ബിജെപിക്ക് തിരിച്ചടി, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പാർട്ടി വിട്ടു

കാർണാടകയിൽ ബിജെപിക്ക് തിരിച്ചടി. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി ബിജെപിയിൽ നിന്നും രാജിവെച്ചു. മത്സരിക്കാൻ അവസരം നൽകാത്തതിനെ തുടർന്നാണ് രാജി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 189 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. അത്താണിയില്‍ മത്സരിക്കാനുള്ള ലക്ഷ്മണ്‍ സവാദിയുടെ അഭ്യര്‍ഥന പാര്‍ട്ടി നിരസിച്ചിരുന്നു. ഇതിനെ തുടർന്നാണ് രാജി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിക്കകത്തുതന്നെ പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടുണ്ട്. പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി. ബെല ഗാവിയിലെ രാംദുര്‍ഗ നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ചിക്ക രേവണ്ണയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ മഹാദേവപ്പ യാദാവാഡിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ബെല ഗാവി നോര്‍ത്തില്‍ സിറ്റിങ് എംഎൽഎ അനില്‍ ബെനാകെയുടെ അനുയായികളാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. അദ്ദേഹത്തിനും ഇവിടെ പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇവിടെ രവി പാട്ടീലാണ് ബിജെപി സ്ഥാനാര്‍ത്ഥി. അതിനിടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ് . ഈശ്വരപ്പ ഇക്കുറി മത്സരിക്കാനില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈശ്വരപ്പ തെരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറി നിന്നതും സംസ്ഥാനത്ത് പ്രതിഷേധത്തിന് വഴി വെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here