ഹിന്ദുത്വപൊതുബോധവും കെ ദാമോദരന്റെ ധൈഷണിക സംഭാവനകളും

K-Damodharan- K T Kunjikannan

കെ ടി കുഞ്ഞിക്കണ്ണൻ

കേരളത്തിൽ കമ്യൂണിസ്റ്റുപാർടിയുടെ ആദ്യഘടകത്തിന് ജന്മം നൽകിയ ദീർഘദർശികളും ധിഷണാശാലികളുമായ സ്വാതന്ത്ര്യസമരസേനാനികളിൽ ഒരാളുടെ ചരമദിനമാണിന്ന്. സഖാവ് കെ.ദാമോദരന്റെ ചരമദിനം. 1976-ൽ ജൂൺ മൂന്നിനാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ധിഷണാശാലിയായ സ:കെ.ദാമോദരൻ മരണമടയുന്നത്. അടിയന്തരാവസ്ഥയുടെ ആത്മസംഘർഷങ്ങളും രാഷ്ട്രീയ സന്ദിഗ്ധതകളും നിറഞ്ഞുനിന്ന സാഹചര്യത്തിലാണ് സംഭവബഹുലമായ തന്റെ ജീവിതത്തിന് കെ.ദാമോദരൻ തിരശ്ശീലയിടുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 50-ാം വാർഷികം രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികൾ നിയോഫാസിസ്റ്റ്ശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആലോചനകളുമായി ആചരിക്കുന്ന സന്ദർഭത്തിലാണ് കെ.ദാമോദരന്റെ ചരമദിനം കടന്നുപോകുന്നത്.

കേരളത്തിലെ ഒന്നാമത്തെ കമ്യൂണിസ്റ്റുകാരനായിട്ടാണ് സഖാവ് കെ.ദാമോദരനെ പല കമ്യൂണിസ്റ്റ് പാർടി ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 1937-ൽ കമ്യൂണിസ്റ്റ് പാർടിയുടെ പ്രഥമഘടകം കേരളത്തിൽ രൂപംകൊള്ളുന്നതിന് ഒരു വർഷം മുമ്പ് അദ്ദേഹം കമ്യൂണിസ്റ്റ് പാർടി അംഗമായികഴിഞ്ഞിരുന്നു. കാശി വിദ്യാപീഠത്തിലെ തന്റെ വിദ്യാഭ്യാസ കാലത്താണ് കമ്യൂണിസ്റ്റ് ആശയങ്ങളും നേതാക്കളുമായി അദ്ദേഹത്തിന് ബന്ധമുണ്ടാകുന്നത്. വ്യത്യസ്തമായ വാദങ്ങൾ ഇക്കാര്യത്തിലുണ്ടെന്നും കാണണം. തലശ്ശേരിക്കാരനായ എ.സി.എ.എൻ.നമ്പ്യാർ ജർമ്മൻ കമ്യൂണിസ്റ്റ് പാർടിയിൽ നേരത്തെ അംഗങ്ങളായിരുന്നു. 1928-ൽ എൻ.സി.ശേഖറും പൊന്നറ ശ്രീധറും എൻ.വി.കുരിക്കളും തിരുവട്ടാർ താണുപ്പിള്ള എന്നിവരുമെല്ലാം ചേർന്ന് തിരുവിതാംകൂറിൽ ഒരു രഹസ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പിന് രൂപം നൽകുന്നുണ്ട്. ഇവർക്ക് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോഴാണ് കേരളത്തിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെട്ട് ആദ്യം അംഗത്വമെടുത്ത കമ്യൂണിസ്റ്റുകാരനായി കെ.ദാമോദരൻ അടയാളപ്പെടുത്തപ്പെടുന്നത്.

കെ.ദാമോദരൻ കാശി വിദ്യാപീഠത്തിൽ നിന്നും കേരളത്തിലെത്തുമ്പോഴേക്കും കമ്യൂണിസ്റ്റ് ലീഗിന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ നിശ്ചലമായിക്കഴിഞ്ഞിരുന്നു. എൻ.സി.ശേഖർ ഉൾപ്പെടെയുള്ള ആ രഹസ്യഗ്രൂപ്പിന്റെ സംഘാടകർ തങ്ങളുടെ കമ്യൂണിസ്റ്റ് ചിന്താഗതി നിലനിർത്തിക്കൊണ്ടുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി സജീവമായിരുന്നു. ഇവരെല്ലാം പി.കൃഷ്ണപിള്ളയുമായി രാഷ്ട്രീയ ചർച്ചകൾ ആരംഭിക്കുകയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിക്കകത്ത് കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ളവരുടെ ഏകോപനത്തിനുവേണ്ടി ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. കൃഷ്ണപിള്ളയാകട്ടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബോംബെ-ലക്‌നൗ എ.ഐ.സി.സി സമ്മേളനങ്ങളിൽ പങ്കെടുക്കുകയും അവിടെ രഹസ്യമായി വിതരണം ചെയ്തിരുന്ന ലഘുലേഖകളും കമ്യൂണിസ്റ്റ് പാർടി പ്രസിദ്ധീകരണങ്ങളും വായിക്കുകയും മനസ്സുകൊണ്ട് കമ്യൂണിസ്റ്റ് അനുഭാവിയായി മാറുകയും ചെയ്തു.

കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തെതുടർന്ന് അറസ്റ്റുചെയ്ത് കണ്ണൂർ ജയിലിലടക്കപ്പെട്ട ഇ.എം.എസിനാകട്ടെ ബംഗാളിൽ നിന്നുള്ള വിപ്ലവകാരികളുമായുള്ള ബന്ധം വഴി കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം രൂപപ്പെടുകയും ചെയ്തു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേന്ദ്രകമ്മറ്റിയിൽ ദക്ഷിണേന്ത്യയിലെ പാർടി സംഘടനയുടെ ചുമതല വഹിച്ചിരുന്ന സുന്ദരയ്യയും എസ്.വി.ഖാട്ടെയുമായി ചേർന്നാണ് കേരളത്തിലെ ആദ്യത്തെ പാർടിഘടക രൂപീകരണത്തിനുള്ള സാഹചര്യം ഒരുക്കപ്പെടുന്നത്. അങ്ങനെയാണ് 1937-ൽ കോഴിക്കോട് കല്ലായ് റോട്ടിലെ ഒരു പച്ചക്കറിക്കടയുടെ മാളികമുറിയിൽ എസ്.വി.ഖാട്ടെയുടെ സാന്നിധ്യത്തിൽ സഖാക്കൾ കൃഷ്ണപിള്ളയും കെ.ദാമോദരനും എൻ.സി.ശേഖറും ഇ.എം.എസും ചേർന്ന് കമ്യൂണിസ്റ്റ് പാർടിയുടെ പ്രഥമഘടകം രൂപീകരിക്കുന്നത്. ഇതിന്റെ സംഘാടക പ്രവർത്തനങ്ങളിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് കെ.ദാമോദരൻ വഹിച്ചത്. പരസ്യപ്പെടുത്താതെ കോൺഗ്രസ് സോഷ്യലിസ്റ്റുകൾക്കിടയിൽ ഒരു അടിത്തറയുണ്ടാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് പാർടിയെ വളർത്തിയെടുക്കുകയെന്നതായിരുന്നു 1937-ൽ രൂപംകൊണ്ട ഘടകത്തിന്റെ തീരുമാനം.

ഈയൊരു സന്ദർഭത്തിൽ സോഷ്യലിസ്റ്റ് എന്ന പേരിൽ ഒരു പ്രസിദ്ധീകരണം തുടങ്ങാനുള്ള നീക്കം കെ.ദാമോദരൻ നടത്തുന്നുണ്ട്. അതിനുള്ള അനുമതി അന്നത്തെ മദിരാശി ഗവൺമെന്റ് നിഷേധിക്കുകയായിരുന്നു. തുടർന്ന് മദിരാശി അസംബ്ലിയിൽ എം.എൽ.എ ആയിരുന്ന സഖാവ് ഇ.എം.എസിന്റെ പേരിൽ പ്രഭാതം വാരിക പുനഃപ്രസിദ്ധീകരിക്കാനുള്ള അനുമതി മദിരാശി ഗവൺമെന്റ് നൽകുകയായിരുന്നു. അങ്ങനെയാണ് 1938 ഏപ്രിൽ മാസം മുതൽ കോഴിക്കോട് നിന്നും പ്രഭാതം പ്രസിദ്ധീകരിക്കുന്നത്. പ്രഭാതം വഴിയാണ് കേരളത്തിൽ പുതിയ കമ്യൂണിസ്റ്റ് എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും ഒരു നിര ഉയർന്നുവരുന്നതെന്ന് പറയാം. പി.കൃഷ്ണപിള്ളയെകൊണ്ടുപോലും പ്രഭാതത്തിൽ നിർബന്ധിച്ച് ദാമോദരൻ ലേഖനമെഴുതിച്ചിരുന്നു. പ്രഭാതത്തിൽ ദാമോദരൻ കൈകാര്യം ചെയ്തിരുന്ന സ്ഥിരം പംക്തികളായ ‘ഞങ്ങൾ പറയട്ടെ’, ‘ഇന്നത്തെ ലോകം’ എന്നിവയൊക്കെ വായനക്കാരെ നന്നായി ആകർഷിച്ചിരുന്നു. ഒരുപക്ഷെ കേരളത്തിൽ കമ്യൂണിസ്റ്റ് മാധ്യമപ്രവർത്തനത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വഴികൾ തുറന്നിട്ടത് കെ.ദാമോദരനിലൂടെയാണെന്ന് പറയാം.

പത്രങ്ങളെ എങ്ങനെ ജനങ്ങളുടെ ശബ്ദവും സംഘാടകനുമാക്കി മാറ്റണമെന്നതായിരുന്നു ലെനിനിസ്റ്റ് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനം തന്നെ. അസാമാന്യമായ ധിഷണയും സംഘാടകപടുത്വവുമുണ്ടായിരുന്ന കെ.ദാമോദരൻ അഖിലേന്ത്യാതലത്തിൽതന്നെ കോൺഗ്രസ് സമ്മേളനങ്ങളിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി സമ്മേളനങ്ങളിലും ഇക്കാലത്തിനിടയിൽ ശ്രദ്ധേയനായി കഴിഞ്ഞിരുന്നു.
ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ചൂടും വീറും ഏറ്റുവാങ്ങിയ ദാമോദരൻ ബ്രിട്ടീഷ് വിരുദ്ധ പ്രകടനത്തിന്റെ പേരിൽ വിദ്യാർത്ഥിയായിരിക്കെ അറസ്റ്റുചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. ജയിൽ മോചിതനായശേഷം കോഴിക്കോട് സാമൂതിരികോളേജിൽ ചേരാൻ ചെന്ന ദാമോദരന് അധികാരികൾ അഡ്മിഷൻ നൽകിയില്ല എന്നതും ചരിത്രമാണ്. ബ്രിട്ടീഷ് വിരുദ്ധനായ ദാമോദരനെപോലെ ഒരാളെ വിദ്യാർത്ഥിയായ് സ്വീകരിക്കാൻ സാമൂതിരികോളേജ് മാനേജ്‌മെന്റിന് അന്ന് ധൈര്യമുണ്ടായിരുന്നില്ല.

അങ്ങനെയാണ് ദാമോദരൻ കാശിവിദ്യാപീഠത്തിൽ പഠിക്കാൻ പോകുന്നത്. അവിടെവെച്ചാണ് അദ്ദേഹം കമ്യൂണിസ്റ്റ് വിപ്ലവകാരികളുമായി ബന്ധം സ്ഥാപിക്കുന്നതും സംഭവബഹുലമായ തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതും. ഇന്ത്യ കണ്ട പ്രധാനികളായ മാർക്‌സിസ്റ്റ് ബുദ്ധിജീവികളിൽ ഒരാളാകുന്നതും. കെ.ദാമോദരനാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ മലയാളത്തിലേക്കുള്ള ആദ്യവിവർത്തനം നിർവ്വഹിക്കുന്നത്. കോഴിക്കോട്ടെ അൽഅമീൻ പ്രസ്സാണ് മാതൃഭൂമി ഉൾപ്പെടെയുള്ള പ്രസ്സുകൾ അച്ചടിക്കാൻ വിസമ്മതിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അച്ചടിച്ച് പുറത്തിറക്കുന്നത്. മലബാർസിംഹം മുഹമ്മദ്അബ്ദുറഹിമാൻസാഹിബിന്റെ ഇടതുപക്ഷ ആഭിമുഖ്യമാണ് മാനിഫെസ്റ്റോവിനെ മലയാളത്തിൽ അച്ചടിഭാഗ്യമുണ്ടാക്കിയത്. അതെല്ലാം ചരിത്രം. മാർക്‌സിസത്തിന്റെ മൗലികതത്വങ്ങൾ മലയാളിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന ധീരോദാത്തമായ ഒരു കാലത്തിന്റെയും ധീരവിപ്ലവകാരികളുടെയും ചരിത്രം.

ഇന്ത്യൻ പൗരാണികദർശനങ്ങളെ മാർക്‌സിസ്റ്റ് നിലപാടുകളിൽ നിന്നും പഠിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന സുപ്രധാനങ്ങളായ വിജ്ഞാനഗവേഷണകൃതികൾ കെ.ദാമോദരൻ രചിച്ചിട്ടുണ്ട്. ചരിത്രത്തെയും പാരമ്പര്യത്തെയും മതത്തെയും ധർമ്മശാസ്ത്രങ്ങളെയും ഇതിഹാസസാഹിത്യത്തെയും മാർക്‌സിസ്റ്റ് രീതിശാസ്ത്രത്തിൽ നിന്ന് പഠിക്കാനും വിശദീകരിക്കാനും കെ.ദാമോദരൻ അസാമാന്യമായ ധൈഷണിക ധീരത കാണിച്ചിട്ടുണ്ട്.

ഇന്ന് പുരാണങ്ങളെയും പൗരാണികദർശനങ്ങളെയെല്ലാം ഹിന്ദുമതാധികാരത്തിന്റെ പ്രത്യയശാസ്ത്രലക്ഷ്യങ്ങൾക്കായി അപനിർമ്മിക്കപ്പെടുകയാണല്ലോ. ഫാസിസത്തിന്റെ ഇരുൾ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും എല്ലാ ആധുനികമായ ചിന്താസരണികളെയും കീഴടക്കുകയാണ്. ഈയൊരുകാലത്ത് അജ്ഞതയുടെയും ചരിത്രനിരാകരണത്തിന്റേതുമായ ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാൻ കെ.ദാമോദരന്റെ ചിന്തകളും പഠനങ്ങളും വലിയ തെളിച്ചമാണ് നൽകുന്നത്. കെ.ദാമോദരന്റെ 49-ാം ചരമവാർഷികദിനം അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളെ പഠിച്ചും പഠിപ്പിച്ചും ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാകട്ടെ.

വിദ്യാർത്ഥിയായിരിക്കുന്ന കാലംതൊട്ട് കെ.ദാമോദരൻ തന്റെ എഴുത്തുജീവിതവും തുടങ്ങി. ജവഹർലാൽനെഹ്‌റുവിനെക്കുറിച്ചുള്ള ലഘുജീവചരിത്രമായിരുന്നു ആദ്യത്തെ കൃതി. കെ.ദാമോദരനെക്കുറിച്ചുള്ള നിരീക്ഷണം ഓരോ വിഷയത്തിലും അതുമായി ബന്ധപ്പെട്ട ലഘുലേഖകൾ എഴുതിതയ്യാറാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം അസാമാന്യമാണെന്നാണ്. മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായ അദ്ദേഹം ആദ്യമെഴുതിയ ലഘുലേഖ കാറൽമാർക്‌സിന്റെ ജീവചരിത്രമായിരുന്നു. മെയ്ദിന ചരിത്രം തുടങ്ങി ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. റഷ്യൻവിപ്ലവത്തെക്കുറിച്ചുള്ള പഠനാർഹമായ ലഘു ഗ്രന്ഥവും അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ പ്രധാനമാണ്. ലാഭത്തെയും പണത്തെയും ചരക്കിനെയും വിനിമയത്തെയുമെല്ലാം സംബന്ധിച്ച മാർക്‌സിസ്റ്റ് സമ്പദ്ശാസ്ത്ര പഠനങ്ങൾക്ക് സഹായകരമായ നിരവധി ലഘുലേഖകൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ‘സമഷ്ടിവാദ വിജ്ഞാപനം’ എന്ന പേരിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ വിവർത്തനം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

1940-ൽ അറസ്റ്റുചെയ്യപ്പെട്ട് നീണ്ട ജയിൽവാസത്തിലായിരുന്ന കാലമൊഴിച്ച് രാഷ്ട്രീയവിദ്യാഭ്യാസത്തിനും സൈദ്ധാന്തിക പഠനത്തിനുമാവശ്യമായ ലഘുലേഖകളുടെ ഒരു രചനാജീവിതം തന്നെയാണ് കെ.ദാമോദരന്റേത് എന്നുപറയാം. അദ്ദേഹത്തിന്റെ വളരെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള ലഘുലേഖയാണ് ‘യേശുക്രിസ്തു മോസ്‌കോവിൽ’ എന്നത്. ക്രൈസ്തവ പൗരോഹിത്യത്തിന്റെ പിന്തിരിപ്പൻ സ്വഭാവത്തെ വിമർശനവിധേയമാക്കുകമാത്രമല്ല ആ കൃതി ചെയ്യുന്നത്. ക്രിസ്തുദർശനങ്ങളുടെയും ആദ്യകാലസഭയുടെ ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ ക്രിസ്തുമതം മുന്നോട്ടുവെച്ച മനുഷ്യസ്‌നേഹത്തിന്റെ ദർശനത്തെ വിശദീകരിക്കുക കൂടിയായിരുന്നു. ഈ ലഘുലേഖ മതത്തോടുള്ള യാന്ത്രികസമീപനങ്ങളെ തുറന്നെതിർക്കുന്നതിനും മതത്തെ അതിന്റെ ചരിത്രപരതയിൽ വിശകലനം ചെയ്യുന്നതുമാണ്. ഫാദർ വടക്കനെ പോലുള്ള ആളുകൾ കമ്യൂണിസത്തിനെതിരായി നടത്തുന്ന പ്രചാരവേലകളെ തുറന്നുകാണിക്കാനായി ബൈബിൾ വചനങ്ങളെതന്നെ ഉദ്ധരിച്ചും വിശദീകരിച്ചും തയ്യാറാക്കിയ ലഘുഗ്രന്ഥമായിരുന്നു ഇത്. ഇതിന് മറുപടിയായി ഫാദർ വടക്കൻ ‘യേശുക്രിസ്തു മോസ്‌കോവിലോ’ എന്ന പേരിൽ ഒരു ലഘുലേഖ ഇറക്കി. അതിന് മറുപടിയായി അതേ ആവേഗത്തിൽ ‘അതെ യേശുക്രിസ്തു മോസ്‌കോവിൽ തന്നെ’ എന്ന തലക്കെട്ടിൽ മറുപടി ലഘുലേഖ എഴുതി പ്രസിദ്ധീകരിച്ചു.

സാഹിത്യത്തെയും കലയെയുമെല്ലാം മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രധാരണകളിൽ നിന്ന് വിശദീകരിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. 1935-ൽ ലക്‌നൗവിൽ നടന്ന പ്രോഗ്രസീവ് റൈറ്റേഴ്‌സ് യൂണിയന്റെ രൂപീകരണ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഏക മലയാളിയായിരുന്നു കെ.ദാമോദരൻ. അദ്ദേഹത്തിന്റെ പാട്ടബാക്കിയും രക്തപാനവും പോലുള്ള നാടകങ്ങൾ മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങളുടെ ചരിത്രത്തിലെ ആദ്യരചനകളാണ്. 1958-ൽ എന്താണ് സാഹിത്യമെന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകം സാഹിത്യരംഗത്തെ മാർക്‌സിയൻ സമീപനം എന്താണെന്ന് വിശദീകരിക്കാനുള്ള ശ്രമമായിരുന്നു.

1957-ൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ‘കേരളത്തിലെ സ്വാതന്ത്ര്യസമരം’ എന്ന പുസ്തകം ശ്രദ്ധേയമായ ഒരു ചരിത്ര ഇടപെടലായിരുന്നു. കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള നാല് വാള്യങ്ങളുള്ള പുസ്തകത്തിന്റെ ഒരു വാള്യം മാത്രമെ അദ്ദേഹത്തിന് രചിക്കാൻ കഴിഞ്ഞുള്ളൂ. കേരളത്തിന്റെ പൂർണവും വിശദവും ശാസ്ത്രീയവുമായ ഒരു ചരിത്രം എഴുതി തയ്യാറാക്കുന്നതിലെ വൈഷമ്യങ്ങളെക്കുറിച്ച് കെ.ദാമോദരൻ പറയുന്നുണ്ട്. എട്ടാം നൂറ്റാണ്ട് വരെയുള്ള ചരിത്രം അഭ്യൂഹങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയിൽ നിന്ന് മോചിതമാകാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം ഖേദത്തോടെ എഴുതുന്നുണ്ട്. പക്ഷെ പുരാവസ്തു ഗവേഷണം, നരവംശശാസ്ത്രം, നാണയശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയിലുണ്ടായ പുതിയ സാധ്യതകളെ കേരളത്തിന്റെ ഇരുൾപരന്നുകിടക്കുന്ന ഭൂതകാലത്തെ, പ്രാചീന ചരിത്രത്തെ അനാവരണം ചെയ്യുന്നതിന് സഹായകരമാവുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

കേരളോത്പത്തി കഥകളിലെ അസംബന്ധങ്ങളെ ദാമോദരൻ പൊളിച്ചുകളയുന്നു. പ്രാചീന കേരളം സാമൂഹ്യപുരോഗതിയുടെ, അതായത് ചരിത്രപരമായ സാമൂഹ്യവികാസ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രാകൃത കമ്യൂണിസത്തിൽനിന്ന് അടിമവ്യവസ്ഥയിലേക്കല്ല വികസിച്ചതെന്ന് ഫ്യൂഡലിസത്തിലേക്ക് എടുത്തുചാട്ടം നടത്തുകയാണെന്നും തന്റെ കേരളചരിത്രത്തിൽ അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. കെ.ദാമോദരനെ ദാർശനികനായ ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയായിട്ടാണ് നമുക്ക് അടയാളപ്പെടുത്താൻ കഴിയുന്നത്. അദ്ദേഹത്തിന്റെ ഇന്ത്യയുടെ ആത്മാവും ഭാരതീയചിന്തയും ഇന്ത്യയുടെ പാരമ്പര്യത്തെയും പൗരാണികതയെയും സംബന്ധിച്ച അതീവ ഗഹനങ്ങളായ പഠനാനേ്വഷണങ്ങളെന്ന നിലയിൽ എഴുതപ്പെട്ടതാണ്. ആ കൃതികൾക്കെല്ലാമെതിരായ വിമർശനങ്ങൾ ജി അധികാരിയെ പോലുള്ള കമ്യൂണിസ്റ്റുകാരുടെ ഭാഗത്തുതന്നെ ഉണ്ടായിട്ടുണ്ട് എന്ന കാര്യം ഇവിടെ സൂചിപ്പിക്കട്ടെ.

ഇംഗ്ലീഷിൽ രചിക്കപ്പെട്ട ‘ഇന്ത്യൻ തോട്ടും’ ‘മാൻ ആന്റ് ദി സൊസൈറ്റിയും’ ഏറെ ചർച്ചചെയ്യപ്പെട്ട കൃതികളാണ്. മലയാളത്തിലെ തത്വചിന്താശാഖയിൽ പരിഗണനീയമായ കൃതിയായി കെ.ദാമോദരന്റെ ‘ധാർമ്മിക മൂല്യങ്ങൾ’ എന്ന പുസ്തക പലരും എടുത്തുകാണിച്ചിട്ടുണ്ട്. ആ പുസ്തകത്തെ ഒരു മൈനർ ക്ലാസിക്കായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. അത് സോഷ്യലിസ്റ്റ് പ്രയോഗങ്ങളുടെ, സോവിയറ്റ്, ചൈനീസ് മാതൃകകളുടെ വിമർശനകൃതി കൂടിയാണ്.

ഋഗേ്വദത്തെയും ഉപനിഷത്തുകളെയും പുരാണങ്ങളെയും ഗീതയെയുമെല്ലാം വിശകലനം ചെയ്തുകൊണ്ടും ഉദ്ധരിച്ചുകൊണ്ടും ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനം ആത്മീയതയാണെന്ന വാദത്തെ ദാമോദരൻ പൊളിച്ചടുക്കുന്നുണ്ട്. ഇന്ത്യൻ പാരമ്പര്യത്തെയും ഭൗതികവാദത്തെയും സംബന്ധിച്ച ദേബിപ്രസാദ് ചതോപാധ്യായയെ പോലുള്ളവരുടെ പഠനങ്ങൾ യാന്ത്രിക മാർക്‌സിസ്റ്റ് പഠനങ്ങളാണെന്ന വിമർശനവും ദാമോദരൻ ഉന്നയിച്ചിട്ടുണ്ട്. ദാമോദരന്റെ മനുഷ്യൻ എന്ന പ്രസിദ്ധമായ കൃതി പ്രപഞ്ചത്തെയും മനുഷ്യനെയുമെല്ലാം സംബന്ധിച്ച ദാർശനികമായൊരു അപഗ്രഥനമാണ്. തീർച്ചയായും ഹിന്ദുത്വം പൊതുബോധമായിക്കൊണ്ടിരിക്കുന്ന കേരളീയവർത്തമാനത്തിൽ കെ.ദാമോദരന്റെ ധൈഷണിക സംഭാവനകളെയും ഇന്ത്യൻ പാരമ്പര്യത്തെയും പൗരാണികതയെയും സംബന്ധിച്ച പഠനങ്ങൾ വളരെ പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News