തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം

തദ്ദേശ ഭരണ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം. പത്തൊമ്പതില്‍ ഒമ്പത് സീറ്റ് എല്‍ഡിഎഫ് നേടി. ഇതില്‍ രണ്ടിടത്ത് ബിജെപിയില്‍ നിന്നും ഒരിടത്ത് യുഡിഎഫില്‍ നിന്നും പൂഞ്ഞാറില്‍ പി സി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ നിന്നും സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. നിലവില്‍ ഒമ്പത് സീറ്റുകളായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.

യുഡിഎഫിന് ഒമ്പത് സീറ്റുണ്ട്. ഇതില്‍ മൂന്ന് സീറ്റ് കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച സീറ്റുകളാണ്. 2020 ല്‍ എല്‍ഡിഎഫ് ഒരു വോട്ടിനും നാലു വോട്ടിനും ഭൂരിപക്ഷത്തിന് ജയിച്ച രണ്ട് വാര്‍ഡുകള്‍ ഈ പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. പത്തനംതിട്ടയിലെ മൈലപ്ര, പാലക്കാട് മുതലമട, കണ്ണൂരില്‍ ചെറുതാഴം എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചത്. ഇതില്‍ മുതലമടയില്‍ നാലു വോട്ടിനും ചെറുതാഴത്ത് ഒരു വോട്ടിനുമാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്

ബിജെപിക്ക് നിലവിലുണ്ടായിരുന്ന രണ്ട് സീറ്റും പോയി. രണ്ടിടത്തും എല്‍ഡിഎഫാണ് ജയിച്ചത്. എന്നാല്‍ പാലക്കാട്ട് ഒരു സീറ്റ് അവര്‍ക്ക് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനായി. കൊല്ലം ജില്ലയിലെ അഞ്ചല്‍ പഞ്ചായത്തിലും എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിലുമാണ് ബിജെപി സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചത്.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിലാണ് യുഡിഎഫ് സീറ്റ് പിടിച്ചത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ ജനപക്ഷം ജയിച്ച വാര്‍ഡും ഇക്കുറി എല്‍ഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം

തലസ്ഥാനത്ത് കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. സിപിഐ എമ്മിലെ അജിത് രവീന്ദ്രന്‍ 203 വോട്ടിന് കോണ്‍ഗ്രസിലെ ആര്‍ ലാലനെ പരാജയപ്പെടുത്തി. എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന ടി പി റിനോയിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഐ എം കേശവദാസപുരം ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമാണ് അജിത്.

പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ കനാറാ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എ അപര്‍ണ 12 വോട്ടിനാണ് വിജയിച്ചത്. വി എല്‍ രേവതിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

കൊല്ലം

അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍ വാര്‍ഡ് 14ല്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സോമരാജന്‍ 264 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയെ തറപറ്റിച്ചത്. യുഡിഎഫ് മൂന്നാം സ്ഥാനത്തായി.

ബിജെപിയിലെ ആഭ്യന്തരപ്രശ്‌നത്തെ തുടര്‍ന്ന് വാര്‍ഡംഗം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പട്ടികജാതി സംവരണ സീറ്റാണ്. എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന പഞ്ചായത്താണ് അഞ്ചല്‍. ബവിലൂ (ബിജെപി), അഡ്വ. കെ സി ബിനു,(യുഡിഎഫ് സ്വതന്ത്രന്‍), എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍.

പത്തനംതിട്ട

മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫിലെ ജെസി വര്‍ഗീസ് വിജയിച്ചു.മുന്‍ അംഗം സിപിഐ എമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിലെ ഷെറിന്‍. ബി.ജോസഫാണ് പരാജയപ്പെട്ടത്.

76 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫ് 230, എല്‍ഡിഎഫ് 156, ബിജെപി 146. പഞ്ചായത്തില്‍ അംഗസംഖ്യ സമാസമമായി.ഇതോടെ ഭരണത്തിനായി ടോസ് ഇടേണ്ടി വരും.

കോട്ടയം

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ ബിന്ദു അശോകന്‍ വിജയിച്ചു. 12 വോട്ടിനാണ് വിജയം.പിസി ജോര്‍ജിന്റെ ജനപക്ഷത്തിന്റെ സീറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളി പോയി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു അശോകന്‍ 264 വോട്ട് നേടിയപ്പോള്‍ യുഡിഫ് സ്ഥാനര്‍ഥിക്ക് 252 വോട്ടും എന്‍ഡിഎ പിന്തുണയുള്ള പിസി ജോര്‍ജിന്റെ ജനപക്ഷം സ്ഥാനാര്‍ഥിക്ക് 239 വോട്ടെ ലഭിച്ചൊള്ളു. 15 വര്‍ഷമായി പിസി ജോര്‍ജിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍ഡി എഫ് അട്ടിമറി വിജയം നേടിയത്

പതിമൂന്ന് അംഗ പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്.

2020 ലെ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം സ്ഥാനാര്‍ഥി ഷെല്‍മി റെന്നി 71 വോട്ടിന് ജയിച്ച സീറ്റാണ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശാന്തിജോസ് ഇത്തവണ ജനപക്ഷം സ്ഥാനാര്‍ഥിയായി ബിജെപി പിന്തുണയോടെയാണ് മത്സരിച്ചത്. യുഡിഎഫില്‍നിന്ന് മഞ്ജു ജയ്‌മോനാണ് യുഡിഎഫിന് വേണ്ടി മത്സരിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 75 വോട്ടേ ഉണ്ടായിരുന്നുള്ളൂ.

മണിമല ഗ്രാമപഞ്ചായത്ത് മുക്കട ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ന് മിന്നും വിജയം. എല്‍ഡിഎഫിലെ സുജ ബാബു 127 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു. എല്‍ ഡി എഫ് അംഗമായിരുന്ന സിപിഐ എമ്മിലെ വി കെ ബാബുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വികെ ബാബുവിന്റെ ഭാര്യയാണ് സുജാ ബാബു.

കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫിന്റെ കുത്തകയായിരുന്ന ആറാം വാര്‍ഡ് 2020 തെരഞ്ഞെടുപ്പില്‍ വി കെ ബാബുവിലൂടെ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പതിനഞ്ചംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11 യുഡിഎഫ് നാല് എന്നിങ്ങനെയാണ് കക്ഷിനില. സുജാ ബാബു- 423 വോട്ട് നേടി,പ്രയ്‌സ് ജോസഫ്(യുഡിഎഫ്) 296 വോട്ടും, അജയകുമാര്‍( ബിജെപി) 19 വോട്ടും,വിവിന്‍ രാജ്(സ്വതന്ത്രന്‍) 92 വോട്ടും നേടി. എല്‍ഡിഎഫിന് 2020 നേക്കാള്‍ വോട്ട് കൂടിയിട്ടുണ്ട്. ബിജെപിക്ക് 202O ലഭിച്ച വോട്ടിന്റെ നേര്‍പകുതി വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത്. സ്വതന്ത്രനും പിന്നിലാണ് ബിജെപിയുടെ നില.

കോട്ടയം നഗരസഭ വാര്‍ഡ് 38 (പുത്തന്‍ തോട്) യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥനാര്‍ത്ഥി സൂസന്‍ സേവ്യര്‍ 75 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. യുഡിഎഫ് അംഗമായിരുന്ന ജിഷ ഡെന്നി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആലപ്പുഴ

ചേര്‍ത്തല നഗരസഭ| പതിനൊന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ എ അജി വിജയിച്ചു. നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചതിനാലാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 310വോട്ടിന്റെ ഭുരിപക്ഷത്തിലാണ് വിജയം . കോണ്‍ഗ്രസിലെ കെ ആര്‍ രൂപേഷ് , ബിജെപിയിലെ കെ പ്രേംകുമാര്‍ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ആകെ വോട്ട് 1039: എ അജി LDF സ്വത. (588). അഡ്വ. പ്രേംകുമാര്‍ കാര്‍ത്തികേയന്‍ ബിജെപി (278), കെ ആര്‍ രൂപേഷ് കോണ്‍. 173. ഭൂരിപക്ഷം 310.

എറണാകുളം

കോതമംഗലം -നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂര്‍ തുളുശ്ശേരികവല ആറാംവാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ സി ഗോവിന്ദ് ആണ് വിജയിച്ചത് . പട്ടികജാതി സംവരണ വാര്‍ഡായ ആറാം വാര്‍ഡില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എന്‍ഡിഎയിലെ ഉണ്ണികൃഷ്ണന്‍ മാങ്ങോടിനെ 99 വോട്ടിനാണ് അരുണ്‍ സി ഗോവിന്ദ് പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി വിജിത്ത് വിജയന് മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ.

ബിജെപി അംഗം മെമ്പര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.21 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് – 13,യുഡിഎഫ് – 5, ബിജെപി – 2 എന്നിങ്ങനെയാണ് കക്ഷി നില. 80.20 ശതമാനം പോളിംഗാണ് നടന്നത്. 1398 പേര്‍ ആകെ വോട്ട് ചെയ്തു.എല്‍ഡിഎഫ്- 640, ബിജെപി -541, യുഡിഫ് -212 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്നെണ്ണം യുഡിഎഫും ഒന്നുവീതം എല്‍ഡിഎഫും ബിജെപിയും വിജയിച്ചു.

ലെക്കിടി പേരൂര്‍ പഞ്ചായത്ത് 10 വാര്‍ഡ് (കാവ് ) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ടി മണികണ്ഠന്‍ 237 ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്രനായി ജയിച്ച അകലൂര്‍ ഉക്കാരത്ത് വീട്ടില്‍ ഗോവിന്ദന്‍കുട്ടി (അനിയേട്ടന്‍) യുടെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് .കോണ്‍ഗ്രസിയല യുപി രവിയെയാണ് പരാജയപ്പെടുത്തിയത്. എം വിശ്വനാഥനാണ് ബി ജെ പി സ്ഥാനാര്‍ഥി.
എല്‍ഡിഎഫ് സ്വതന്ത്രനായി ജയിച്ച അകലൂര്‍ ഉക്കാരത്ത് വീട്ടില്‍ ഗോവിന്ദന്‍കുട്ടി (അനിയേട്ടന്‍ – 64) യുടെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പെരിങ്ങോട്ടുകുറിശി പഞ്ചായത്തിലെ എട്ട് ബമ്മണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എ വി ഗോപിനാഥ് പക്ഷം,കോണ്‍ഗ്രസും പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ആര്‍ ഭാനുരേഖ 362 വോട്ടിന് വിജയിച്ചു. സി റീന (എല്‍ഡിഎഫ് സ്വതന്ത്ര ),
പി ആര്‍ ബിന്ദു (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ രാധാ മുരളിധരന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ആഭ്യന്തര കലാപമാണ് രാജിയിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കുകയില്ല. കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് ഉള്‍പ്പെടെ 10 അംഗങ്ങളുണ്ട്. സിപിഐ എമ്മിന് അഞ്ച് അംഗങ്ങളുണ്ട്.

പാലക്കാട് കരിമ്പ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കപ്പടം കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി നീതു സുരാജ് 189 വോട്ടുകള്‍ക്ക് വിജയിച്ചു. ഗീത ബാലകൃഷ്ണന്‍ (എല്‍ഡിഎഫ്, സിപിഐ എം), സേതു (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന അരുണ്‍ അച്ചുതന്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മുതലമട പഞ്ചായത്തിലെ പറയമ്പള്ളം വാര്‍ഡില്‍ 124 വോട്ടിനു യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രന്‍ ബി.മണികണ്ഠന്‍ വിജയിച്ചു. എ മുഹമ്മദ് മൂസ (എല്‍ഡിഎഫ്), ഹരിദാസ് ചുവട്ടുപാടം (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

എല്‍ഡിഎഫിലെ അബ്ദുള്‍ റഹ്‌മാന്‍ എന്ന റാസാപ്പ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ കല്ലമല മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭന വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ ജിനിമോളെയാണ് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി വത്സല വിശ്വനാഥന്‍ മൂന്നാം സ്ഥാനത്താണ്. വോട്ടിങ് നില: ബി ജെ പി 441 , സി പി ഐ 349, യു ഡി എഫ് സ്വതന്ത്ര 130 , ഭൂരിപക്ഷം. 92 വോട്ട്. എല്‍ഡിഎഫിലെ പ്രമീള വിദ്യാഭ്യാസവകുപ്പില്‍ എല്‍ജിഎസ് ആയി ജോലി ലഭിച്ച് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റും പിടിച്ച് എല്‍ഡിഎഫ് മുന്നേറ്റം. വേളം പഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാടിയിലെ കണലാട്, ചെങ്ങോട്ടുകാവ് ചേലിയ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പുതുപ്പാടി അഞ്ചാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത എല്‍ഡിഎഫ്, വേളം കുറിച്ചകം വാര്‍ഡ് നിലനിര്‍ത്തി. ചെങ്ങോട്ടുകാവ് സിറ്റിംഗ് സീറ്റ് യുഡിഎഫ് ജയിച്ചു കയറി.

പുതുപ്പാടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സിപിഐ എമ്മിലെ അജിത മനോജ് 154 വോട്ടിനാണ് വിജയിച്ചത്. പുതുപ്പാടി കണലാട് വാര്‍ഡില്‍ യുഡിഎഫ് വാര്‍ഡ് അംഗം സിന്ധു സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 95 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് ജയം.

കോഴിക്കോട് വേളം കുറിച്ചകം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ പി എം കുമാരന്‍ മാസ്റ്റര്‍ 126 വോട്ടിനാണ് വിജയിച്ചത്. വേളം കുറിച്ചകം വാര്‍ഡില്‍ എല്‍ഡിഎഫ് അംഗം കെ കെ മനോജന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

ചെങ്ങോട്ടുകാവ് ചേലിയയില്‍ യുഡിഎഫ് വാര്‍ഡ് അംഗം ടി കെ മജീദിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പില്‍ 112 വോട്ടിനാണ് കോണ്‍ഗ്രസിലെ അബ്ദുള്‍ ഷുക്കൂര്‍ ജയിച്ചു കയറിയത്. എല്‍ഡിഎഫാണ് നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത്. എല്‍ഡിഎഫ് -9, യുഡിഎഫ്-6, ബിജെപി- 2 ആണ് കക്ഷി നില.

കണ്ണൂര്‍

കണ്ണൂര്‍ കോര്‍പ്പറേഷനിലെ പതിനാലാം ഡിവിഷനായ പള്ളിപ്രത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ 2006 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. എല്‍ഡിഎഫിലെ ടി വി റുക്‌സാനയ്ക്ക് 991 വോട്ട് ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ഥിക്ക് 171 വോട്ടും ലഭിച്ചു. നിലവിലുണ്ടായിരുന്ന കൗണ്‍സിലര്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കണ്ണൂര്‍ ചെറുത്താഴം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി യു രാമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കരുണാകരനെയാണ് പരാജയപ്പെടുത്തിയത്. 80 വോട്ടിനാണ് ജയിച്ചത്.കഴിഞ്ഞ തവണ എല്‍ഡിഎഫ് ഒരു വോട്ടിന് വിജയിച്ച സീറ്റായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here