
കോൺഗ്രസിലെ മുഖ്യമന്ത്രി കസേരപ്പോരിൽ വിമർശനവുമായി കെ വി തോമസ്. ഇനിയും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി ഇപ്പോൾ നടക്കുന്ന ഈ പോരാട്ടം, ഫലം വന്നുകഴിഞ്ഞാൽ പരാജയത്തിന്റെ ഉത്തരവാദിത്തം പരസ്പരം ചുമത്തുന്ന ഒരു ആഭ്യന്തര സംഘർഷമായി മാറുമെന്ന് കേരളത്തിന്റെ ദില്ലി പ്രത്യേക പ്രതിനിധി കൂടിയായ കെവി തോമസ് പരിഹസിച്ചു. മുഖ്യമന്ത്രിക്കസേരയെ ചുറ്റിപ്പറ്റി കോൺഗ്രസിൽ നടക്കുന്ന അകത്തള പോരാട്ടത്തിന്റെ സ്വഭാവം മെയ് 4-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ വ്യക്തമായി മാറുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പഴയ കഥകളിലെ മുന്തിരിക്കുല കൈവരിക്കാനാകാതെ മടങ്ങിയ കുറുക്കന്മാരുടെ അവസ്ഥപോലെയാണ് ഇന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനമെന്ന് പറഞ്ഞ അദ്ദേഹം ലഭിക്കുമോയെന്നു പോലും ഉറപ്പില്ലാത്ത ഒരു സ്ഥാനത്തിനായി നടക്കുന്ന ഈ മത്സരങ്ങൾ ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ കോൺഗ്രസിൽ മൂന്ന് ഗ്രൂപ്പുകൾ രൂപം കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിലെ ജനങ്ങൾ ഇത്തരം രാഷ്ട്രീയ കളികളെ മനസിലാക്കി തന്നെയാണ് വിധിയെഴുതിയതെന്നും നല്ല ഭരണവും വികസനവും തുടരണം എന്ന ജനാധിപത്യ ബോധ്യത്തോടെ ഇടതുപക്ഷത്തിന് തുടർച്ച നൽകണമെന്ന തീരുമാനമാണ് അവർ എടുത്തിരിക്കുന്നതെന്നും കെ വി തോമസ് കുറിപ്പിൽ പറയുന്നു.
‘പിണറായി സർക്കാർ കേരള വികസനത്തിന്റെ ചരിത്ര ദൗത്യവുമായി ഭരണത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് കടക്കും എന്നത് എന്റെ ഉറച്ച വിശ്വാസമാണ്. ഈ ജനവിധി മെയ് 4-ന് വ്യക്തമായി പുറത്തുവരും’, കെ വി തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

