ങിയാൽ മതിയാവും. മൂന്നോ നാലോ ട്രെയിനുകൾ മാത്രമാണ് അതുവഴി കടന്ന് പോകുന്നത്. നേരത്തെ പ്ലാൻ ചെയ്ത് പോകുന്നവർക്ക് ട്രെയിൻ നല്ലൊരു യാത്രമാർഗം ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News