
നീണ്ടകാലത്തെ സഹയാത്രിക പദവി അവസാനിപ്പിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി. ജലീലും ഭാര്യ ഫാത്തിമക്കുട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗത്വം സ്വീകരിച്ചു. താനും ഭാര്യയും സി.പി.എം അംഗത്വം സ്വീകരിക്കുന്ന കാര്യം ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോൾ ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ കഴിയില്ലെന്ന രീതിയിൽ ചില കോണുകളിൽ നിന്ന് ഉയരുന്ന കുപ്രചരണങ്ങൾക്ക് ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കയാണ് കെ ടി ജലീൽ.
വിശ്വാസത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മാറ്റിനിർത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ എതിരാളികളെ കെ.ടി ജലീൽ രൂക്ഷമായി വിമർശിച്ചു. “ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്ലാമിക്കാരനും മുസ്ലിംലീഗിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ആശയ ഭിന്നത തടസ്സമല്ലെങ്കിൽ ഒരു ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്തുകൊണ്ട് ഒരുമിച്ച് പ്രവർത്തിക്കാനാവില്ല?” ജലീൽ ചോദിക്കുന്നു.
കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ്, ഡി.എം.കെ, ആം ആദ്മി പാർട്ടി, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിലൊക്കെ വിശ്വാസികൾക്ക് അംഗമാകാമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാത്രം അത് പാടില്ലെന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഹിന്ദു സി.പി.എമ്മിൽ ചേരരുതെന്ന് ആർ.എസ്.എസും, മുസ്ലിം ചേരരുതെന്ന് മുസ്ലിം ലീഗും, ക്രൈസ്തവർ ചേരരുതെന്ന് ‘കൃസംഘി’കളുമാണ് വാദിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വര സംസ്കാരം തകർക്കാൻ ശ്രമിക്കുന്ന മതഭ്രാന്തന്മാരുടെ ഈ വാക്കുകൾ ചവറ്റുകൊട്ടയിലെറിയാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ALSO READ; ‘കോൺഗ്രസിന്റേത് കേരളത്തെ വിറ്റഴിക്കാനുള്ള ധവളപത്രം’ : പി എ മുഹമ്മദ് റിയാസ്
മതനിഷേധിയോ യുക്തിവാദിയോ ആയവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകൂ എന്ന് ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്ന് ജലീൽ വ്യക്തമാക്കി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേവലമൊരു ദാർശനിക പാർട്ടി മാത്രമല്ല, അതൊരു പ്രായോഗിക രാഷ്ട്രീയ സംഘടന കൂടിയാണ്. പാർട്ടിയുടെ രാഷ്ട്രീയ പ്രമേയങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ സന്നദ്ധരായ ഏത് വിശ്വാസിക്കും പാർട്ടിയിൽ അംഗത്വം നൽകുമെന്ന കാര്യം മുൻപ് ഇ.എം.എസ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സഖാവ് ലെനിൻ പണ്ട് ഒരു പുരോഹിതന് പാർട്ടി അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളും ജലീൽ കുറിപ്പിൽ വ്യക്തമാക്കുന്നു. പാർട്ടി പരിപാടിയും ഭരണഘടനയും അനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ നിശ്ചയമായും പാർട്ടിയംഗമാവാം. ഒരു പുരോഹിതനെന്ന നിലയിൽ അയാൾ പള്ളിയിൽ ചെയ്യുന്ന പണിയല്ലല്ലോ പാർട്ടിയിൽ ചെയ്യുന്നത്.” ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചരിത്രത്തിൽ ഹസ്രറത്ത് മൊഹാനിയെയും ഹസ്രത്ത് ബർക്കത്തുള്ളയെയും പോലുള്ള വലിയ ഇസ്ലാമിക പണ്ഡിതന്മാർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മീയ രംഗത്ത് വ്യത്യസ്ത വഴികൾ സ്വീകരിക്കുന്ന കോൺഗ്രസ്സുകാരോ ലീഗുകാരോ ‘അര കോൺഗ്രസ്സുകാരോ’ ‘അര ലീഗുകാരോ’ അല്ലാത്തതുപോലെ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അംഗീകരിച്ച് പാർട്ടിയിൽ പ്രവർത്തിക്കുന്ന വിശ്വാസികൾ ‘അര കമ്മ്യൂണിസ്റ്റുകാരല്ലെന്ന്’ അദ്ദേഹം കുറിച്ചു.
എല്ലാ പാർട്ടികളിലെയും വിശ്വാസികളായ മുസ്ലിങ്ങൾ നമസ്കരിക്കാൻ മസ്ജിദുകളിലും, ഹിന്ദുക്കൾ ക്ഷേത്രങ്ങളിലും, ക്രൈസ്തവർ ചർച്ചുകളിലുമാണ് പോകുന്നത്. സി.പി.എമ്മിലും ഇതിന് യാതൊരു മാറ്റവുമില്ല.
ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്, അല്ലാതെ ഓരോരുത്തരുടെയും പാർട്ടി മെമ്പർഷിപ്പിലേക്കല്ല. ആരും നിങ്ങളുടെ ആരാധനാചാരങ്ങളെ നിരുത്സാഹപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. നിങ്ങൾക്കോരോരുത്തർക്കും ഒരു നല്ല ഹിന്ദുവോ ക്രൈസ്തവനോ മുസ്ലിമോ ആയിത്തന്നെ ഒരു നല്ല കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമാകാം,” ജലീൽ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

