
നിലമ്പൂർ: തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിച്ച് ജനങ്ങളെ മതപരമായി ചേരിതിരിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ‘സമാധാനത്തിന് മതനിരപേക്ഷ നിലമ്പൂർ’ എന്ന മുദ്രാവാക്യമുയർത്തി 50 കേന്ദ്രങ്ങളിൽ അരലക്ഷം പേരെ അണിനിരത്തി എൽഡിഎഫ് 16ന് മഹാകുടുംബ സദസുകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ആയിരം സ്‌ക്വാഡുകൾ വെള്ളി,ശനി ദിവസങ്ങളിൽ മണ്ഡലത്തിൽ ഗൃഹസന്ദശനം നടത്തുമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെ മഹത്വവൽക്കാരിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കം അത്യന്തം ആപത്‌കരമാണ്. പ്രതിപക്ഷ നേതാവാണ് അതിന് തുടക്കം കുറിച്ചത്. ഒറ്റപ്പെട്ട പ്രസ്‌താവനയല്ല, കെപിസിസി പ്രസിഡന്റും മറ്റു നേതാക്കളും ഒന്നാകെ ന്യായീകരിച്ചും മഹത്വവൽക്കരിച്ചും രംഗത്തുവന്നു വർഗീയവൽക്കരണം ലക്ഷ്യമിട്ട് ജമാഅത്തെ – യുഡിഎഫ് സ്‌ക്വാഡുകൾ മണ്ഡലത്തിൽ പ്രചരണമാരംഭിച്ചു. ഇത് സമൂഹത്തെ വർഗീയവൽക്കരണ പ്രക്രിയക്ക് ആക്കംകൂട്ടും.
Also Read: ജമാഅത്ത്- യു ഡി എഫ് അവിശുദ്ധ ബന്ധം തള്ളി മുസ്ലിം സമുദായം
തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ സമരമാണ്. ആശയപ്രചരണത്തിലൂടെ നേരിടണം. പകരം മത വൽക്കരിച്ച് യുഡിഎഫ് ദിശ മാറ്റുകയാണ്. എൽഡിഎഫ് സ്ഥാനാർഥിക്ക് കിട്ടുന്ന പൊതുസ്വീകാര്യത ഭയന്നാണ് യുഡിഎഫ് നീക്കം. മുന്നണി താരതമ്യത്തിൽ യുഡിഎഫ് പിന്നാക്കം പോയതാണ് അപകടകരമായ തീവ്രവർഗീയതുടെ രാഷ്‌ട്രീയകളിക്ക് യുഡിഎഫിനെ പ്രേരിപ്പിച്ച ഘടകം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അപകടകരമായ രാഷ്‌ട്രീയ ബാന്ധവത്തിലേക്ക് യുഡിഎഫ് നീങ്ങുന്നതിന്റെ ഡ്രസ് റിഹേഴ്‌സലാണീ നീക്കം. നിലമ്പൂരിനെ അതിന്റെ പ്രയോഗശാലയാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമം. ഇതിനെതിരെ മതസാമുദായിക സംഘടനകൾ രംഗത്തെത്തിയത് ആശ്വാസകരമാണ്. കാര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാനും അപകടകരമായ വർഗീയ രാഷ്‌ട്രീയത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്താൻ സമസ്‌ത ഇ കെ – എപി വിഭാഗങ്ങളുടെയും മുജാഹിദ് സംഘടനയുടെയും നേതാക്കൾ രംഗത്തെത്തി. എന്നാൽ നാട് നശിച്ചാലും സാരമില്ലഅധികാരം മതി എന്നതാണ് യുഡിഎഫ് നയമെന്നും വിജയരാഘവൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here