
ഓഫീസുകൾ കയറിയിറങ്ങാതെ പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുന്ന കെ സ്മാർട്ട് പദ്ധതി സൂപ്പർ ഹിറ്റ്. പഞ്ചായത്തുകളിൽ കൂടി പദ്ധതി വ്യാപിപ്പിച്ചതോടെ ഉപഭോക്താക്കളിൽ വൻ വർധനവാണുള്ളത്. സമൂഹ മാധ്യമങ്ങളിലും ട്രെൻഡ് ആണ് കെ സ്മാർട്ട്. ജനന മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ഓഫീസുകളിൽ ചെല്ലാതെ സ്വന്തമാക്കാം എന്നതാണ് കെ സ്മാർട്ടിന്റെ പ്രത്യേകത. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും കെ സ്മാർട്ട് വ്യാപിപ്പിച്ചതോടെ വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്.
മിനിറ്റുകൾ കൊണ്ട് കെട്ടിട, ഭൂനികുതികളും, വിവാഹ സർട്ടിഫിക്കറ്റും ഭൂമിയിൽ എവിടെ നിന്ന് അപേക്ഷിച്ചാലും ലഭിക്കും. കെ സ്മാർട്ട് പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും ഇതിനോടകം ട്രെൻഡ് ആയി കഴിഞ്ഞിട്ടുണ്ട്. കെ സ്മാർട്ടിലൂടെ ലോകത്തിന് തന്നെ മറ്റൊരു മാതൃക തീർക്കുകയാണ് കേരളം.
ഇന്നലെ തദ്ദേശ ഭരണ വകുപ്പ് ലോഞ്ച് ചെയ്ത കെ സ്മാർട്ട് ഓൺലൈൻ സേവനത്തിന്‍റെ വേഗതയെയും കാര്യക്ഷമതയെയും അഭിനന്ദിച്ച് മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. തന്‍റെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച് ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല, അതിന്‍റെ ഡിജിറ്റൽ കോപ്പി മുന്നിൽ കിട്ടാനെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത് കണ്ട് തന്‍റെ അച്ഛനും അമ്മയ്ക്കും പോലും അത്ഭുതം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സ്മാർട്ടിനും തദ്ദേശ ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിനും നന്ദി പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

