
ഐ ടി വ്യവസായത്തില്‍ സംസ്ഥാനം വലിയ മുന്നേറ്റമാണ് കൈവരിക്കുന്നതെന്നും ഒരു ലക്ഷം കോടിയിലേക്ക് കേരളത്തിന്റെ ഐ ടി കയറ്റുമതി എത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് കൂടുതല്‍ ഐ ടി നിക്ഷേപകര്‍ കടന്നുവരുന്നു. യാത്രാ സൗകര്യം, വിമാനത്താവളങ്ങള്‍, വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ളവയാണ് ഇതിന് കാരണം. വ്യവസായങ്ങള്‍ക്ക് ഊര്‍ജ ലഭ്യത ഉറപ്പ് വരുത്താന്‍ ഉള്ള നടപടികള്‍ സംസ്ഥാനം സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വ്യവസായ മേഖലയ്ക്ക് ഗുണകരമായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ സോഹോ കോര്‍പ്പറേഷന്റെ ഐ ടി, റോബോട്ടിക്, എ ഐ റിസര്‍ച്ച് ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് പൊതുവിലും ഐ ടി വ്യവസായത്തിനു വിശേഷിച്ചും ഊര്‍ജ്ജം പകരുന്ന ഒന്നാകും ഈ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍ എന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പുറമെ വ്യവസായങ്ങള്‍ക്ക് അനുഗുണമാകുന്നവിധം നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ കൂടി ചേര്‍ന്നപ്പോള്‍ വ്യവസായ മേഖലയ്ക്ക് എന്തുകൊണ്ടും ഗുണപ്രദമാകുന്ന ഒന്നായി മാറി നമ്മുടെ നാട്. അതുകൊണ്ടാണ് സോഹോ പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്.
ഐ ടി മേഖലയില്‍ കേരളം വലിയ വളര്‍ച്ച കൈവരിക്കുന്ന ഘട്ടമാണിത്. നിലവില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. 2016 മുതല്‍ ഇതുവരെ 66,000 ത്തോളം തൊഴിലവസരങ്ങള്‍ ഇവിടങ്ങളില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2016-ല്‍ കേരളത്തിലെ ഐ ടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നെങ്കില്‍, ഇന്നത് 1,156 ആയി വര്‍ധിച്ചു. കേരളത്തില്‍ നിന്നുള്ള ആകെ ഐ ടി കയറ്റുമതി 2016-ല്‍ 34,123 കോടി രൂപയായിരുന്നത്, ഇന്ന് 90,000 കോടി രൂപയായി വര്‍ധിച്ചു. 2016-ല്‍ 155.85 ലക്ഷം ചതുരശ്രയടി ബില്‍റ്റപ്പ് സ്പേയ്സ് ഉണ്ടായിരുന്നത്, നിലവില്‍ 223 ലക്ഷം ചതുരശ്രയടി ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
2022 ലെ സ്റ്റാര്‍ട്ടപ്പ് റാങ്കിങില്‍ നമ്മള്‍ ടോപ്പ് പെര്‍ഫോര്‍മര്‍ പദവിയിലെത്തി. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് റാങ്കിങില്‍ കേരളം ഏഷ്യയില്‍ ഒന്നാമതാണ്. ഇതുപ്രകാരം 2021-നും 2023-നുമിടയില്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 254 ശതമാനം വളര്‍ച്ചയാണുണ്ടായത്. ആ ഘട്ടത്തിലെ ഗ്ലോബല്‍ ശരാശരി 46 ശതമാനം മാത്രമായിരുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി ഉയര്‍ത്തി. ഇതിലൂടെ 151 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 32 കോടി രൂപയുടെ പ്രൊക്വയര്‍മെന്റ് ലഭിച്ചു.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ മാത്രം 1.8 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഇന്‍കുബേഷന്‍ ഫെസിലിറ്റിയുണ്ട്. ഇതിനുപുറമെ ഹഡില്‍ ഗ്ലോബല്‍ പോലെയുള്ള ആഗോള ഉച്ചകോടികള്‍ സംഘടിപ്പിച്ചുകൊണ്ട് നമ്മള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു വളരാന്‍വേണ്ട സാഹചര്യം ഒരുക്കുന്നുണ്ട്. വിദേശ വിപണിയിലേക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രവേശനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here