
മലയാളികളുടെ പ്രിയ സംവിധായകരിലും നടന്മാരിലും ഒരാളാണ് ലാൽ. മിമിക്രിയിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന വ്യക്തിത്വമാണ് ലാൽ. ആദ്യകാലങ്ങളിൽ സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എക്കാലത്തെയും വലിയ ഹിറ്റുകളായിരുന്നു. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് നടന്റെ തുറന്ന് പറച്ചിൽ.
താൻ പലപ്പോഴും സ്ക്രിപ്റ്റുകളിൽ സജഷൻസ് പറയാറുണ്ട്. എന്നാൽ ആ സജഷൻസ് അവര്‍ എടുത്താല്‍ തന്നെ, നിങ്ങള്‍ ഒന്നുകൂടി ആലോചിച്ചിട്ട് മാത്രം മാറ്റിയാല്‍ മതിയെന്ന് താന്‍ പറയാറുണ്ടെന്നും ലാല്‍ പറഞ്ഞു. എന്നാൽ നടൻ ജഗദീഷിന് പണ്ട് സ്ക്രിപ്റ്റിൽ കൈ കടത്തും എന്നൊരു ചീത്തപ്പേര് ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. കുഴപ്പം പിടിച്ച സ്‌ക്രിപ്റ്റുള്ള ചില സിനിമകളില്‍ പോയി വീഴുന്ന ഘട്ടത്തില്‍ എങ്ങനെയെങ്കിലും ആ പടത്തെ രക്ഷപ്പെടുത്താനായി ജഗദീഷ് അത്തരത്തില്‍ ഇടപെട്ടതാണെന്നും എന്നാല്‍ ഒരു ചീത്തപ്പേര് ജഗദീഷിന് വന്നെന്നും ലാല്‍ കൂട്ടിച്ചേർത്തു.
ലാലിന്റെ വാക്കുകൾ:
‘പുതിയ സംവിധായകരോട് ഞാന്‍ സജഷന്‍സ് പറയാറുണ്ട്. പുതിയ സംവിധായകരാണെങ്കിലും അല്ലെങ്കിലുമൊക്കെ ഞാന്‍ സാര്‍ എന്നേ വിളിക്കാറുള്ളൂ. വളരെ അടുത്തുപോകുമ്പോഴാണ് പേര് വിളിക്കുന്നത്. അവര്‍ പറയുന്നത് അനുസരിക്കുക എന്നതാണ്. എന്നാലും നമുക്ക് ചില അഭിപ്രായങ്ങള്‍ ഉണ്ടാകും. എനിക്ക് ചെറിയ ഒരു അഭിപ്രായമുണ്ട്, ഇങ്ങനെ പറയുന്നത് ഈ രീതിയില്‍ പറഞ്ഞാല്‍ നന്നാകില്ലേ എന്ന രീതിയില്‍ സംശയം ചോദിക്കും.
ചേട്ടന്‍ പറയുന്നത് ശരിയാണ് അത് വേണ്ട എന്ന് അവര്‍ പറഞ്ഞാലും ഒന്നുകൂടി ആലോചിക്ക് കേട്ടോ, പിന്നീട് ഇത് എന്റെ തലയില്‍ വരരുത് എന്ന് പറയും. കാരണം സ്‌ക്രിപ്റ്റ് തിരുത്തുന്ന ആള് തല്ലിപ്പൊളിയായിപ്പോയി എന്നൊക്കെ പിന്നെ പറയും.
ജഗദീഷിനെതിരെ മുന്‍പ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു. ജഗദീഷ് സ്‌ക്രിപ്റ്റില്‍ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട്. അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ ചിലപ്പോള്‍ നമ്മള്‍ കുഴപ്പം പിടിച്ച സ്‌ക്രിപ്റ്റുള്ള പടത്തില്‍ പോയി വീഴും. ഈ പടം സൂപ്പര്‍ഹിറ്റാകില്ലെന്നും പൊട്ടുമെന്നും ഉറപ്പുള്ള പടമാണ്.
പൊട്ടുമെന്ന് ഉറപ്പുള്ള പടം എങ്ങനെയെങ്കിലും ആവറേജ് ആക്കാനായി അയാള്‍ അതില്‍ കുത്തിക്കുറിക്കുന്നതാണ്. അല്ലാതെ നമ്മുടെ പടത്തിലൊന്നും പുള്ളി ഇടപെട്ടിട്ടില്ല. തകര്‍ന്നുപോകുമെന്ന് കരുതിയിട്ട് കൈ കടത്തുന്നതാണ്,’ ലാല്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here