ശേഷാദ്രിയുടെ ‘തിലകം’ ഗോൾവാൾക്കറുടേത്? പ്രതിഷേധിക്കാൻ കമ്മ്യൂണിസറ്റുകാർ മാത്രം: കെ ടി ജലീൽ

kt jaleel

ശേഷാദ്രിയുടെ തിലകം ലീഡറുടേതല്ലെന്നും അത് ​ഗോൾവാൾക്കറുടേതാണോയെന്നും കെ ടി ജലീൽ. ഈ നിയമനം കൃത്യമായ യു ഡി എഫ് ബി ജെ പി ഡീലാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടേഴ്സ് ലിസ്റ്റ് അംഗീകരിക്കലും, മെമ്പർമാർക്ക് അയോഗ്യത കൽപ്പിക്കൽ ഉൾപ്പടെയുള്ള പരാതികൾക്ക് പരിഹാരം കാണലുമെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യത്തിന് കുടപിടിക്കുന്ന ഒരാളെ തദ്ദേശവകുപ്പ് ശുപാർശ ചെയ്ത് മന്ത്രിസഭ അംഗീകരിച്ച് നിയമനത്തിനായി ഗവർണർക്ക് അയച്ചതിനു പിന്നിൽ ലീഗ്-ബി.ജെ.പി-കോൺഗ്രസ് അന്തർധാര ആണെന്നും അദ്ദേഹം പറയുന്നു.

നിയമനത്തിൽ ലീ​ഗ് നേതാക്കൾ പ്രതികരിക്കാത്തതിനെയും കെ ടി ജലീൽ ചോദ്യം ചെയ്യുന്നുണ്ട്. ഇ ഡി അന്വേഷണം ഉൾപ്പെടെ നേരിടുന്നവരാണ് തദ്ദേശ മന്ത്രി ഉൾപ്പെടെയുള്ള ലീ​ഗ് നേതാക്കൾ ആ സാഹചര്യത്തിൽ ഇതിനോട് ലീ​ഗ് നേതാക്കൾ പ്രതികരിക്കാത്തതിൽ അതിശയമില്ലാത്തതിനെപ്പറ്റിയും അദ്ദേഹം പറയുന്നു. മന്ത്രി കെ എം ഷാജിയുടെ പിഎംഎവൈ ഭവന പദ്ധതി വിഷയത്തിൽ വീട്ടിൽ എംപ്ലം വെക്കാമെന്ന് പറഞ്ഞതിലും ഇതിൻ്റെയെല്ലാം ബന്ധങ്ങൾ കാണാമെന്ന് അദ്ദേഹം പറയുന്നു.

Also read: വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റേത് കള്ളക്കളി, മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദം അം​ഗീകരിക്കാനാവില്ലെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ശേഷാദ്രിയുടെ ”തിലകം” ലീഡറുടേതല്ല, ഗോൾവാൾക്കറുടേത്?
കേരളത്തിന്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥൻ നിയമിതനായിരിക്കുന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്ത് നിയമിതനായ മുൻ കമ്മീഷണർ എ. ഷാജഹാൻ ഐ.എ.എസ് വിരമിച്ച ഒഴിവിലേക്കാണ് എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥനെ നിയമിക്കാൻ സംസ്ഥാന മന്ത്രിസഭ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ശുപാർശ നൽകിയത്. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിരവധി ബില്ലുകൾക്ക് അംഗീകാരം നൽകാതെ അവക്കുമേൽ അടയിരിക്കുന്ന ഗവർണർ, പക്ഷെ സ്ഥലത്തില്ലാതിരുന്നിട്ടും ഓൺലൈൻ വഴി പ്രകാശവേഗതയിൽ ഒപ്പിട്ടാണ് ശേഷാദ്രിയുടെ നിയമനം പ്രാബല്യത്തിൽ വരുത്തിയത്.
1990 ജനുവരി 13-ന് അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷാദ്രിനാഥൻ, 2000-ലാണ് കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ് മജിസ്ട്രേറ്റായി തെരഞ്ഞെടുക്കപ്പെടുന്നത്. കൊച്ചിയിലെ സ്‌പെഷ്യൽ സിബിഐ (CBI), എൻഐഎ (NIA) കോടതികളിൽ സ്പെഷ്യൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ശേഷാദ്രിനാഥ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തിയിൽ പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജിയായും പ്രവർത്തിച്ചു. കേരള സഹകരണ ട്രിബ്യൂണൽ (Kerala Co-operative Tribunal) ചുമതലക്കാരനായി പ്രവർത്തിച്ച ശേഷാദ്രി, ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം, സേവനകാലാവധി നീട്ടിക്കിട്ടിയതിനെ തുടർന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതി (Family Court) ജഡ്ജിയായി നിയോഗിക്കപ്പെട്ടു. പ്രസ്തുത പദവി വഹിക്കവെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള UDF സർക്കാരിൻ്റെ പുതിയ നിയമനം.
ശേഷാദ്രിനാഥിൻ്റെ സംഘ്പരിവാർ പശ്ചാതലം മനസ്സിലാക്കാൻ അദ്ദേഹത്തിൻ്റെ കരിയർ നാൾവഴികൾ പരിശോധിച്ചാൽ മാത്രം മതി. തദ്ദേശ സ്ഥാപന തെരഞ്ഞുടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട പ്രധാന പോസ്റ്റിൽ ഒരു “സംഘി”യെ UDF സർക്കാർ നിയമിച്ചതിൻ്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടേഴ്സ് ലിസ്റ്റ് അംഗീകരിക്കലും, മെമ്പർമാർക്ക് അയോഗ്യത കൽപ്പിക്കൽ ഉൾപ്പടെയുള്ള പരാതികൾക്ക് പരിഹാരം കാണലുമെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യത്തിന് കുടപിടിക്കുന്ന ഒരാളെ തദ്ദേശവകുപ്പ് ശുപാർശ ചെയ്ത് മന്ത്രിസഭ അംഗീകരിച്ച് നിയമനത്തിനായി ഗവർണർക്ക് അയച്ചതിനു പിന്നിൽ ലീഗ്-ബി.ജെ.പി-കോൺഗ്രസ് അന്തർധാര ആണെന്ന കാര്യത്തിൽ സംശയമില്ല. കള്ളപ്പണ ഇടപാടുകളിൽ കേന്ദ്രസർക്കാരിനു കീഴിലെ ഇ.ഡിയുടെയും ഇൻകംടാക്സ് ഡിപ്പാർട്ടുമെൻ്റിൻ്റെയും അന്വേഷണം നേരിടുന്നവരാണ് തദ്ദേശമന്ത്രി ഉൾപ്പടെയുള്ള പ്രമുഖരായ പല ലീഗ് നേതാക്കളുമെന്ന കാര്യം ഇത്തരുണത്തിൽ പ്രത്യേകം സ്മരണീയമാണ്.
കേന്ദ്ര ഗവൺമെൻ്റിനോട് ഏറ്റുമുട്ടലിനില്ല എന്ന തദ്ദേശമന്ത്രിയുടെ പ്രസ്താവനയും, PMAY ഭവനപദ്ധതിയിൽ ഒന്നരലക്ഷം കേന്ദ്രസഹായം ലഭിക്കുന്നതിനാൽ മോദി സർക്കാരിൻ്റെ “എംബ്ലം” മേൽ സ്കീം പ്രകാരം പൂർത്തിയാക്കുന്ന വീടുകളുടെ മുൻഭാഗത്ത് പതിക്കുന്നതിൽ തെറ്റില്ലെന്ന ഷാജിയുടെ അഭിപ്രായപ്രകടനവും ഇതോടൊപ്പം ചേർത്തുവായിക്കണം. ശേഷാദ്രിയുടെ നിയമനവുമായി ബന്ധപ്പെട്ട ലീഗ് സംസ്ഥാന നേതൃത്വത്തിൻ്റെ കുറ്റകരമായ മൗനം ദുരൂഹമാണ്.
ശേഷാദ്രിനാഥിൻ്റെ വിശ്വാസമാണോ എതിർക്കുന്നവരുടെ പ്രശ്നമെന്ന ചോദ്യമുയർത്തി പ്രശ്നത്തെ വർഗ്ഗീയവൽക്കരിച്ച് തടിതപ്പാനുള്ള എൻ്റെ പഴയ സഹപ്രവർത്തകൻ്റെ ‘ഗിമ്മിക്ക്’ വിലപ്പോവില്ല. ശേഷാദ്രിനാഥൻ തൻ്റെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത ഫോട്ടോകളും കുറിപ്പുകളും വാർത്തകളുമെല്ലാം ഞൊടിയിടയിൽ അപ്രത്യക്ഷമാക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും വ്യക്തമാക്കണം.
ശേഷാദ്രിയുടെ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ മുഴുവൻ വീണ്ടെടുക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് അപേക്ഷ നൽകിയിരിക്കുന്നത് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: നിയാസാണ്. ഒരു ദേശീയ മുസ്ലിമിന് തോന്നിയ ”സംഘിവിരോധം” പോലും എന്തുകൊണ്ടാണ് മുസ്ലിംലീഗിനും ലീഗ് നേതാക്കൾക്കും ജമാഅത്തെ ഇസ്ലാമിക്കും പൂക്കോട്ടൂരാതി കൂടത്തായിമാർക്കും തോന്നാത്തത്?
ശേഷാദ്രിനാഥിൻ്റെ നെറ്റിയിലെ “തിലകം” യഥാർത്ഥ ഹിന്ദുമത ഭക്തനായ ലീഡർ കരുണാകരൻ്റെ നെറ്റിയിൽ കേരളം കണ്ട തിലകമല്ല. മുരളീധരൻ്റെയും ഉണ്ണിത്താൻ്റെയും നെറ്റിയിൽ ചാർത്താറുള്ള തിലകവുമല്ല. അത് “സംഘ് ഭക്തരായ” ഗോൾവാൾക്കറുടെയും, ശശികല ടീച്ചറുടെയുടെയും, രാജീവ് ചന്ദ്രശേഖറിൻ്റെയും നെറ്റിയിൽ നാം കാണുന്ന തിലകമാണ്.
ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്നവർ പാലിക്കേണ്ട “സാമാന്യ മര്യാദക്ക്” എതിരാണ് ശേഷാദ്രിയുടെ “വിശ്വാസത്തിൻ്റെ ബഹിർപ്രകടനം”. തൊപ്പി ധരിച്ചോ, കൃപാണം തൂക്കിയോ, മറ്റുള്ളവർ കാൺകെ കുരിശുമാല അണിഞ്ഞോ, ഒരാൾ ജുഡീഷ്യറിയിൽ പ്രവർത്തിച്ചാലോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലേക്കു വന്നാലോ എന്താകും സംഘ് പരിവാരങ്ങളുടെ നിലപാട്? മന്ത്രി ഷാജിയുടെ നിർദോഷകരമായ വിശ്വാസ അടയാളമായി അവയെ ബി.ജെ.പിയും ആർ.എസ്.എസും കാണുമോ?
അത്യന്തം ഗൗരവതരമായ ഇത്തരമൊരു വിഷയത്തിൽ പ്രതികരിക്കാൻ ബാദ്ധ്യതപ്പെട്ട കോൺഗ്രസ് ഹൈക്കമാൻ്റും നേതാക്കളും ഏതു മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? ഖാളിമാരും സമുദായ നേതാക്കളും പുരോഹിതരും ഏതു വെളിച്ചം കടക്കാത്ത ഇരുട്ടറയിലേക്കാണ് ഉൾവലിഞ്ഞിരിക്കുന്നത്? UDF ഭരണത്തിൽ കേരളം കാവിവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്, ശരവേഗതയിൽ. പ്രതിഷേധിക്കാൻ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ തെരുവിൽ കാണുന്നുള്ളൂ. ശേഷിക്കുന്നവരെല്ലാം ഉറങ്ങുകയാണ്, അല്ല ഉറക്കം നടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News