
കോഴിക്കോട് ഡിസിസിയുടെ പുതിയ ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന കോൺഗ്രസ് നേതാക്കളുടെ ഉന്തും തള്ളും വലിയ പരിഹാസങ്ങൾക്ക് വിധേയമായിരുന്നു. ക്യാമറയിൽ പതിയാനുള്ള നേതാക്കളുടെ കഠിന പ്രയത്നമാണ് അവിടെ കണ്ടത്. ഇതിനൊപ്പം കെ. കരുണാകരന്റെ പേരിൽ നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്‌ഘാടനച്ചടങ്ങിൽ മകനായ മുരളീധരന്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് കെ മുരളിധരൻ.
ഡിസിസിയുടെ ഓഫീസിന്റെ ഉദ്ഘാടനത്തിലെ ഉന്തും തള്ളും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പൊതു പ്രവർത്തകർ ശ്രദ്ധിക്കണം. ആവർത്തിച്ചാൽ കെപിസിസി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വന്നിരുന്നെങ്കിൽ ആരും ശ്രദ്ധിക്കില്ലെന്നും ആ തിരക്കിൽ താനും തള്ളപ്പെട്ടേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ തന്നെ സ്ഥാനം പിടിച്ച കെ സി അബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുകിട സ്ഥലം നല്‍കാതിരുന്നതോടെയാണ് ഉദ്ഘാടനം തിക്കിലും തിരക്കിലും കലാശിച്ചത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും കഷ്ടിച്ചാണ് മുന്നിലെത്തിയത്. ഇങ്ങനെ എത്തിയ കെ.സുധാകരന്‍ അടക്കമുള്ളവരെ തള്ളി മാറ്റിയാണ് രമേശ് ചെന്നിത്തല സ്ഥാനം പിടിച്ചത്. അപ്പോഴേയ്ക്കും മറ്റു ചിലര്‍ക്ക് മുന്‍നിര നഷ്ടമായികഴിഞ്ഞു. പ്രതിപക്ഷ നേതാവിനെ മുന്‍ നിരയിലെത്തിക്കാന്‍ കല്‍പ്പറ്റ എംഎല്‍എ കൂടിയായ ടി സിദ്ധിഖ് നടത്തുന്ന ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. എല്ലാവരേയും മാനേജ് ചെയ്യുന്നതിനിടയില്‍ കെട്ടിട നിര്‍മാണത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ഡിസിസി പ്രസിഡന്‍റ് അവസാനം രണ്ടാം നിരയിലേയ്ക്ക് തള്ളപ്പെട്ടു.
35 സെന്റ് സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവഴിച്ചാണ് നാലുനില മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. ലീഡര്‍ കെ. കരുണാകരന്‍ സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്ത കെട്ടിടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ കെ. കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടേയും അര്‍ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

