വ്യാപാരിയുടെ കൊലപാതകം; അട്ടപ്പാടി ചുരത്തില്‍ തെരച്ചില്‍ നടത്തും

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ അന്വേഷണം ഊർജിതം. കൊല്ലപ്പെട്ട ചിക്ക് ബേക്ക് ഹോട്ടലുടമ സിദ്ദീഖിന്‍റെ (58) മൃതദേഹം കണ്ടെത്താൻ പൊലീസ് ഇന്ന് അട്ടപ്പാടി ചുരത്തിലെത്തും. ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെണ്‍സുഹൃത്ത് 18 വയസ്സുകാരിയായ ഫര്‍ഹാനയുമാണ് പിടിയിലായത്.

പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് കൊലപാതകം നടത്തി മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഡികാസ ഹോട്ടലിൽ പരിശോധന നടക്കും. തിരൂരിലെത്തിച്ച് പ്രതികളെ ചോദ്യംചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.ഇതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പടിയിലേക്ക് തിരിച്ചു.9 മണിയോടെ മൃതദേഹപരിശോധന ആരംഭിക്കുമെന്നാണ് സൂചന. മൃതദേഹം കണ്ടെടുക്കുക എന്നത് കേസിൽ നിർണ്ണായകമാണ്.

സിദ്ദീഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ഇവര്‍ എന്തിന് കൊലപാതകം നടത്തി, മൃതദേഹം ചുരത്തില്‍ ഉപേക്ഷിക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. കൊലപാതകത്തിന് ശേഷം മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി തള്ളി എന്നാണ് പ്രതികൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here