ഇടുക്കി ജില്ലയുടെ വികസനകാര്യത്തില്‍ ഒപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍; മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയുടെ വികസനകാര്യത്തില്‍ നാടിനോട് ചേര്‍ന്നു നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കിയില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനമാറ്റങ്ങളെ ജനപക്ഷത്ത് എത്തിക്കുന്നതിന് മേള വഴി കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.

ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിഞ്ഞ സര്‍ക്കാരാണിത്. സമാനതകളില്ലാത്ത വളര്‍ച്ചയാണ് വികസനകാര്യത്തില്‍ സംഭവിക്കുന്നത്. മലയോര മേഖലയായ ഇടുക്കി ജില്ലയുടെ വികസനകാര്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണ നാടിന്റെ താല്‍പര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ ലോകത്തിന് തന്നെ മാതൃകയാക്കാനാവുന്ന പദ്ധതിയാണെന്നും ജില്ലയില്‍ മാത്രം 16,944 വീടുകള്‍ ജില്ലയില്‍ നിര്‍മിച്ചു കൊടുക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ ഷികത്തോടനുബന്ധിച്ചയിരുന്നു ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള സംഘടിപ്പിച്ചത്. വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടന്ന മേളയില്‍ വലിയ ജന പങ്കാളിത്തമാണ് ഉണ്ടായത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, കുടുംബശ്രീ ഫുഡ് കോര്‍ണര്‍, കലാ പരിപാടികള്‍ അടക്കം വിപുലമായ സംവിധാനങ്ങള്‍ മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. വിളംബരഘോഷയാത്രയിലെ മികച്ച പങ്കാളിത്തം, പ്രദര്‍ശന മേളയിലെ മികച്ച സ്റ്റാളുകള്‍ എന്നിവക്കുള്ള പുരസ്‌കാരം എന്നിവ മന്ത്രി സമാപന സമ്മേളനത്തില്‍ സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here