
റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. മൂന്നു പേർക്ക് പരുക്കേറ്റു. ദേശീയപാത 766ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് വച്ചാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ 5:00 മണിയോടെയാണ് അപകടം സംഭവിച്ചത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അമ്പായത്തോട് സ്വദേശി ഗഫൂർ, കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് പരുക്ക് ഏറ്റത്. ഇവരിൽ സതീഷ് കുമാറിൻ്റെയും ബിബീഷിൻ്റെയും പരുക്ക് ഗുരുതരമല്ല.
റോഡിലേക്ക് ഒടിഞ്ഞു വീണ മാവിൻ്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബിബീഷ് സുഹൃത്തിനൊപ്പം സ്കൂട്ടറിലും, സതീഷ് കുമാർ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോൾ മാങ്ങ ശേഖരിക്കാൻ വാഹനങ്ങൾ നിർത്തിയതായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും, യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത സ്തംഭനം ഉണ്ടായെങ്കിലും, താമരശേരി പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here