
ഭാഷാ പരിഷ്‌കാരമെന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലല്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇംഗ്ലീഷ് പഠിക്കരുത് എന്ന കേന്ദ്രമന്ത്രി അമിത് ഷാ പ്രകടിപ്പിച്ച ആശയം നമ്മുടെ കുട്ടികളുടെ ലോകം കൂടുതൽ ഇടുങ്ങിയതാക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ലോകഭാഷയാണ് ഇംഗ്ലീഷ്. ഇന്ത്യ ഒറ്റപ്പെട്ട ഒരു തുരുത്തല്ല. ഇന്നത്തെ ലോകസാഹചര്യങ്ങളിൽ ഇംഗ്ലീഷ് പഠിക്കേണ്ടത് അനിവാര്യത കൂടിയാണ്. ആർ എസ് എസ് പ്രതിനിധാനം ചെയ്യുന്ന സങ്കുചിതരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടാണ് അമിത് ഷാ പറഞ്ഞത്. ഒരാളുടെ അനുഭവലോകം വിസ്തൃതമാക്കാൻ എത്രമാത്രം ഭാഷ പഠിക്കുന്നുവോ അത്രയും ഗുണപ്രദമാണ്.
ഭാഷാവൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇന്ത്യയുടെ ഈ സവിശേഷതയെ ഏകശിലാരൂപിയായ ഭാഷയിലേക്കോ സംസ്‌കാരത്തിലേക്കോ ചുരുക്കിക്കെട്ടാൻ സാധിക്കില്ല. രാജ്യത്തിന്റെ സഞ്ചിതനിധിയായ നമ്മുടെ ഭാഷാവൈവിധ്യത്തോടുള്ള അവജ്ഞ കൂടി ഇംഗ്ലീഷിനെതിരായ പ്രസ്താവനയിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള താല്പര്യത്തിനു പിന്നിലുണ്ട്.
ഗവർണ്ണരും മന്ത്രിമാരും തമ്മിലുള്ളത് അകൽച്ചയല്ല, ആശയപരമായ അഭിപ്രായവ്യത്യാസമാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഗവർണ്ണർ രാജ്ഭവനിനെ ആർ എസ് എസിന്റെ രാഷ്ട്രീയപ്രചാരണത്തിനുള്ള വേദിയാക്കുകയാണ്. ബ്രിട്ടീഷ് അധിനിവേശകാലത്തെ ഇന്ത്യയുടെ ഭൂപടത്തിനു മുന്നിൽ കാവിപതാകയുമേന്തി നിൽക്കുന്ന ഭാരതാംബ ജനാധിപത്യ ഇന്ത്യയുടേതല്ല, അതിനു മുന്നിൽ എല്ലാവരും വണ ങ്ങണമെന്ന കാഴ്‌ചപ്പാട് ജനാധിപത്യത്തിന്റേതുമല്ല.
ആർ എസ് എസിന്റെ ആശയങ്ങളും അവയുമായി ബന്ധപ്പെട്ട പ്രതീകങ്ങളും കേന്ദ്രീകരിച്ചു വെക്കാനുള്ള ഇടമായി രാജ്ഭവൻ തരം താഴ്‌ത്തരുത്. മന്ത്രിമാർ അടക്കമുള്ളവരെ അതിനു മുന്നിൽ താണുവണങ്ങാൻ പ്രേരിപ്പിക്കുകയുമരുത് – മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.
മന്ത്രി ശിവൻകുട്ടി പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോക്കോൾ വിരുദ്ധമായ കാര്യങ്ങൾ ചെയ്‌തത് ഗവർണറാണെന്നും മന്ത്രി ഡോ. ബിന്ദു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here