തൊഴിലാളി അവകാശ സംരക്ഷണം: കുവൈത്ത് വിദേശകാര്യ മന്ത്രാലയവും പബ്ലിക്‌ അതോററ്റി മാൻ പവറും ചേർന്ന് സംയുക്ത ഏകോപന യോഗം സംഘടിപ്പിച്ചു

kuwait

തൊഴിലാളി അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏകോപനം ശക്തിപ്പെടുത്തുന്നതിനായി കുവൈറ്റ്‌ വിദേശകാര്യ മന്ത്രാലയവും പബ്ലിക്‌ അതോററ്റി മാൻ പവറും ചേർന്ന് സംയുക്ത ഏകോപന യോഗം സംഘടിപ്പിച്ചു. തൊഴിൽ വിപണി നിയന്ത്രണം, റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ, അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.
വിദേശകാര്യ മന്ത്രാലയത്തിന്റെ മനുഷ്യാവകാശ കാര്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മനുഷ്യാവകാശ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ഷെയ്ഖ ജവാഹർ ഇബ്രാഹിം അൽ ദുവൈജ് അൽ സബാഹ്, നിയമകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി തഹാനി അൽ നാസർ, പി എ എം ഡയറക്ടർ ജനറൽ റബാബ് അൽ ഉസൈമി എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തു.

അന്താരാഷ്ട്ര തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വകുപ്പുതല ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യോഗമെന്ന് റബാബ് അൽ ഉസൈമി വ്യക്തമാക്കി. തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായി തൊഴിലാളി റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ നവീകരിക്കുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നതായും അവർ പറഞ്ഞു. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പുതുക്കുന്നതിനുള്ള നിർദേശങ്ങൾ, അന്താരാഷ്ട്ര നിരീക്ഷണങ്ങളോടുള്ള ഏകോപിത പ്രതികരണങ്ങൾ, തൊഴിൽ കരാറുകളും നിയന്ത്രണ സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കൽ, മനുഷ്യക്കടത്ത് തടയൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി പുതിയ മാർഗങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും യോഗം വിലയിരുത്തി. തൊഴിൽ വിപണി കൂടുതൽ ക്രമീകരിക്കുക, റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ വൈവിധ്യമാക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Also read: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജം; അനുമതി ലഭിച്ചാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും

തൊഴിൽ വിഷയങ്ങൾ ആഭ്യന്തര പരിധിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അന്താരാഷ്ട്ര റിപ്പോർട്ടുകളിലും തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും അത് പ്രതിഫലിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള തുടർച്ചയായ ഏകോപനവും ഏകീകൃത ഔദ്യോഗിക സമീപനവും അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കരാറുകളും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളും ഉൾപ്പെടെ കുവൈത്ത് ഏറ്റെടുത്തിരിക്കുന്ന അന്താരാഷ്ട്ര ബാധ്യതകളും യോഗത്തിൽ അവലോകനം ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെ മനുഷ്യാവകാശ, നിയമകാര്യ വിഭാഗങ്ങളുടെയും പി എ എം നേതൃത്വത്തിന്റെയും പങ്കാളിത്തത്തോടെ നടന്ന ആദ്യ ഏകോപന യോഗമാണിതെന്നും, തൊഴിലാളി അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിൽ വകുപ്പുതല ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ യോഗമെന്നും മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News