മദ്യപിച്ച് ബസ് ഓടിക്കല്‍, ടിക്കറ്റില്‍ തിരിമറി; കെഎസ്ആര്‍ടിസി 5 പേരെ സസ്‌പെന്‍ഡ് ചെയ്തു

മദ്യപിച്ച് സര്‍വ്വീസ് നടത്തിയ 2 ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമതി വേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍ ,മേലുദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയ കണ്ടക്ടര്‍ ഉള്‍പ്പെടെ അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു.

മദ്യപിച്ച് സര്‍വ്വീസ് നടത്തി അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടയില്‍ ബസില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്ത സംഭവത്തില്‍ മാനന്തവാടി യൂണിറ്റിലെ ഡ്രൈവര്‍ എ . ആര്‍. ജയരാജനെ സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് 20 ന് കോയമ്പത്തൂര്‍ മാനന്തവാടി സര്‍വ്വീസ് നടത്തവെ ഗാന്ധിപുരത്ത് വെച്ച് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് കോര്‍പ്പറേഷന്‍ ബസില്‍ പിന്നോട്ട് പോയി ഇടിക്കുകയും, ബസിന്റെ ബംബറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ മദ്യപിച്ചതായി യാത്രക്കാര്‍ പറഞ്ഞപ്പോള്‍ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി ഓടിപ്പോകുകയായിരുന്നു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലെ മറ്റൊരു ഡ്രൈവറെ നിയോഗിച്ചാണ് സര്‍വ്വീസ് പൂര്‍ത്തിയാക്കിയിരുന്നത്.

മാര്‍ച്ച് 19 ന് സുല്‍ത്താന്‍ ബത്തേരി തിരുവനന്തപുരം സര്‍വ്വീസ് നടത്തവെ കുറ്റിപ്പുറത്ത് സമീപം കാറുമായി ഉരസി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അജി ഉണ്ണിക്കൃഷ്ണന്‍ മദ്യപിച്ച് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അജി ഉണ്ണികൃഷ്ണനേയും സസ്‌പെന്‍ഡ് ചെയ്തു.

മാര്‍ച്ച് 1 ന് അമിത വേഗതയില്‍ ബസ് ഓടിച്ച് രണ്ട് കാറുകളില്‍ ഇടിക്കുകയും, ബൈക്ക് യാത്രക്കാരായ 3 പേര്‍ക്ക് ഗുരുതര പരുക്ക് ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ സിറ്റി ഡിപ്പോയിലെ ഡ്രൈവര്‍ എസ് മാരിയപ്പനേയും സസ്‌പെന്‍ഡ് ചെയ്തു.

യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കുകയും, ബാക്കി തുക നല്‍കുന്നതില്‍ ക്രമക്കേട് കാട്ടുകയും ചെയ്ത സംഭവത്തില്‍ തൃശ്ശൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കെ എ കുഞ്ഞിമുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു.

യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ വിവിധ സ്റ്റോപ്പുകളില്‍ നിന്നും യാത്രക്കാര്‍ ആയി കയറി, കുഞ്ഞിമുഹമ്മദിന്റെ പ്രവര്‍ത്തികള്‍ നിരിക്ഷിക്കവെ, ഗ്രൂപ്പ് ടിക്കറ്റ് നല്‍കുന്നതിന് പകരം വെവ്വേറെ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തു ചുരുട്ടി നല്‍കുകയും, ടിക്കറ്റ് ഫെയറില്‍ മനപൂര്‍വ്വം നിരക്ക് കൂട്ടി യാത്രക്കാരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുകയും, യാത്രക്കാരില്‍ നിന്നും പണം ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിച്ചതും, കളക്ഷന്‍ ബാഗില്‍ 1342 രൂപ അധികം കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ടിക്കറ്റില്‍ കൃത്രിമം കാട്ടി യാത്രക്കാരേയും, കോര്‍പ്പറേഷനേയും കബളിപ്പിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.

സിഎംഡിയേയും ഉദ്യോഗസ്ഥരേയും വിമര്‍ശിച്ച് കൊണ്ട് പ്രസംഗിക്കുകയും, അത് വാട്ട്‌സ് അപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ വിജു. കെ നായരെ സസ്‌പെന്‍ഡ് ചെയ്തു. സഹപ്രവര്‍ത്തകന്റെ അനുസ്മരണ ചടങ്ങില്‍ വെച്ചാണ് വിജു കെ നായര്‍ സിഎംഡിക്കും, മേല്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച് പ്രചരിപ്പിച്ചത്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News