സ്‌മാർട്ട് റോഡുകൾ മുതൽ അതിവേഗ റെയിൽപ്പാത വരെ; എൽഡിഎഫ്‌ പ്രകടനപത്രികയിലെ ഗതാ​ഗത മേഖലയെ പരിപോഷിപ്പിക്കുന്ന പരിപാടികൾ ഇതാ

LDF MANIFESTO

നവകേരള പൂർത്തീകരണത്തിനായി ജനവിധി തേടുന്ന എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തതോടെ കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ്‌ ജനങ്ങളുടെ മുന്നിലേക്ക് വന്നിരിക്കുന്നത്. ഗതാ​ഗത മേഖലയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പരിപാടികളാണ് എൽഡിഎഫ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഡിസൈൻഡ് സ്‌മാർട്ട് റോഡുകൾ, അതിവേഗ റെയിൽപ്പാത, റെയിൽ ഗതാഗത ശൃംഖല, KSRTC പ്രവർത്തന ലാഭത്തിലാക്കുന്നതിനുള്ള പദ്ധതികൾ, ജലഗതാഗത പാതകളും വാട്ടർ മെട്രോയും കൂടുതൽ വളർത്താനുള്ള പദ്ധതികൾ, വിമാനത്താവളങ്ങളും തുറമുഖങ്ങളും നവീകരണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ ആണ് മുന്നോട്ടുവച്ചിരിക്കുന്നത്.

2016-17 ന് മുമ്പ് ബിഎം&ബിസി റോഡുകൾ ഉണ്ടായിരുന്നില്ലായെന്നു പറയാം. എന്നാൽ ഇന്ന് ഏതാണ്ട് 30000 കിലോ മീറ്റർ പിഡബ്ല്യുഡി റോഡ് ഉള്ളതിൽ ഏതാണ്ട് 60 ശതമാനം ബിഎം&ബിസി ആയിക്കഴിഞ്ഞു. ബാക്കിയുള്ളവ കൂടി നവീകരിക്കും. പ്രധാനപ്പെട്ട എല്ലാ പട്ടണങ്ങൾക്കും ബൈപ്പാസ് നിർമ്മിക്കും. റെയിൽവേ ലെവൽക്രോസിംഗുകൾ ഇല്ലാത്തൊരു സംസ്ഥാനമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ മാറ്റും. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട ഗ്രീൻ ഫീൽഡ്, കോ ഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത എന്നിവ പൂർത്തീകരിക്കും. മറ്റു ദേശീയപാതകളുടെ നിർമ്മാണങ്ങളും പൂർത്തീകരിക്കും. പുതിയതായി നിർമ്മിക്കുന്ന റോഡുകളെല്ലാം ഡിസൈൻഡ് റോഡുകളും സ്മാർട്ട് റോ ഡുകളുമായിരിക്കും.

അതിവേഗ തെക്ക്-വടക്ക് റെയിൽപാ തയ്ക്ക് വേണ്ടിയുള്ള പരിശ്രമം തുടരും. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പിലാക്കും.
റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം പോലുള്ള സംവിധാനങ്ങൾ നഗരമെട്രോയുടെയും പരമ്പരാഗത ദീർഘദൂര റെയിലിൻ്റെയും ഇടയിലുള്ള വിടവ് നികത്താൻ സഹായിക്കും. അങ്കമാലി – എരുമേലി ശബരി പാത സമയബന്ധിതമായി പൂർത്തീകരിക്കാൻ മുൻകൈയെടുക്കും. തലശ്ശേരി – മൈസൂർ, നിലമ്പൂർ – നഞ്ചങ്കോട് എന്നീ പാതകൾ അനുവദിക്കുന്നതിനുള്ള സമ്മർദം ശക്തിപ്പെടുത്തും.

കെഎസ്ആർടിസിയിൽ വരുമാനം വർധിപ്പിക്കുന്നതിന് ഇന്ന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനും, E ബ്രേക്ക് ഡൗൺ റേറ്റ് കുറയ്ക്കുന്നതിനും, ഫ്ളീറ്റ് യൂട്ടിലൈസേഷൻ ഉയർത്തുന്നതിനും ഉള്ള നടപടികൾ ശക്തിപ്പെടുത്തും. KSRTC-ക്ക് ബജറ്റിൽ നിന്ന് നൽകുന്ന പിന്തുണ തുടരും. പൊതു ഗതാഗത സം വിധാനത്തിന്റെ അവിഭാജ്യ ഭാഗമായിരിക്കും KSRTC. ശമ്പളവും പെൻഷനും കാലോചിതമായി പരിഷ്‌കരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിജ്ഞാബദ്ധമാണ്.

അടുത്ത 5 വർഷത്തിനുള്ളതിൽ ദേശീയ ജലപാതയുടെ നിർമ്മാണം പൂർത്തീകരിക്കുകയും ഗതാഗതയോഗ്യമാക്കുകയും ചെയ്യും. ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഉൾനാടൻ ജലഗതാഗത സംവിധാനം ശക്തിപ്പെടുത്തും. കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ തുടങ്ങി മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കും.

കണ്ണൂർ വിമാനത്താവളത്തിന് ‘ഇൻ്റർനാഷണൽ പോർട്ട് ഓഫ് കാൾ’ പദവി ഉറപ്പുവരുത്തും. കോഴിക്കോട് വിമാനത്താവള നവീകരണത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കും. ഇടുക്കി എയർസ്ട്രിപ്പ് വികസിപ്പിക്കും. വയനാട് എയർസ്ട്രിപ്പ് നിർമ്മിക്കും. വിഴിഞ്ഞം രണ്ടാംഘട്ടം പൂർത്തീകരിക്കും. കൊല്ലം, പൊന്നാനി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ നവീകരിക്കും. തീരദേശ ക്രൂയിസിനും, ചരക്കു ഗതാഗതത്തിനും ഇവ ഉത്തേജകമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News