
ദേശീയപാതയിൽ വിള്ളലുണ്ടായ സംഭവത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ വ്യാജപ്രചരണം. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ദുരന്തനിവാരണ അതോറിറ്റി നടപടിയെടുത്തില്ലെന്നാണ് ചില മാധ്യമങ്ങൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത്. അതേസമയം ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ദേശീയപാത അതോറിറ്റിക്ക് അയച്ച കത്ത് പുറത്ത് വന്നു. ദേശീയപാത അതോറിറ്റിയുടെ വീഴ്ച സംസ്ഥാന സർക്കാരിനുമേൽ കെട്ടിവെക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് ഇതോടെ പൊളിയുന്നത്.
ദേശീയപാതകളിലെ വിള്ളലിന്റെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റി ഏറ്റെടുത്തിട്ടും വിഷയം സംസ്ഥാന സർക്കാരിനെതിരായി തിരിക്കാൻ കഴിയുമോ എന്നതാണ് ചില കേന്ദ്രങ്ങളുടെ ആലോചന. ഇതിന്റെ ഭാഗമായാണ് പലതരത്തിലുള്ള വ്യാജവാർത്തകൾ പടച്ചുവിടുന്നത്. തെറ്റായ വാർത്തകൾ നൽകി ചില മാധ്യമങ്ങളും ഇതിന് കൂട്ടു നിൽക്കുകയാണ്. ദേശീയപാത നിർമ്മാണത്തിന് മുൻപ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പഠനം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയെങ്കിലും ഇതിൽ നടപടി എടുത്തിട്ടില്ല എന്നാണ് വ്യാജപ്രചരണം.
എന്നാൽ ഈ വ്യാജ വാർത്തകൾ പൊളിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പഠനം നടത്തിയത്. ഈ റിപ്പോർട്ടും, നടപടി ശുപാർശയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു.
2024 ഒക്ടോബർ 26 നും ഡിസംബർ ആറിനും കാസർഗോഡ് ജില്ലാ കലക്ടർ ദേശീയപാത അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടർക്ക് അയച്ച കത്തുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പഠനം സംബന്ധിച്ച് കൃത്യമായി മുന്നറിയിപ്പ് നൽകുന്നുണ്ട്.
കേന്ദ്ര ഏജെൻസി ആയ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലെ ശുപാർശ നടപ്പിൽ വരുത്തുവാൻ കേന്ദ്ര ഏജെൻസി ആയ NHAIക്കാണ് ബാധ്യത. സംസ്ഥാന സര്ക്കാരിന്റെ ചുമതലക്ക് പുറത്തുള്ള NHAIയുടെ പ്രവർത്തികൾ നിയന്ത്രിക്കേണ്ടതും ദുരന്ത ലഘൂകരണ സാധ്യതകൾ ഉൾപ്പെടുത്തേണ്ടതും Disaster Management Act, 2005, Section 35 (2) (c), Section 36 (b) എന്നിവ പ്രകാരം കേന്ദ്ര സര്ക്കാരിന്റെയും, അതാത് കേന്ദ്ര വകുപ്പുകളുടെയും ചുമതല ആണ്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് സംസ്ഥാന സർക്കാരിനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here