കുവൈത്തില്‍ മയക്കുമരുന്ന് കടത്തിയാൽ വധശിക്ഷ; ശക്തമായ ശിക്ഷ നടപ്പാക്കാന്‍ പുതിയ കരട് നിയമം സമർപ്പിച്ചു

kuwait-police-drug-case

കുവൈത്തില്‍ മയക്കുമരുന്ന് സംബന്ധിച്ച കേസുകളില്‍ ശക്തമായ ശിക്ഷകള്‍ നടപ്പിലാക്കാന്‍ പുതിയ കരട് നിയമം സമര്‍പ്പിച്ചു. ഈ നിയമപ്രകാരം, മയക്കുമരുന്ന് കടത്ത്, വിതരണം, ഉപയോഗം എന്നിവയ്ക്ക് വധശിക്ഷയും ഉയര്‍ന്ന പിഴയും ശിക്ഷയായി നല്‍കാനായി വ്യവസ്ഥ ചെയ്യുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമത്തില്‍ നിലവിലുണ്ടായിരുന്ന നിയമപരമായ പോരായ്മകള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ മേധാവി മുഹമ്മദ് റാഷിദ് അല്‍-ദുവൈജിന്റെ നേതൃത്വത്തിലാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പുതിയ നിയമ പ്രകാരം, മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കള്‍ എന്നിവ കടത്തുന്നവര്‍ക്ക് വധശിക്ഷയും കൂടാതെ രണ്ട് ലക്ഷം ദിനാര്‍ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. നിലവില്‍ ഏഴ് വര്‍ഷം വരെ ജയില്‍ശിക്ഷയായിരുന്നു ലഭിച്ചിരുന്നത്. ജയിലുകളില്‍ മയക്കുമരുന്ന് കടത്തുകയോ അതിന് സഹായിക്കുകയോ ചെയ്യുന്നവര്‍ക്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് കടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ ലഭിക്കും. മയക്കുമരുന്ന് ഉപഭോഗത്തിനോ പ്രോത്സാഹനത്തിനോ വേണ്ടി പ്രത്യേകിച്ച് രണ്ടോ അതിലധികം ആളുകള്‍ക്ക് വിതരണം ചെയ്താല്‍ വധശിക്ഷ തന്നെ ലഭിക്കും.

Read Also: എമിഗ്രേഷന്‍ നടപടികള്‍ അതിവേഗം; ദുബായ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകളുടെ ശേഷി 10 മടങ്ങ് വര്‍ധിപ്പിച്ചു

വിവാഹം ഉറപ്പിച്ചവര്‍, ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകര്‍, സര്‍ക്കാര്‍ ജോലി അപേക്ഷകര്‍ എന്നിവരെ നിര്‍ബന്ധമായും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കും. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ്, ഫയര്‍ഫോഴ്സ് എന്നീ മേഖലകളിലെ എല്ലാ സൈനിക ഉദ്യോഗസ്ഥരെയും പരിശോധനയ്ക്ക് വിധേയരാക്കും. വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഈ പരിശോധന ബാധകമാകും. പരിശോധനയ്ക്ക് വിസമ്മതിക്കുന്നവര്‍ക്ക് നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വിവാഹ അപേക്ഷകരെയും വിദ്യാര്‍ഥികളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്‌കൂളുകളും ഹെല്‍ത്ത് ക്ലബുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കരട് നിയമം വ്യക്തമാക്കുന്നു. മയക്കുമരുന്ന് സ്വാധീനത്തില്‍ അക്രമം നടത്തുകയോ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ചെയ്യുന്നവര്‍ക്കും കര്‍ശന ശിക്ഷ ലഭിക്കും. മയക്കുമരുന്ന് ഉപയോഗം സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ പൊലീസിന് ഉടനടി അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News