സിദ്ദിഖ്-ലാല്‍ എന്നത് ഒറ്റപ്പേരാണ് എന്ന് എല്ലാവരും വിശ്വസിച്ചില്ലേ ? അതാണ് ഞങ്ങളുടെ ബന്ധം; പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ലാല്‍

സിദ്ദിഖ്-ലാല്‍ എന്നത് ഒറ്റപ്പേരാണ് എന്ന് കേരളത്തെ വിശ്വസിപ്പിക്കാനായതിലുണ്ടല്ലോ ഞങ്ങളുടെ രസതന്ത്രമെന്ന് നടനും സംവിധായകനുമായ ലാല്‍.ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശനത്തിന് വച്ച സിദ്ദിഖിന്റെ ഭൗതികദേഹത്തിന് തൊട്ടരികില്‍ നിന്ന് മാറാതെ പൊട്ടിക്കരയുന്ന ലിലിന്റെ ചിത്രങ്ങള്‍ അവരുടെ സുഹൃത്ത് ബന്ധത്തെ വരച്ചുകാട്ടുന്നതാണ്.

സംവിധായകന്‍ ഫാസില്‍, നടന്‍ ഫഹദ് ഫാസില്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ലാലിന് സങ്കടം നിയന്ത്രിക്കാനായില്ല. പ്രിയസുഹൃത്തിന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരയുകയായിരുന്നു ലാല്‍. പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് ഞങ്ങളുടെ ബന്ധമെന്ന് കണ്ണീരോടെ ലാല്‍ പറയുന്നു

സിദ്ദിഖിനെക്കുറിച്ച് ലാല്‍ പറഞ്ഞ വാക്കുകള്‍

പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് ഞങ്ങളുടെ ബന്ധം. ആദ്യം ഞങ്ങള്‍ ഒരുമിച്ച് മിമിക്രി കളിച്ചു. പിന്നെ സിനിമയ്ക്ക് കഥയെഴുതി. സഹസംവിധായകരും സംവിധായകരുമായി. ചിത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്തു. എല്ലാത്തിന്റെയും തുടക്കം പുല്ലേപ്പടിയില്‍നിന്നാണ്.

ജീവിതാവസ്ഥകളും ഞങ്ങള്‍ അണിഞ്ഞ കുപ്പായങ്ങളും മാറിമാറിവന്നെങ്കിലും സൗഹൃദത്തിന് എന്നും ഒരേ നിറം തന്നെയായിരുന്നു. പരിശുദ്ധമായിരുന്നു അത്. ഒരിക്കലും കലര്‍പ്പ് പുരളാത്തത്.

എല്ലാ കൂട്ടുകാരെയുംപോലെ ഞങ്ങളും വഴക്കിട്ടിട്ടുണ്ട്. തര്‍ക്കിച്ചിട്ടുണ്ട്. പിണങ്ങിയിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ പിണക്കവും വഴക്കും ഒരിക്കലും വ്യക്തിപരമായ കാര്യങ്ങള്‍ക്കായിരുന്നില്ല. കഥാപരമായ കാര്യങ്ങളിലെ തര്‍ക്കങ്ങളായിരുന്നു പലപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. അതേച്ചൊല്ലി ഒരുപാട് വഴക്കടിക്കും. പക്ഷേ, മറ്റേയാള്‍ പറയുന്നത് ശരിയാണെന്ന് ഞങ്ങളിലാര്‍ക്കാണോ ആദ്യം മനസ്സിലാകുന്നത് അവിടെ വഴക്ക് തീരും.

ഈഗോ എന്നത് ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ആരാണോ ശരി പറയുന്നത് അത് അംഗീകരിക്കാന്‍ സന്നദ്ധതയുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു എല്ലാകാലവും ഞങ്ങള്‍. എത്രയോ സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ഞങ്ങള്‍ കൈകൊടുത്ത് പൊട്ടിച്ചിരിച്ചിട്ടുണ്ട്. ഞങ്ങളുടെ പിണക്കത്തിന് ഇത്രയേ ആയുസ്സുള്ളൂവെന്ന് അറിയാവുന്നവര്‍, അല്ലെങ്കില്‍ ഞങ്ങള്‍ക്കൊരിക്കലും എന്നേക്കുമായി പിണങ്ങിയിരിക്കാനാകില്ലെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയവര്‍ ഞാനും സിദ്ദിഖും തന്നെയാണ്.

ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ പലരും ചോദിച്ചു, എന്താണ് കാരണമെന്ന്. എന്തോ വലിയ സംഭവമുണ്ടായിട്ടാണെന്ന് ബന്ധുക്കള്‍പോലും വിചാരിച്ചു. പക്ഷേ, അതും ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അതിലും പരസ്പരമുള്ള വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഒരു കണിക പോലുമുണ്ടായിരുന്നില്ല.

ഏറ്റവും സൗഹാര്‍ദത്തോടെ കൂട്ടുകാരായിത്തന്നെയാണ് ഞങ്ങള്‍ സിദ്ദിഖ്-ലാല്‍ എന്ന പേരില്‍നിന്ന് സിദ്ദിഖും ലാലുമായി അടര്‍ന്നുമാറിയത്. അതേക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാവുന്ന രണ്ടുപേര്‍ ഞാനും സിദ്ദിഖും തന്നെയാണ്. പിന്നെ എന്റെ ഭാര്യ നാന്‍സിയും. സിദ്ദിഖ് സംവിധാനം ചെയ്തപ്പോള്‍ ഞാന്‍ നിര്‍മാതാവായി. അവിടെയും ഞങ്ങളുടെ കൂട്ടുതുടര്‍ന്നു. സിദ്ദിഖ്ലാല്‍ എന്നത് ഒറ്റപ്പേരാണ് എന്ന് കേരളത്തെ വിശ്വസിപ്പിക്കാനായതിലുണ്ടല്ലോ ഞങ്ങളുടെ രസതന്ത്രം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് വിടചൊല്ലുന്നത് ലോകത്തെ ഏറ്റവുംനല്ല സുഹൃത്താണെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News