
കെഎസ്എഫ്ഇയുടെ അംഗീകൃത മൂലധനം 100 കോടിയിൽ നിന്നും 250 കോടി രൂപയായി സർക്കാർ ഉയർത്തി. അടച്ചു തീർത്ത മൂലധനം 100 കോടി രൂപയിൽ നിന്നും 200 കോടി രൂപയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണെന്ന് ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. കെഎസ്എഫ്ഇയുടെ ആകെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയിൽ എത്തിച്ചേരുന്ന വർഷമായി 2025 മാറുമെന്നും മന്ത്രി പറഞ്ഞു. ഇതിനകം വിറ്റുവരവ് 91000 കോടി രൂപയായി മാറിയിട്ടുണ്ട്.
2021 മെയ് മുതൽ കെഎസ്എഫ്ഇയിൽ 3275 പേർക്ക് പി എസ് സി വഴി നിയമന ഉത്തരവ് നൽകുകയും ഇതിൽ 2500 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്എഫ്ഇയിൽ 683 ശാഖകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പുതിയ ശാഖകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഫിൻടെക് മേഖലയുടെ വികസനത്തിലും 10 കോടി വകയിരുത്തി. ഉപയോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് പ്രാഥമികമായി സാങ്കേതികവിദ്യയും ക്‌ളൗഡ് സേവനങ്ങളെയും ആശ്രയിക്കുന്ന കമ്പനികളാണ് ഫിൻടെക്കുകൾ. സ്റ്റാർട്ടപ്പുകൾ, ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ ക്രോസ് സെക്ടർ സ്ഥാപനങ്ങൾ എന്നിവ ഫിൻടെക്കുകളിൽപെടുന്നു . ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ക്‌ളൗഡ് കമ്പ്യൂട്ടിങ് ഇന്റർനെറ്റ് ഓഫ് തിങ്സ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ, സെർവർലെസ് ആർക്കിടെക്ച്ചർ, സോഫ്റ്റ്‌വെയർ ആസ് എ സർവീസ് , ഹൈപ്പർ ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ അടുത്ത കുറച്ചു വർഷങ്ങളിൽ ഫിൻടെക് വികസനത്തെ മുന്നോട്ടുകൊണ്ടുപോകുമെന്ന് കണക്കാക്കപ്പെടുന്നതായും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ, കെഎഫ്സി ഇതര ധനകാര്യസ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളിൽ കൂട്ടി യോജിപ്പിച്ചു പദ്ധതികൾ രൂപികരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

