കോട്ടയം കുഞ്ഞച്ചൻ ഷൂട്ട് ചെയ്തത് കോട്ടയത്തല്ല

വെള്ള മുണ്ടും വെളുത്ത ലോങ്ങ് ജുബ്ബയും തലയിൽ തോർത്ത് മുണ്ടും കെട്ടി
ഉപ്പും കണ്ടം കോരയെ വെല്ലു വിളിക്കുന്ന കോട്ടയം കുഞ്ഞച്ചൻ…
നാലാം ക്ലാസും ഡ്രില്ലും മാത്രം സ്വന്തമായുള്ള കെ ഡി… കോട്ടയം കുഞ്ഞച്ചൻ.
എന്റെ കർത്താവേ എന്നെ നീ നല്ലവനാവാൻ സമ്മതിക്കില്ല അല്ലെ എന്ന് മുൻ‌കൂർ ജാമ്യമെടുത്ത് നോക്ക് കൂലി വാങ്ങാൻ വന്ന തൊഴിലാളികളെ തല്ലി പതംവരുത്തുന്ന കുഞ്ഞച്ചൻ. കോട്ടയം കുഞ്ഞച്ചന് തന്ത ഒന്നേ ഉള്ളൂ എന്ന് പറഞ്ഞ് അവർക്ക് ഐഡി കൊടുത്ത ശേഷം അവരെ കൂലി കൊടുത്ത് സമാധാനിപ്പിക്കുന്ന കുഞ്ഞച്ചൻ. അങ്ങനെ അടിയും ചിരിയും നിറഞ്ഞ മലയാളത്തിന്റെ എക്കാലത്തെയും പ്രയപ്പെട്ട മമ്മൂട്ടി പടം കോട്ടയം കുഞ്ഞച്ചൻ വെള്ളിത്തിരയിൽ എത്തിയിട്ട് 33 വർഷം പൂർത്തിയാകുന്നു.

മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കോട്ടയം കുഞ്ഞച്ചനെ കണക്കാക്കാം. ഭാഷാ പ്രയോഗം കൊണ്ട് മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നത് കൂടിയാണ് ഈ ചിത്രം. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലെ കഥാപാത്ര നിർമ്മിതികളും, കഥാപരിസരവും, ഡയലോഗ് ഡെലിവറിയും ഒക്കെയാണ് ആ സിനിമയെ ഇന്നും അന്നും പ്രിയങ്കരമാകുന്നത്.

മുദ്രയും, അടിക്കുറിപ്പും, അഥർവവും, കാർണിവലും, ജഗ്രതയും, നായർസാബും, മഹായാനവും, മൃഗയയും, അങ്ങനെ ഹിറ്റുകളുടെ നിര തീർത്ത് മമ്മൂട്ടി വിജയക്കുതിപ്പ് നടത്തി പ്രേക്ഷക മനസ്സിൽ ഇടം ഉറപ്പിച്ച്‌ മുന്നേറുന്ന കാലത്താണ് കോട്ടയം അച്ചായനായി മമ്മൂട്ടി നിറഞ്ഞാടിയത്.

1990 ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ സംവിധാനം ചെയ്തത് ടി. എസ് സുരേഷ് ബാബു ആണ്. മുട്ടത്തു വർക്കിയുടെ ‘വേലി’ നോവലിനെ ആസ്പദമാക്കി മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആയിരുന്നു കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥ ഒരുക്കിയത്.

പൂർണമായും കോട്ടയം ഭാഷയിലാണ് കഥാപാത്രങ്ങൾ സിനിമയിൽ സംസാരിക്കുന്നത് എന്നത് സിനിമയുടെ സവിശേഷതയാണ്. കോട്ടയംകാരനായ മമ്മൂട്ടി തന്നെയാണ് കോട്ടയം ശൈലി മറ്റു നടീ നടന്മാർക്ക് പരിശീലിപ്പിച്ചു കൊടുത്തത് എന്ന് തിരക്കഥാകൃത്ത് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ സങ്കൽപ ഗ്രാമമായ ‘ഒടങ്ങര’ എന്ന മലയോര ഗ്രാമമായി ചിത്രീകരിക്കാൻ നിർമ്മാതാവ് എം.മണിയുടെ ആഗ്രഹപ്രകാരം തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയ്ക്കടുത്തുള്ള അമ്പൂരി ഗ്രാമമാണ് അന്ന് നിർമ്മാതാക്കൾ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here