
യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ 211 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്താന്‍ തദ്ദേശ വകുപ്പ് ഫിനാന്‍സ് വിഭാഗത്തിന്റെ പരിശോധന തുടങ്ങി. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലെ ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. 2020 മുതലുള്ള നഗരസഭയിലെ മുഴുവന്‍ അക്കൗണ്ടുകളും പണമിടപാടുമാണ് സംഘം പരിശോധിക്കുന്നത്.
തനത് ഫണ്ട് വിനിയോഗത്തിന്റെയും മറ്റ് വരുമാനങ്ങളുടെയും രേഖകൾ ഹാജരാക്കാനാണ് പരിശോധനാ സംഘം നഗരസഭയിലെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. മുമ്പ് തദ്ദേശ വകുപ്പിന്റെ ആഭ്യന്തര പരിശോധനയിലാണ് 211 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന പരിശോധനയാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് പരിശോധന നീട്ടും.
അതിനിടെ, നേരത്തേ ക്രമക്കേടില്‍ ഭരണ സമിതിയിലെ ഭിന്നത പരസ്യമായിരുന്നു. ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചെയര്‍മാന്‍ ഗോപകുമാര്‍ നഗരസഭ അധ്യക്ഷക്ക് കത്ത് നല്‍കി. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ഗോപകുമാര്‍. ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും തമ്മില്‍ വാക്കേറ്റവുമുണ്ടായി. നഗരസഭ അംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിലും അന്വേഷണം വേണമെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here