
നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് സമ്പൂർണ്ണ ജയം സ്വന്തമാക്കാൻ തുനിഞ്ഞിറങ്ങുകയാണ് എൽഡിഎഫ്. പത്തുവർഷത്തെ ഇടതു സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ജില്ലയിലെ എംഎൽഎമാരുടെ പ്രവർത്തന മികവ് തന്നെയാണ് എൽഡിഎഫിന്റെ കരുത്തെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എ.എ.റഹീം എംപി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പിൻബലത്തോടെയാണ് സിപിഐഎമ്മും എൽഡിഎഫും ജനങ്ങളെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണ്. എൽഡിഎഫ് എംഎൽഎമാരുടെ പ്രവർത്തനം മികവും എൽഡിഎഫിന് കരുത്താകുമെന്നും എംപി കൈരളി ന്യൂസിനോട് പറഞ്ഞു.
Also read: ഇടതുകോട്ട സജീവമാകുന്നു: സ്ഥാനാർഥി പട്ടികയുമായി സിപിഐഎം
തലസ്ഥാന ജില്ലയിൽ ആകെയുള്ള 14 നിയമസഭാ മണ്ഡലങ്ങളിൽ പതിമൂന്നിടത്തും എൽഡിഎഫ് ആണ്. എംഎൽഎ മാർക്കെതിരെ ജനവികാരം ഇല്ലാത്തതും എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നു. അവശേഷിക്കുന്ന കോവളം മണ്ഡലത്തിലും ഇക്കുറി വിജയക്കൊടി പാറിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ യുഡിഎഫിൽ ഇനിയും തമ്മിലടി അവസാനിച്ചിട്ടില്ല. മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾക്കെതിരെ പാളയത്തിൽ പട രൂക്ഷമാണ്. സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കാൻ പോലും യുഡിഎഫിനും കോൺഗ്രസിനും കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ കോർപ്പറേഷനിലെ ബിജെപിയുടെ മോശം പ്രകടനം തിരിച്ചടിയാകും. പ്രകടനപത്രിയിൽ പറഞ്ഞ വികസനത്തിന്റെ ബ്ലൂ പ്രിന്റ് പോലും അവതരിപ്പിക്കാൻ ബിജെപിക്ക് കഴിയാത്തതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ സംസ്ഥാനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ എന്തുപറഞ്ഞു ജനങ്ങളെ സമീപിക്കുമെന്നതും ബിജെപിയെ ആശങ്കയിൽ ആക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

