കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിത്തീരാത്തൊരു മധുരിത ഗാനമായിട്ട് ഇന്നേക്ക് 47 വര്‍ഷം

കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിത്തീരാത്തൊരു മധുരിത ഗാനമായിട്ട് ഇന്നേക്ക് 47 വര്‍ഷമാകുന്നു. കേരളത്തിലെ ആദ്യത്തെ ജനകീയ ഗായകനെന്നും കേരള സൈഗള്‍ എന്നും അറിയപ്പെട്ടിരുന്ന അബ്ദുള്‍ഖാദറിന്റേത് പൂര്‍ണ്ണമായും പാട്ടിനുവേണ്ടി സമര്‍പ്പിച്ചൊരു ജീവിതമായിരുന്നു.

പാടാനോര്‍ത്ത മധുരിത ഗാനങ്ങളൊന്നും പാടിത്തീരാതെയാണ് കോഴിക്കോട് അബ്ദുള്‍ ഖാദര്‍ മലയാളിയുടെ ഒരു വിഷാദഗാനമായത്. പഴയ മിഠായിത്തെരുവിലെ വാച്ച് റിപ്പയറര്‍ ജെ എസ് ആന്‍ഡ്രൂസിന്റെയും കൊങ്കിണി ബ്രാഹ്‌മണ സ്ത്രീയായ മാനിനിയുടെയും മകന്‍ ലെസ്ലി ആന്‍ഡ്രൂസിന് പാട്ടിനപ്പുറം പല മതങ്ങളുടെ സാരസ്വമായിരുന്നു ജീവിതം.

മതം മാറി മുസ്ലീമാവുകയും മുസ്ലീമായശേഷം ഒരു ഹിന്ദുസ്ത്രീയെ വിവാഹവും ചെയ്തു ഖാദര്‍. നാല്‍പ്പതുകളില്‍ റംഗൂണിലേക്കും ബോംബെയിലേക്കുമുള്ള അദ്ദേഹത്തിന്റെ പരവശമായ യാത്രകകളെല്ലാം അവസാനിച്ചത് പാട്ടിന്റെ മടിത്തട്ടിലായിരുന്നു. ഒടുവില്‍ കോഴിക്കോട്ടേക്കുതന്നെ തിരിച്ചെത്തിയ അബ്ദുള്‍ഖാദര്‍ മലയാളികള്‍ക്ക് കുന്ദന്‍ലാല്‍ സൈഗാളിന്റെ മറുപേരായി. പിന്നെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി വേദികളില്‍ പാട്ടിന്റെ പടഹധ്വനികളുമായി.

Also Read : കാതുകളില്‍ തേന്മഴയായി പൊഴിയുന്ന ഹൃദയാര്‍ദ്ര ഗീതങ്ങള്‍… ഒഎന്‍വി ഓര്‍മയായിട്ട് ഇന്ന് എട്ട് വര്‍ഷം

ആര്‍ക്കും അനുകരിക്കാനാവാത്ത ശബ്ദമാണ് അബ്ദുള്‍ഖാദറിന്റേത്. എംഎസ് ബാബുരാജിനെ കണ്ടത്തിയ കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദ് എന്ന സംഗീത പ്രേമിയാണ് അബ്ദുള്‍ഖാദറിനെയും തേച്ചുമിനുക്കിയെടുത്തത്. പി ഭാസ്‌കരന്റെ വരികളും കെ. രാഘവന്റെ സംഗീതവും ചേര്‍ന്നാല്‍ ആസ്വാദകര്‍ക്ക് ഖാദര്‍ ഒരു കടലാണ്. ഹിന്ദുസ്ഥാനിയുടെ ഏറ്റിറക്കങ്ങളില്‍ പ്രസിദ്ധിയുടെ കൊടിമരമായി നില്‍ക്കുമ്പോഴും നിത്യദാരിദ്ര്യത്തിന്റെ സങ്കടലില്‍ ആണ്ടുപോയൊരു നിത്യശോകഗാനത്തിന്റെ പേരുമാണ് കോഴിക്കോട് അബ്ദുള്‍ഖാദര്‍.

കോഴിക്കോട് ഇന്നും ഒരു നൊസ്റ്റാള്‍ജിയാ നഗരമാകുന്നത് അബ്ദുള്‍ഖാദറിന്റെ ഈണങ്ങള്‍ നുണഞ്ഞുകൊണ്ടാണ്. മാനാഞ്ചിറയിലും കുറ്റിച്ചിറയിലും കടപ്പുറത്തും കല്ലായിയിലും അബ്ദുള്‍ഖാദര്‍ ഇന്നും പലമനുഷ്യരിലൂടെ പാടിനിറയുന്നൊരു ജീവിതമാണ്. നമുക്ക് എങ്ങനെയും മറക്കാനാവാത്ത പാട്ടുകാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News