ആദിവാസി യുവതിയെ ലീഗ് നേതാവ് മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

വയനാട്‌ പനമരം പരക്കുനി ആദിവാസി കോളനിയിലെ യുവതിയെ ലീഗ്‌ നേതാവ്‌ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ്‌ കേസെടുത്തു.സംഭവത്തിൽ അടിയന്തിര നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. കാപ്പിക്കുരു ശേഖരിക്കുന്ന ജോലിക്കായി കുടകിൽ കൊണ്ടുപോയ സന്ധ്യയെ അവിടെ വെച്ച്‌ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നതാണ് പരാതി. ഷൂവിട്ട്‌ വയറ്റിൽ ചവിട്ടുകയും തലക്കും മുഖത്തും അടിക്കുകയും ചെയ്‌തുവെന്ന് യുവതി പറയുന്നു. കരാറുകാരനായ പ്രദേശത്തെ ലീഗ്‌ നേതാവാണ്‌ മർദ്ദിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്‌.

ജോലിക്കായി കൊണ്ടുപോയ ആദിവാസി പെൺകുട്ടികളെയും മറ്റുചിലരെയും മോശം സാഹചര്യത്തിൽ സന്ധ്യ കണ്ടിരുന്നു. ഇത്‌ സംബന്ധിച്ച്‌ പെൺകുട്ടികളുൾപ്പെടെയുള്ളവരോട്‌ സംസാരിച്ചു. ഇതിന്റെ പ്രതികാരമായിട്ടാകാം തന്നെ മർദിച്ചതെന്നാണ്‌ കരുതുന്നതെന്നും യുവതി പറഞ്ഞു.

ഭയംകൊണ്ട്‌ വീട്ടുകാരോടും ഡോക്ടറോടും സന്ധ്യ ആദ്യം മർദനമേറ്റകാര്യം പറഞ്ഞിരുന്നില്ല. കുടകിൽ ഒപ്പമുണ്ടായിരുന്ന നാലുവയസ്സുകാരി മകളാണ്‌ അമ്മയെ മർദിച്ച വിവരം ബന്ധുക്കളോട്‌ പറഞ്ഞത്‌. ബന്ധുക്കൾ പനമരം ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും വിവരം അറിയിച്ചു. ആശുപത്രിയിൽനിന്ന്‌ ഇന്റിമേഷൻ അയക്കുകയും പൊലീസ്‌ യുവതിയുടെ മൊഴിയെടുക്കുകയും ചെയ്‌തു.

രണ്ടാഴ്‌ചയോളം ജോലിസ്ഥലത്തെ മുറിയിൽ അവശനിലയിൽ കിടന്ന യുവതി ഒടുവിൽ നാട്ടിലെത്തിയാണ്‌ ചികിത്സതേടിയത്‌.പനമരം കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ മൂന്ന്‌ ദിവസം അഡ്‌മിറ്റായ സന്ധ്യ ഡിസ്‌ചാർജായി വീട്ടിലെത്തിയെങ്കിലും നടക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയിലാണ്‌. വിദഗ്‌ധ ചികിത്സ വേണമെന്നാണ്‌ ഡോക്ടർ നിർദേശിച്ചിട്ടുള്ളത്‌. യുവതിക്ക് ശ്വാസതടസ്സം ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here