
പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണത്തിൽ ആദ്യം സംശയം ഉന്നയിച്ചത് കോട്ടയം ഡിഎഫ്ഒ എൻ രാജേഷ്. സീതയെ കാട്ടാന ആക്രമിച്ചതിന്റേതായ യാതൊരു പരുക്കും ഉണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബിനുവിനെയും കാട്ടാന ആക്രമിച്ചിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ കാട്ടാന എടുത്ത് എറിഞ്ഞതിന്റെ യാതൊരുവിധ പരിക്കും ഇയാളുടെ ദേഹത്തു ഉണ്ടായിരുന്നില്ല. അതിനാൽ ഇയാളെ വിശദമായി പരിശോധിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടു. എക്സ്റേ അടക്കമുള്ള പരിശോധനയിൽ യാതൊരു പരിക്കും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിലും സംശയം തോന്നി. ഇത് പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നാലെ ആണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സംശയങ്ങൾ സത്യമാണെന്ന് തെളിഞ്ഞത്.

കാട്ടാന വന്നതിന്റെ യാതൊരു ലക്ഷണങ്ങളും സംഭവം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരൻ ആയിരുന്നു ബിനു. ഇയാൾക്ക് കാട്ടിലെ വഴികളും മറ്റും കൃത്യമായി അറിയാം എന്നും അദ്ദേഹം പറഞ്ഞു.
പീരുമേട് തോട്ടാപ്പുര സ്വദേശി സീത (54) ആണ് മരിച്ചത്. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത് എന്നാണ് ഇയാൾ ഇന്നലെ പറഞ്ഞിരുന്നത്.
കാട്ടാനക്കൂട്ടത്തില്‍ ഒരു കൊമ്പന്‍ സീതയെ തട്ടിയെറിയുകയായിരുന്നെന്നും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും ആയിരുന്നു ഇന്നലെ പറഞ്ഞത്. ബന്ധുക്കളും വനപാലകരും കാട്ടിനുള്ളില്‍ പോയാണ് പരുക്കേറ്റ സീതയെയും ബിനുവിനെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിൽ വെച്ചാണ് സീത മരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here