മംഗലാപുരത്ത് ചികിത്സക്കിടെ യുവതി മരിച്ച സംഭവം, നീതി തേടി കുടുംബം

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ കാസര്‍ക്കോഡ് ചെറുവത്തൂര്‍ സ്വദേശിയായ യുവതി മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് മരണമെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെറുവത്തൂര്‍ പുതിയകണ്ടത്തെ അംബികയെ കഴിഞ്ഞ മാസം 24 നാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28 ആം തീയതി ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. പിറ്റേ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അംബികയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചു. സ്‌കാനിംഗിന് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഞായറാഴ്ച അംബിക മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മംഗലാപുരം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ചെറുവത്തൂരിലെ ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന അംബിക ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here