കുവൈറ്റ് വിമാനത്താവള ആക്രമണം: അടിയന്തര രക്ഷാപ്രവർത്തനം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

K Radhakrishnan MP Seeks Urgent Evacuation of Indians

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കെ. രാധാകൃഷ്ണൻ എംപി കത്തയച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളെയും യാത്രക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തെ തുടർന്ന് വ്യോമപാതയും വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ വിവരങ്ങളോ ലഭിക്കാതെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ പ്രവാസികൾ അതീവ ആശങ്കാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ട് തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും എംപി കത്തിലൂടെ ആവശ്യപ്പെട്ടു.

ALSO READ: ധവളപത്രം തയ്യാറാക്കുന്നത് ധനവകുപ്പ്, പുറത്ത് നിന്നുള്ള കമ്മിറ്റി തയ്യാറാക്കുന്നത് ഭരണഘടനാ ലംഘനം; കെ എൻ ബാല​ഗോപാൽ

സുരക്ഷാ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകളോ മറ്റ് സുരക്ഷിത പ്രാദേശിക മാർഗ്ഗങ്ങളോ മന്ത്രാലയം അടിയന്തരമായി ഏർപ്പെടുത്തണം. ഇതിനൊപ്പം തന്നെ കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് പ്രത്യേക നിർദേശം നൽകി വിമാനത്താവളത്തിന് സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹെൽപ്പ് ഡെസ്കും സുരക്ഷിത മേഖലകളും സ്ഥാപിക്കണമെന്നും അവിടെ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും അടിയന്തര വൈദ്യസഹായവും തത്സമയ വിവരങ്ങളും ലഭ്യമാക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റിലെ സുരക്ഷാ ഏജൻസികളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പ്രവാസികളുടെ ജീവൻ സംരക്ഷിക്കുന്നതിനും നാട്ടിലെ അവരുടെ കുടുംബങ്ങളുടെ ആശങ്കയകറ്റുന്നതിനും ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം അതീവ മുൻഗണന നൽകി ഇടപെടണമെന്നും കെ. രാധാകൃഷ്ണൻ എംപി കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News