
കോട്ടയം നഗരസഭ വഴിയാധാരമാക്കിയ വ്യാപാരികൾ ജീവിത മാർഗത്തിനായി ഒടുവിൽ സ്വയം വഴി കണ്ടെത്തി. തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെട്ടിടം പൊളിച്ചുനീക്കിയതോടെയാണ് വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലായത്. പൊളിച്ചുമാറ്റിയ സ്ഥലത്ത് താൽക്കാലിക വ്യാപാര സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ നിർമ്മിച്ചിരിക്കുകയാണ് വ്യാപാരികൾ.
ബലക്ഷയത്തിന്റെ പേരിലാണ് തിരുനക്കര പഴയ ബസ് സ്റ്റാൻഡിലെ കെട്ടിടം പൊളിച്ചുമാറ്റിയത്. പൊളിച്ചുമാറ്റിയ വേളയിൽ പുതിയ കെട്ടിടം വളരെ വേഗം നിർമിച്ച് നൽകുമെന്നായിരുന്നു ഇവിടുത്തെ വ്യാപാരികൾക്ക് നഗരസഭ നൽകിയ ഉറപ്പ്. വർഷം രണ്ട് കഴിഞ്ഞിട്ടും പുതിയ കെട്ടിടം പണിയാൻ നഗരസഭ യാതൊരു നടപടിയും നീക്കിയില്ല. വരുമാനം നിലച്ചതോടെ പലരുടെയും ജീവിതം പ്രതിസന്ധിയിലായി. ഇത് ചുണ്ടികാണിച്ച വ്യാപാരികൾ കോടതിയെ സമീപിച്ചു. കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതോടെയാണ്, വ്യാപാരികൾ സ്വന്തം ചെലവിൽ ജീവിത മാർഗത്തിനായി താൽക്കാലിക കെട്ടിടം നിർമ്മിച്ചത്.
നിലവിൽ നഗര ഹൃദയത്തിലെ വിശാലമായ ബസ്‌സ്റ്റാൻഡ് മൈതാനം പോലെ കിടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇവിടെ ഒരുക്കിയിട്ടില്ല. ബസ്സുകൾ കയറിയിറങ്ങുന്ന ഇവിടെ വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങളുമില്ല. സ്വകാര്യ സ്വർണ്ണ വ്യാപാരശാല നിർമ്മിച്ച താൽക്കാലിക വെയിറ്റിംഗ് ഷെഡ് മാത്രമാണ് ഇവിടെയുള്ളത്. വ്യാപാര സമുച്ചയം നിർമ്മിച്ച വരുമാനമാർഗ്ഗം കണ്ടെത്താനുള്ള സാഹചര്യമാണ് നഗരസഭ നഷ്ടപ്പെടുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

