
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജിന്റെ ദാരുണമായ മരണം ക്യാമ്പസിനുള്ളിലെ ജാതീയ വിവേചനത്തിന്റെയും സവർണ്ണ ബോധത്തിന്റെയും ബാക്കിപത്രമാണെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ. മിടുക്കനായ ഒരു ദളിത് വിദ്യാർഥിക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും ഒടുവിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നതും കേരളീയ പൊതുസമൂഹത്തിന് ആകെ നാണക്കേടാണെന്ന് കെ.എസ്.കെ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ. ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.
നാടുനീങ്ങിയെന്ന് നാം കരുതിയ പഴയ ചാതുർവർണ്യ വ്യവസ്ഥയെ പുതിയ രൂപത്തിൽ കലാലയങ്ങളിൽ തിരികെ കൊണ്ടുവരാനുള്ള ഗൂഢമായ നീക്കങ്ങൾ പല ഭാഗങ്ങളിലും ശക്തിപ്പെടുന്നുണ്ടെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ദളിത് – പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്നത് തടയാൻ സവർണ മേധാവിത്വ മനോഭാവമുള്ള ചില ശക്തികൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. നിതിൻ രാജിനെ മരണത്തിലേക്ക് നയിച്ച ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും ഇത്തരം ജീർണ്ണിച്ച ചിന്താഗതിയുടെ ഫലമാണെന്നും അവർ വ്യക്തമാക്കി.
ക്യാമ്പസുകളിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ വളർത്തുന്ന ഇത്തരം ശക്തികളെ മുളയിലേ നുള്ളേണ്ടതുണ്ടെന്ന് പറഞ്ഞ കെ.എസ്.കെ.ടി.യു ഭാരവാഹികൾ നിതിൻ രാജിന്റെ മരണത്തിന് പിന്നിലുള്ള ഓരോ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സവർണ്ണ ബോധത്തിന്റെ ഈ ക്രൂരതയ്ക്കെതിരെയും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം. നിതിൻ രാജിന്റെ മരണത്തിൽ നീതി ലഭിക്കുവാൻ വേണ്ടിയുള്ള കുടുംബത്തിൻ്റെ പോരാട്ടത്തിൽ കെ.എസ്.കെ.ടി.യുവിൻ്റെ പിന്തുണയുണ്ടാവുമെന്നും ജാതി വിവേചനങ്ങൾക്കെതിരെയുള്ള നിലപാടുമായി കെ.എസ്.കെ.ടി.യു ശക്തമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

