
അന്താരാഷ്ട്ര വനിതാ ദിനത്തിൽ തെരഞ്ഞെടുപ്പ് ഗാനം പുറത്തിറങ്ങുമ്പോൾ പറയാൻ ഏറെ പ്രത്യേകതകൾ ഉണ്ട്. അവർക്കൊപ്പം എന്ന് സർക്കാർ ഏറ്റ് പറയുക മാത്രമല്ല അവളിലൂടെയാണ് പത്ത് വർഷക്കാലത്തെ സംസ്ഥാനത്തിന്റെ വികസനം ജനങ്ങളിലേക്ക് എത്തിക്കുന്നതും. മലയാളികളുടെ പ്രിയ നടി ഭാവന അഭിനയിച്ച ഗാനത്തിൽ ഇടത്പക്ഷ സർക്കാർ ഭരിച്ച ഈ 10 വർഷക്കാലത്തിനുള്ളിൽ കേരളത്തിലുണ്ടായ നേട്ടങ്ങൾ കണ്ടുതന്നെ മനസ്സിലാക്കാൻ കഴിയും. ഭൂപ്രകൃതിയുടെ കാര്യത്തിൽ കേരളത്തെ വെല്ലാൻ മറ്റൊരു സംസ്ഥനമില്ലെന്നിരിക്കെ അത് സുഖമമായി തന്നെ കണ്ട് ആസ്വദിക്കാൻ ഇന്ന് ഇവിടുത്തെ ജനങ്ങൾക്ക് ഏറ്റവും നല്ല റോഡുകൾ ഉണ്ടെന്നത് പ്രാധാന്യമർഹിക്കുന്ന ഒരു മുന്നേറ്റമാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സഞ്ചാര യോഗ്യമായ റോഡുകൾ ഇന്ന് ഉണ്ട്.
കേരളത്തിന്റെ ഓരോ കോണിലും പത്ത് വർഷത്തിനിപ്പുറം കേരളത്തിലേക്ക് നോക്കുമ്പോൾ നാടിന്റെ വികസനം മാത്രമല്ല ജീവിതത്തിൽ പുരോഗതി കൈവരിച്ച് സ്വയംപര്യാപ്തരായ മനുഷ്യരെയും കാണാം. സർക്കാരിന്റെ പദ്ധതികളിൽ ഏറ്റവും കൂടുതൽ ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ ഒന്നായിരുന്നു ക്ഷേമ പെൻഷൻ വർധിപ്പിച്ചത്. 1600-ൽ നിന്നിരുന്ന പെൻഷൻ 2000-ത്തിലേക്ക് ഉയർത്തിയതോടെ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങളെക്കൂടി സർക്കാർ ചേർത്തു നിർത്തുകയായിരുന്നു. തോട്ടപ്പള്ളി നാലു ചിറ പാലം, കേരളത്തിന്റെ സ്വന്തം വാട്ടർമെട്രോ, പൊതു ജനാരോഗ്യത്തിന് ഊന്നൽ നൽകികൊണ്ട് ആരോഗ്യ മേഖല കൈവരിച്ച വികസനങ്ങൾ, സ്മാർട്ടായി പുരോഗമിക്കുന്ന കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല, ലൈഫ് മിഷൻ പദ്ധതി, കാർഷിക രംഗത്തുണ്ടായ മുന്നേറ്റം, വികസന കുതിപ്പിൽ മുന്നേറുന്ന കെഎസ് ആർടിസി, സ്ത്രീ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പിങ്ക് പൊലീസ്, ഇങ്ങനെ എൽഡിഎഫ് സർക്കാർ കേരളത്തിന്റെ മുഖച്ഛായ ഒന്നാകെ മാറ്റിയ വികസനങ്ങൾ അതേപടി വീഡിയോയിൽ ഒപ്പി എടുത്തിട്ടുണ്ട്.
ലോക നിലവാരത്തിൽ കേരളത്തെ ഉയർത്തി കൊണ്ടു വന്ന ഈ സർക്കാർ ഇനിയും തുടരുമെന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ വെളിവാകുന്നത്. ഒരു ബൈക്ക് യാത്രികയുടെ കാഴ്ച്ചകളിലൂടെ കേരളം പത്ത് വർഷം കൊണ്ട് എത്രയേറെ മാറി എന്ന് ഈ വീഡിയോ കാണിച്ചു തരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

