
നവകേരള സൃഷ്‌ടിക്കായി ഒന്നിച്ച് അണിനിരക്കാൻ അഭ്യർഥിച്ച് കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം. കേന്ദ്ര സർക്കാർ രാഷ്ട്രീയ വിവേചനത്തോടെ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ പോരാട്ടം തുടരണം. മനുഷ്യത്വരഹിതമായ കേന്ദ്ര അവഗണന അവസാനിപ്പിക്കുകയും കേരളത്തിന് അർഹമായ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയും വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാർ നവകേരള സൃഷ്‌ടിക്കായി ബഹുമുഖ പദ്ധതികളാണ് നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണത്തിലൂടെയും കേരളത്തിലെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി.
ആരോഗ്യ സേവനങ്ങളുടെ കാര്യത്തിൽ കേരളം ഒന്നാമതാണ്. സംസ്ഥാനത്തെ ശിശുമരണനിരക്കും മാതൃമരണ നിരക്കും ദേശീയ നിരക്കിനേക്കാൾ വളരെ കുറവാണ്. വീടില്ലാത്തവർക്ക് വീട് നൽകുന്ന ലൈഫ് മിഷൻ പദ്ധതിയിലൂടെ നാല് ലക്ഷത്തിലധികം വീടുകൾ നിർമിച്ചുനൽകി. അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള മാതൃകാ പദ്ധതികളും നടപ്പാക്കിവരുന്നു.
നവകേരളം സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നയപരമായ ഇടപെടലിന്റെ പ്രതിഫലനമാണ് കേരളത്തിന് ലഭിക്കുന്ന അംഗീകാരങ്ങൾ. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതിലും കേരളം ഒന്നാംസ്ഥാനത്ത് തുടരുന്നു. എല്ലാ അധികാരങ്ങളും സമ്പത്തും കേന്ദ്രത്തിൽ മാത്രം കുന്നു കൂടുന്ന ഏകാധിപത്യപരമായ കേന്ദ്രീകൃത സംവിധാനമാണ് നരേന്ദ്രമോദിയും ബിജെപിയും ലക്ഷ്യംവെക്കുന്നത്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുക എന്നത് ഈ അജണ്ടയുടെ ഭാഗമാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

