
നിയമസഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ കാസർഗോഡ് നാല് നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണത്തിന് തുടക്കം കുറിച്ചു. ജില്ലയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടും, ഘടകകക്ഷികളുടെ ചില സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും തർക്കം നിലനിൽക്കുന്നതിനാൽ യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയം ഇനിയും പൂർണമായിട്ടുമില്ല.
Also read: ഇതെന്തോന്നിത് കോൺഗ്രസുകാരേ… ?രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് പ്രവർത്തകർ
കാസർകോഡ് ജനകീയരായ സ്ഥാനാർത്ഥികളുമായാണ് എൽഡിഎഫ് പ്രചാരണ രംഗത്തേക്കിറങ്ങിയിരിക്കുന്നത്. ഉദുമ നിയോജക മണ്ഡലത്തിൽ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും സിറ്റിംഗ് എംഎൽഎയുമായ സിഎച്ച് കുഞ്ഞമ്പുവും, തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപിപി മുസ്തഫയും, മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗവും തുളു അക്കാദമി ചെയർമാനുമായ കെആർ ജയാനന്ദയും, കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ സിപിഐ ദേശീയ കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിലും പരസ്യപ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
സി എച്ച് കുഞ്ഞമ്പു മുന്നാട് പി രാഘവൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പരസ്യപ്രചാരണത്തിന് തുടക്കം കുറിച്ചത്. കയ്യൂർ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വിപിപി മുസ്തഫ പ്രചാരണം ആരംഭിച്ചു. പൈവളിഗെ രക്തസാക്ഷി സ്മൃതി കുടീരത്തിൽ നിന്നാണ് മഞ്ചേശ്വരം സ്ഥാനാർത്ഥി കെ ആർ ജയാനന്ദ പര്യടനം തുടങ്ങിയത്. കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ വിവിധ വ്യക്തികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
Also read: സ്ഥാനാർഥികൾ എവിടെ സതീശാ ? മുന്നണിക്കുള്ളിലെ സീറ്റ് ധാരണ പോലും തീരുമാനം ആകാതെ യുഡിഎഫ്
യുഡിഎഫിന് മുന്നണിക്കകത്തെ തർക്കവും കോൺഗ്രസിനും ലീഗിനുമുള്ളിലെ തർക്കവും പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. തൃക്കരിപ്പൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കാൻ നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സീറ്റിൽ കണ്ണുവെച്ച് ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം നടത്തുന്നതിനിടെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോമോൻ ജോസിന്റെ പേരും ചില കോണുകളിൽ നിന്ന് ഉയർന്നു വന്നിരുന്നു. ഇതോടെ ജോമോൻ ജോസിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റുമാർ ഒപ്പിട്ട് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് നൽകിയതെന്ന പേരിൽ കത്ത് പുറത്തു വന്നു.
കത്തിലെ ഒപ്പ് തങ്ങളിട്ടതല്ലെന്നും ഒപ്പ് ദുരുപയോഗം ചെയ്തതാണെന്നും ചൂണ്ടിക്കാണിച്ച് മണ്ഡലം പ്രസിഡന്റുമാർ രംഗത്ത് വന്നതോടെ കത്ത് വ്യാജമാണെന്ന് തെളിഞ്ഞു. സീറ്റ് എറ്റെടുത്താൽ ജോമോൻ ജോസിന്റെ പേര് വെട്ടാൻ ഡിസിസി പ്രസിഡൻ്റ് നടത്തിയ നാടകത്തിന്റൈ ഭാഗമാണ് വ്യാജ കത്തെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെത്തി. വ്യാജ കത്ത് വിവാദം ഈ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ വിടാതെ പിന്തുടരുമെന്നുറപ്പാണ്.
സ്ഥാനാർത്ഥി മോഹികൾ കൂടുതലായതിനാൽ കാഞ്ഞങ്ങാട്, ഉദുമ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. കാസർകോഡ് മുസ്ലീംലീഗിൽ ഒരു സംസ്ഥാന നേതാവ് ഉൾപ്പെടെ നാല് പേരുടെ പേരുകളാണ് ഉയർന്നു വന്നത്. ജില്ലയിൽ സ്ഥാനാർത്ഥികളാവാൻ യോഗ്യതയുള്ള നിരവധി നേതാക്കളുണ്ടെങ്കിലും പുറത്ത് നിന്നും സംസ്ഥാന നേതാവിനെ രംഗത്തിറക്കാനുള്ള നീക്കത്തിനെതിരെ നേതാക്കൾക്കിടയിൽ എതിർപ്പും ഉയർന്നിട്ടുണ്ട്.
മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും മുസ്ലീംലീഗിൽ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. മഞ്ചേശ്വരത്ത് മാത്രമാണ് എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി എത്തിയതിൽ അതൃപ്തരായ ബിജെപി ജില്ലാ നേതൃത്വം നിസ്സഹകരണത്തിലാണ്. നേതൃ യോഗത്തിലടക്കം നേതാക്കൾ തമ്മിൽ വാക്‌പോര് നടന്നിരുന്നതായി വിവരങ്ങള്ളും പുറത്ത് വന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

