‘പാർട്ടി ഭരണഘടന അനുസരിച്ച് പ്രവർത്തിച്ചാൽ ഒരു പുരോഹിതന് പോലും പാർട്ടിയിൽ അംഗമാകാം’; വിമർശനങ്ങൾക്ക് ചരിത്രം കൊണ്ട് മറുപടി നൽകി കെ.ടി. കുഞ്ഞിക്കണ്ണൻ

മുൻ മന്ത്രി കെ.ടി. ജലീൽ സി.പി.ഐ.എം അംഗത്വമെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ കെ.ടി. കുഞ്ഞിക്കണ്ണൻ. പാർട്ടി ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള ആർക്കും പാർട്ടിയിൽ അംഗമാകാമെന്നും ആത്മീയ പദവികൾ അതിന് തടസ്സമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു മുസ്ലിമിന് കമ്മ്യൂണിസ്റ്റാകാൻ കഴിയുമോ എന്ന ചോദ്യം ഉന്നയിച്ച് ചർച്ചകൾ കൊഴുപ്പിക്കുന്നവർക്ക് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ ചരിത്രം ഓർമ്മിപ്പിച്ചാണ് അദ്ദേഹം മറുപടി നൽകിയത്.

പാർട്ടി ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ ഒരു പുരോഹിതന് പോലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു പുരോഹിതനെന്ന നിലയിൽ അയാൾ പള്ളിയിൽ ചെയ്യുന്ന പണിയല്ലല്ലോ പാർട്ടിയിൽ ചെയ്യുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതവും ചൂഷണവും അവസാനിപ്പിക്കാനുള്ള സമര പ്രചാരണ സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരു പാതിരിയെന്ന നിലയിൽ അദ്ദേഹം വഹിക്കുന്ന ആത്മീയപദവി ഒരു തടസ്സവും സൃഷ്ടിക്കില്ല.” – കെ.ടി. കുഞ്ഞിക്കണ്ണൻ കുറിച്ചു.

ALSO READ; ഇടതു വിരു​ദ്ധത തലയ്ക്ക് പിടിച്ചപ്പോൾ ചരിത്രം മറന്നല്ലേ; 1883ൽ മരിച്ച കാൾ മാർക്സ് ‍എങ്ങനെ 1940ൽ നടന്ന ജൂത വംശഹത്യയെ എതിർക്കും ?

കെ.ടി. ജലീലിന്റെ പാർട്ടി അംഗത്വ പ്രഖ്യാപനത്തോടെ സോഷ്യൽ മീഡിയയിൽ ഉയർന്ന പുതിയ ‘ഇസ്ലാം – കമ്മ്യൂണിസ്റ്റ്’ വിവാദങ്ങളുടെ മുനയൊടിക്കുന്ന ചരിത്രവസ്തുതകളാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, റഷ്യയിലെ തൊഴിലാളിവർഗ്ഗ വിപ്ലവത്തിൽ ആകൃഷ്ടരായി അഫ്ഗാനിസ്ഥാന്റെ ഹിന്ദുക്കുഷും കൈബർ ചുരവുമെല്ലാം കടന്ന് താഷ്കെന്റിലെത്തിയ മുഹാജിറുകളാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ ഘടകം രൂപീകരിക്കുന്നതിന് സാഹചര്യമൊരുക്കിയത്. താഷ്കെന്റിൽ ജന്മം കൊണ്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന്റെ ആദ്യ സെക്രട്ടറി മുഹമ്മദ് ഷെഫീഖ് സിദ്ദിക്കിയായിരുന്നു. പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ മൗലാനാ ബർക്കത്തുള്ള ഉൾപ്പെടെയുള്ള നിരവധി ഇസ്ലാം മതവിശ്വാസികൾ ആ ആദ്യകാല ഘടകത്തിൽ അംഗങ്ങളായിരുന്നു.

പേർഷ്യൻ അറബിയിൽ മൗലാനാ ബർക്കത്തുള്ള രചിച്ച ‘ഇസ്ലാമും ബോൾഷെവിസവും’ എന്ന കൃതി സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അറബ് ലോകത്ത് പരിചയപ്പെടുത്തിയ ആദ്യകാല കമ്മ്യൂണിസ്റ്റ് സാഹിത്യമാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ ഓർമ്മിപ്പിച്ചു. ഭൂമിയിലെ മനുഷ്യർക്കിടയിലെ സാമ്പത്തികമായ അന്തരങ്ങളും സാമൂഹ്യമായ വിവേചനങ്ങളും അവസാനിപ്പിക്കുക എന്ന ഇസ്ലാമിന്റെ ദർശന സമീപനത്തെ പിന്തുടരുന്ന ഏതൊരു വിശ്വാസിക്കും കമ്മ്യൂണിസ്റ്റുകാരുമായി ഒത്തുപോകാനും ചേർന്ന് പ്രവർത്തിക്കാനും യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News