കല്ലാച്ചി-സിൻ നോവലുകളിലെ പ്രമേയത്തിലെ സാമ്യത; സോഷ്യൽ മീഡിയയിൽ ചർച്ച

meera_haritha

തിരുവനന്തപുരം: സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ രണ്ട് എഴുത്തുകാരികൾ തങ്ങളുടെ നോവലുകളിലെ പ്രമേയ സാമ്യതയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ആശയസംവാദം സാംസ്കാരിക കേരളത്തിൽ ചർച്ചയാകുന്നു. പ്രശസ്ത എഴുത്തുകാരി കെ.ആർ. മീരയുടെ ‘കല്ലാച്ചി’, ഹരിത സാവിത്രിയുടെ ‘സിൻ’ എന്നീ നോവലുകളെ ചുറ്റിപ്പറ്റിയാണ് ഫേസ്‌ബുക്കിൽ പുതിയ സാഹിത്യ ചർച്ചകൾ നടക്കുന്നത്. കല്ലാച്ചി, സിൻ എന്നീ നോവലുകളിലെ ഇതിവൃത്തത്തിലും കഥാപാത്രങ്ങളുടെ പ്രയാണങ്ങളിലുമുള്ള സമാനതകളാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.

തന്റെ നോവലായ ‘സിന്നി’ന്റെ പ്രമേയവുമായി മീരയുടെ ‘കല്ലാച്ചി’ക്ക് സാമ്യമുണ്ടെന്ന വായനക്കാരുടെ നിരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ഹരിത സാവിത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ഇതേക്കുറിച്ച് ഹരിത എഴുതിയ പ്രതികരണത്തിൽ ഇങ്ങനെ പറയുന്നു, ‘ഈ ത്രെഡിന് സിൻ എന്ന എന്റെ നോവലിന്റെതുമായി വളരെയധികം സാമ്യം അനുഭവപ്പെട്ടു. ഇതിനിടയിൽ രണ്ടു നോവലുകളിലും വ്യത്യസ്തമായ പല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. കഥകൾ, ഉപകഥകൾ… പല അടരുകളുള്ള പുസ്തകങ്ങളാണ് രണ്ടും. എന്റെ പുസ്തകം ആരും കോപ്പി പേസ്റ്റ് ചെയ്തിട്ടില്ല. പക്ഷെ ഈ പറഞ്ഞ അടിസ്ഥാനപരമായ സാമ്യങ്ങൾ നില നിൽക്കുന്നു’.

ഇതിന് മറുപടിയുമായി കെ.ആർ മീര രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിൽ മീര ഇങ്ങനെ പറഞ്ഞു, ‘കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ൽ മനസ്സിൽ വേരുപിടിച്ചതാണു ‘കലാച്ചി’ എന്ന നോവലിന്റെ കഥാബീജം. 2019ൽ ഞാൻ ‘കലാച്ചി’ എഴുതിത്തുടങ്ങുകയും 2020 നവംബർ 16 മുതൽ ‘ട്രൂ കോപ്പി തിങ്ക് ‘വെബ് സീനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ കലാച്ചി’ എന്ന ശീർഷകത്തിൽനിന്നു തന്നെ, കഥാഗതി ഏതു രാജ്യത്തേക്കാണു സഞ്ചരിക്കുന്നതെന്നു വ്യക്തമാണ്. 2020 നവംബർ പതിനാറിനു പ്രസിദ്ധീകരിച്ച ആദ്യ അധ്യായത്തിൽ, കലാച്ചിയിൽ ജയിലിലായ ഗവേഷകനായ ഇജാസ് അലിയെത്തേടി യാത്ര പുറപ്പെടാൻ തീരുമാനിക്കുന്ന, ഡോ. ഫിദ മുഹമ്മദിനെ കാത്തിരിക്കുന്ന നീണ്ടതും മായികവുമായ യാത്രയെ കേന്ദ്രീകരിക്കുന്ന പൂർണമായ ഇതിവൃത്തം വ്യക്തമാക്കിയിട്ടുമുണ്ട്. 2019ലെ പൌരത്വപ്രക്ഷോഭവും തുടർന്നു വന്ന മഹാമാരിയുമാണു ‘കലാച്ചി’യുടെ പശ്ചാത്തലം’.

ഇതേ ഫേസ്ബുക്ക് പോസ്റ്റിൽ കെ ആർ മീര തുടരുന്നു, ‘2025ലാണ് ‘കലാച്ചി’ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവയ്ക്കുന്നു. 2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക. സംശയമുള്ളവർ രണ്ടു നോവലുകളുടെയും പ്രമേയവും കാലഘട്ടവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും കഥ നടക്കുന്ന രാജ്യങ്ങളും താരതമ്യം ചെയ്തു വിലയിരുത്തുക’. ട്രൂ കോപ്പിയിൽ കല്ലാച്ചി പ്രസിദ്ധീകരിച്ചതിന്‍റെ ലിങ്കും ഫേസ്ബുക്ക് പോസ്റ്റും കെ ആർ മീര ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചു.

Also Read- ‘പ്രണയമഴയിൽ ഏകയായി നടന്നവൾ’, മാധവിക്കുട്ടി ഓർമയായിട്ട് ഇന്ന് 17 ആണ്ട് തികയുന്നു

കെ.ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം ഹരിത സാവിത്രി ജൂൺ മൂന്നിന് വിശദമായ മറ്റൊരു പോസ്റ്റ് കൂടി ഇതേ വിഷയത്തിൽ പങ്കുവെച്ചു. “2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചു വന്ന ഒരു നോവൽ, 2022 ൽ മാത്രം പുറത്തിറങ്ങിയ കഥയിൽ നിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022 ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽ നിന്ന് ആശയം ഉൾക്കൊണ്ടതാണോ എന്ന് നിങ്ങൾ ചിന്തിക്കുക.” ഇത് ഇന്ന് കണ്ട വാചകമാണ്. അതായത് 2022 ൽ പുറത്തു വന്ന എന്റെ പുസ്തകം 2020 ൽ പുറത്ത് വന്ന പുസ്തകത്തിലെ ആശയം ഉപയോഗിച്ചു എന്നർത്ഥം. 2020 ൽ പ്രസിദ്ധീകരിച്ചത് ആദ്യത്തെ ആറു അധ്യായങ്ങൾ മാത്രമാണ് എന്ന സത്യം മറച്ചു വയ്ക്കുന്നതിലൂടെ, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്? വായന കുറച്ചേ ആയിട്ടുള്ളൂ എന്ന് പുസ്തകം വായിക്കുന്ന ചിത്രവുമായി ഇട്ട പോസ്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫിദയുടെ യാത്ര ആരംഭിച്ചപ്പോഴാണ് സാമ്യം അനുഭവപ്പെട്ടു തുടങ്ങിയത് എന്ന് ഞാൻ പല തവണ പറഞ്ഞ് കഴിഞ്ഞു. അതായത് വായന കുറച്ചു മുന്നോട്ട് പോയപ്പോൾ. അതും ബേസിക് ത്രെഡിൽ മാത്രം’- ഹരിത സാവിത്രി വ്യക്തമാക്കുന്നു.

ഏറ്റവുമൊടുവിൽ കല്ലാച്ചിയിൽ പോയപ്പോൾ ലെനിന്‍റെ പ്രതിമയ്ക്ക് മുന്നിൽ നിന്ന് എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ട് കെ ആർ മീര ഇങ്ങനെ കുറിച്ചു, ‘”റോഡിൽ എത്തിയപ്പോൾ ഞാൻ ലെനിന് അഭിമുഖമായി നിന്നു. “എന്തായിരിക്കും ലെനിൻ ചൂണ്ടിക്കാണിക്കുന്നത് ?” ഞാൻ ഇജാസിനോടു ചോദിച്ചു.
“‘നോക്കൂ, കാലചക്രം കറങ്ങിത്തിരിയുന്നു’ എന്നാകാം.”
– കലാച്ചി
കെ. ആർ. മീര
( കലാച്ചിയിൽ എത്തിയ മഞ്ഞും മഴയും നിറഞ്ഞ ആ ദിവസം പ്രിയ ഡാമീർ കസെൻബയേവ് എടുത്തത്)

Also Read- പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും! ചിന്ത പബ്ലിഷേഴ്സ് മാനേജർക്ക് വധഭീഷണി

മലയാള സാഹിത്യത്തിൽ പുരോഗമനപരവും ഇടതുപക്ഷ സ്വഭാവവുമുള്ള നിലപാടുകൾ എക്കാലത്തും ധീരമായി ഉയർത്തിപ്പിടിച്ചിട്ടുള്ള രണ്ട് കരുത്തുറ്റ സ്ത്രീശബ്ദങ്ങളാണ് കെ.ആർ മീരയും ഹരിത സാവിത്രിയും. ഇവരുടെ കുറിപ്പുകൾക്ക് താഴെ ഇരുചേരിയിലുമായി നിരവധി വായനക്കാരും സാംസ്കാരിക പ്രവർത്തകരും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News