
കുവൈത്തിൽ എക്സ്ചേഞ്ച് കമ്പനികൾ വഴി നടത്തുന്ന ഓൺലൈൻ പണമിടപാടുകൾക്ക് ഇനി മുതൽ ‘മൈ ഐഡന്റിറ്റി’ ആപ്പ് വഴിയുള്ള ഉപഭോക്തൃ തിരിച്ചറിയൽ നിർബന്ധമാക്കി. രാജ്യത്തെ ഓൺലൈൻ സാമ്പത്തിക ഇടപാടുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായാണ് ഈ പുതിയ നടപടി.ധനകാര്യ രംഗത്ത് ഡിജിറ്റലൈസേഷൻ വ്യാപിക്കുന്നതിനൊപ്പം വർധിച്ചുവരുന്ന തട്ടിപ്പുകളും അനധികൃത ഇടപാടുകളും നിയന്ത്രിക്കുക എന്നതാണ് തീരുമാനം ലക്ഷ്യമിടുന്നത്. അക്കൗണ്ട് ഉടമയുടെ അറിവില്ലാതെ മൊബൈൽ ആപ്പുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യപ്പെടുന്ന സംഭവങ്ങൾ ഒഴിവാക്കുന്നതിനും ഇത് സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ സംവിധാനപ്രകാരം, ഓൺലൈൻ ഇടപാട് നടത്തുന്ന വ്യക്തി യഥാർത്ഥ അക്കൗണ്ട് ഉടമ തന്നെയാണെന്ന് ‘മൈ ഐഡന്റിറ്റി’ ആപ്പ് വഴി സ്ഥിരീകരണം നിർബന്ധമാണ്. ഇതിലൂടെ ഹാക്കിംഗ്, വ്യാജ തിരിച്ചറിയൽ ഉപയോഗം തുടങ്ങിയ സുരക്ഷാ പ്രശ്നങ്ങൾ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.നിർദ്ദേശപ്രകാരം രാജ്യത്തെ എല്ലാ ധന വിനിമയ സേവനദാതാക്കളും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി എ സി ഐ) സംവിധാനവുമായി ബന്ധിപ്പിച്ച് ‘മൈ ഐഡന്റിറ്റി’ ഓതന്റിക്കേഷൻ നടപ്പാക്കണം. പ്രമുഖ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഇതിനകം തന്നെ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവന്നതായി അറിയുന്നു.
അതേസമയം, നിർദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങൾ സമയപരിധിക്കകം സാങ്കേതിക സൗകര്യങ്ങൾ പുതുക്കണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചു. ഇതോടെ ഓൺലൈൻ പണമിടപാടുകളിൽ സുരക്ഷയും വിശ്വാസ്യതയും ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

