
കൊട്ടാരക്കര അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി കൗശലിനെ തഴഞ്ഞ് സർക്കാർ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സാ സഹായം ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സാ ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് നിർധനരായ കുടുംബം കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
കൊട്ടാരക്കരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ ഇരയായ കൗശൽ എന്ന ഒൻപതുകാരൻ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടം നടന്നയുടൻ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെയുള്ള ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ALSO READ: ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടു
ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം വിശ്വസിച്ചാണ് കുടുംബം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടർന്നത്. എന്നാൽ വാഗ്ദാനങ്ങൾ വെറും വാക്കുകളിലൊതുങ്ങി. ഇതിനകം അഞ്ച് ലക്ഷത്തോളം രൂപയാണ് ഈ നിർധന കുടുംബത്തിന് സ്വകാര്യ ആശുപത്രിയിൽ മാത്രം ചെലവായത്. കടം വാങ്ങിയും മറ്റും ഈ തുക കണ്ടെത്തേണ്ടി വന്ന കുടുംബത്തിന് മുന്നോട്ട് പോകാൻ വഴിയില്ലാതായതോടെയാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ ഐസിയുവിലാണ് കൗശൽ ഉള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ തുടർ ചികിത്സകളും വിദഗ്ധ പരിചരണവും നിശ്ചയിക്കുന്നതിനായി നാളെ പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരും. സർക്കാരിന്റെ അടിയന്തര ഇടപെടലും സഹായവും മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

