
മുഖ്യമന്ത്രി വി ഡി സതീശന്റെ അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയുമായി സിപിഐഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണൻ. കമ്മ്യൂണിസ്റ്റുകാരെയും സോവിയറ്റ് യൂണിയനും സ്റ്റാലിനും ഫാസത്തിനെതിരെ സ്വീകരിച്ച ധീരോദാത്തമായ നടപടിയെയും നിയമസഭയിൽ ആക്ഷേപിച്ച മുഖ്യമന്ത്രി വി. ഡി. സതീശനാണ് അദ്ദേഹം മറുപടി നൽകിയത്. കമ്മ്യൂണിസവും സോവിയറ്റ് യൂണിയനും ഒക്കെ മനുഷ്യരാശിയുടെ ചരിത്രത്തിൽ ദേശ-രാഷ്ട്ര വ്യത്യാസങ്ങൾക്കപ്പുറത്ത്, അസമത്വവും സാമ്പത്തികമായ ഉച്ചനീചത്വങ്ങളും സാമൂഹ്യമായ വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഒരു പ്രത്യയശാസ്ത്രമാണെന്നും മുഖ്യമന്ത്രിയെ കെ ടി കുഞ്ഞിക്കണ്ണൻ ഓർമിപ്പിച്ചു.
‘മോസ്കോയിൽ മഴ പെയ്യുമ്പോൾ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. വലതുപക്ഷ ശക്തികളും ജാതി-ഫ്യൂഡൽ ബോധത്തിന്റെ ഏറ്റവും അശ്ലീലകരമായ നിലപാടുകൾ ഉള്ള ആളുകളും എത്രയോ കാലമായി പറയുന്നതാണിതെന്നും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജന്മം കൊള്ളുന്നത് തന്നെ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സുദീർഘമായ സമരത്തിന്റെ ചരിത്രഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായിട്ടുള്ള സമരങ്ങൾക്ക് ലോകത്തെല്ലായിടത്തും നേതൃത്വം നൽകിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയും സോവിയറ്റ് യൂണിയനും ആണ്.
1930-കളിൽ യൂറോപ്പിനെ പിടികൂടിയ നാസിസത്തെയും ഫാസിസത്തെയും ചെറുക്കാൻ ധീരോദാത്തമായ നടപടി സ്വീകരിച്ചത് സോവിയറ്റ് യൂണിയനാണ്. വി ഡി സതീശൻ ചരിത്രം പഠിച്ചത് അരുൺ ശൂരിയെപ്പോലുള്ള ആർ.എസ്.എസ്സുകാരിൽ നിന്നാണെന്നും കെ ടി കുഞ്ഞിക്കണ്ണൻ പരിഹസിച്ചു. സോവിയറ്റ് യൂണിയൻ ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ ഹിറ്റ്ലറോടൊപ്പമാണെന്ന അരുൺ ശൂരിയുടെ നറേഷൻ ഏറ്റെടുക്കുകയാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു.
ഹിറ്റ്ലറുടെ ഭീഷണിയെ പ്രതിരോധിക്കാൻ കഴിയാവുന്ന തരത്തിലുള്ള തയ്യാറെടുപ്പിന് ആവശ്യമായ സമയം എന്ന നിലയ്ക്കാണ് സോവിയറ്റ് യൂണിയൻ അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന മോളോട്ടോവ് വഴി ജർമ്മനിയുമായി ചർച്ച നടത്തിയതെന്നും യൂറോപ്പിൽ ആ യുദ്ധകാലത്ത് ജർമ്മനിയും സോവിയറ്റ് യൂണിയനും തമ്മിൽ യുദ്ധങ്ങൾ ഉണ്ടാവരുത് എന്ന നിലയ്ക്ക് ഒരു അനാക്രമണ കരാറാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് ‘ഓപ്പറേഷൻ ബാർബറോസ’ എന്ന പേരിൽ സോവിയറ്റ് യൂണിയനെയും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും ജർമ്മനിയുടെ സാമ്രാജ്യത്വത്തിന് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി ഹിറ്റ്ലർ എത്തിയ സന്ദർഭത്തിലാണ് സ്റ്റാലിൻ സഖ്യശക്തികളെയാകെ ഒന്നിപ്പിച്ച്, നാസിപ്പടയെ തുരത്തുന്ന ധീരോദാത്തമായ പോരാട്ടങ്ങൾ നടത്തിയത്.
ചരിത്രം പഠിച്ചിട്ടുള്ള എല്ലാ ആളുകൾക്കും ഇക്കാര്യങ്ങളറിയാമെന്ന് പറഞ്ഞ കെ ടി കുഞ്ഞിക്കണ്ണൻ സതീശന് ചരിത്രമറിയില്ലെന്നും കൂട്ടിച്ചേർത്തു.. സോവിയറ്റ് യൂണിയനാണ് ഹിറ്റ്ലറുടെ ഫാസിസ്റ്റ് സേനയെ യൂറോപ്പിൽ പരാജയപ്പെടുത്തിയതെന്നും അതിന് രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് സോവിയറ്റ് യൂണിയനാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ഫാസിസത്തിന്റെ പരാജയത്തോടുകൂടിയാണ് ലോകമാകെ ഡീകൊളോണിയലൈസേഷന് നിർബന്ധിതമായതെന്നും അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
സോവിയറ്റ് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികളിലൂടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര രാഷ്ട്രനിർമ്മിതിക്ക് ശക്തമായ സഹായം നൽകിയത്. ഇന്ത്യക്ക് പിൻബലം നൽകിയതും സോവിയറ്റ് യൂണിയൻ തന്നെ. ഇതൊക്കെ അറിയാവുന്ന ആളാണ് ജവഹർലാൽ നെഹ്റു എന്നും അതുകൊണ്ടാണ് സ്റ്റാലിന്റെ നിര്യാണത്തിന് ശേഷം ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ മനുഷ്യരാശിക്ക് വേണ്ടിയുള്ള സംഭാവനകളെ പുകഴ്ത്തി സംസാരിച്ചതെന്നും കെ ടി കുഞ്ഞിക്കണ്ണൻ വ്യക്തമാക്കി.
ഇതൊന്നും അറിയാതെ അരുൺ ശൂരിയെപ്പോലുള്ള ഹിന്ദുത്വവാദികളുടെ ചരിത്രരേഖകളിൽ നിന്ന് ചരിത്രം മനസിലാക്കിയ വി ഡി സതീശൻ ആർഎസ്എസിന്റെ അജണ്ടയിൽ നിന്നുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

